ഗസ്സ: ഭക്ഷണം വാങ്ങുന്ന സ്ഥലത്തുണ്ടായ തിക്കിലും തിരക്കിനുമിടെ ഗസ്സയിൽ മൂന്ന് പേർ കൊല്ലപ്പെട്ടു. നിരവധി പേർക്ക് പരിക്കേറ്റു. ഇസ്രായേൽ-യു.എസ് സംഘടനയുടെ നേതൃത്വത്തിലുള്ള ഭക്ഷണവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്കുമുണ്ടായത്. ഭക്ഷണം വാങ്ങാനെത്തിയ ആളുകൾക്ക് നേരെ ഇസ്രായേൽ വെടിവെക്കുകയായിരുന്നുവെന്നാണ് റിപ്പോർട്ട്. ഇതാണ് ദുരന്തത്തിന് വഴിവെച്ചത്.
ഗസ്സ ഹ്യുമാനിറ്റേറിയൽ ഫൗണ്ടേഷന്റെ ഭക്ഷണവിതരണ കേന്ദ്രത്തിലാണ് തിക്കും തിരക്കുമുണ്ടായത്. ആയിരങ്ങളാണ് ഭക്ഷണം വാങ്ങാനായി ഇവിടെ എത്തിയത്. ഞങ്ങൾ പട്ടിണി മൂലം മരിക്കുകയാണ്. ഞങ്ങൾക്ക് കുട്ടികൾക്ക് ഭക്ഷണം നൽകണം. കുട്ടികൾക്ക് ഭക്ഷണം നൽകാനായി ഞങ്ങൾക്ക് മുന്നിൽ മറ്റ് വഴികളില്ലെന്നും ഭക്ഷണം വാങ്ങാനെത്തിയവരിൽ ഒരാൾ അൽ ജസീറയോട് പ്രതികരിച്ചു.
ആളുകൾ ഓടിയപ്പോൾ അവർക്കൊപ്പം ഓടുകയായിരുന്നു. ഭയം പട്ടിണിയേക്കാൾ വലിയ പ്രശ്നമല്ലെന്നാണ് അപ്പോൾ തോന്നിയതെന്നും അദ്ദേഹം പറഞ്ഞു. അതേസമയം, ഫലസ്തീൻ പൗരൻമാർക്ക് നേരെ വെടിവെച്ചിട്ടില്ലെന്നാണ് ഇസ്രായേൽ സൈന്യം വിശദീകരിക്കുന്നത്. ജനങ്ങൾക്ക് മുന്നറിയിപ്പ് നൽകാനാണ് വെടിവെച്ചതെന്നാണ് ഇസ്രായേൽ സൈന്യം അറിയിക്കുന്നത്.
ആയിരക്കണക്കിനാളുകൾ ഭക്ഷണവിതരണ സ്ഥലത്തേക്ക് പോവുന്നത് ഹൃദയഭേദകമായ കാഴ്ചയാണെന്നായിരുന്നു ദുരന്തത്തിന് പിന്നാലെ യു.എൻ വക്താവ് സ്റ്റീഫൻ ദുജാറിക്കിന്റെ പ്രതികരണം. കണക്കുകൾ പ്രകാരം ഗസ്സയിലെ 1.95 മില്യൺ ആളുകൾ വലിയ പട്ടിണിയെ നേരിടുകയാണ്. മുനമ്പിലെ ആകെ ജനസംഖ്യയുടെ 93 ശതമാനം വരുമിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.