ഗസ്സ സിറ്റി: ഗസ്സ മുനമ്പിനെ ചോരയിൽ മുക്കി ഇസ്രായേൽ വ്യോമാക്രമണം. 413 പേരാണ് ഗസ്സയിൽ കൊല്ലപ്പെട്ടത്. നൂറുകണക്കിന് കെട്ടിടങ്ങൾ തകർന്നു. ഇസ്രയേലിലെ ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ടവരുടെ എണ്ണം 700 പിന്നിട്ടു. മേഖലയിൽ ഏറ്റുമുട്ടൽ തുടരുകയാണ്. ഗസ്സ അതിർത്തിയിൽ ലക്ഷം സൈനികരെ വിന്യസിപ്പിക്കാൻ ഇസ്രായേൽ നീക്കം തുടങ്ങി. ലബനാനിലെ ഹിസ്ബുല്ല ഇസ്രായേലിന് നേരെ ഷെല്ലാക്രമണം നടത്തിയ പശ്ചാത്തലത്തിൽ ഏറ്റുമുട്ടൽ കൂടുതൽ മേഖലകളിലേക്ക് വ്യാപിക്കുമോയെന്ന ആശങ്കയും നിലനിൽക്കുന്നു.
ഫലസ്തീനിയൻ ആരോഗ്യ മന്ത്രാലയത്തിന്‍റെ കണക്കനുസരിച്ച് ഗസ്സയിലെ ഇസ്രായേൽ ആക്രമണത്തിൽ 413 പേരാണ് കൊല്ലപ്പെട്ടത്. ഇതിൽ 20 കുഞ്ഞുങ്ങളും ഉൾപ്പെടുന്നു. 2,200ഓളം ഫലസ്തീനികൾക്ക് പരിക്കേറ്റു. ഗസ്സയിലെ 426 സ്ഥലങ്ങളിലാണ് ഇസ്രായേൽ കനത്ത വ്യോമാക്രമണം നടത്തിയത്. ആക്രമണത്തിൽ ഗസ്സയിലെ പാർപ്പിടസമുച്ചയങ്ങളും പള്ളിയും അടക്കം കെട്ടിടങ്ങൾ നിലംപൊത്തി.
ഹമാസിന്‍റെ ആക്രമണത്തിൽ 700 ഇസ്രായേലികൾ കൊല്ലപ്പെട്ടതായി പ്രാദേശിക മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. 2243 പേർക്ക് പരിക്കേറ്റതായും 750ഓളം പേരെ കാൺമാനില്ലെന്നുമാണ് ഇസ്രായേലി മാധ്യമങ്ങളുടെ റിപ്പോർട്ട്.
ഇസ്രായേലിലെ അഷ്കലോണിൽ ഹമാസിന്‍റെ ഷെല്ലാക്രമണത്തിൽ മലയാളി യുവതിക്ക് പരിക്കേറ്റു. പയ്യാവൂർ പൈസക്കരിയിലെ ആനന്ദിന്റെ ഭാര്യ കൊട്ടയാടൻ ഷീജ (41) ക്കാണ് പരിക്കേറ്റത്. ഹോംനഴ്സായ ഇവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു.
ഗസ്സയിൽ 1.23 ലക്ഷം പേർ അഭയാർഥികളായതായി യു.എൻ മനുഷ്യാവകാശ സംഘടന പറഞ്ഞു. വീടുകളും മറ്റ് താമസകേന്ദ്രങ്ങളും ഇസ്രായേൽ ആക്രമണത്തിൽ തകർന്നതോടെയാണിത്. 159 പാർപ്പിട സമുച്ചയങ്ങൾ ഇസ്രായേൽ തകർത്തുവെന്നാണ് കണക്ക്. 1210 പാർപ്പിട സമുച്ചയങ്ങൾക്ക് സാരമായ തകരാർ സംഭവിച്ചു.
രക്തരൂക്ഷിതമായ പോരാട്ടം തുടരവേ, ഇസ്രായേലിന് പിന്തുണയുമായി മേഖലയിലേക്ക് പടക്കപ്പലുകളും പോർവിമാനങ്ങളും അയക്കാൻ യു.എസ് തീരുമാനിച്ചു. മെഡിറ്ററേനിയൻ കടലിലുള്ള യുദ്ധക്കപ്പലുകൾ ഇസ്രായേലിനോട് അടുത്ത് കിഴക്കൻ തീരത്തേക്ക് നീങ്ങുമെന്ന് യു.എസ് പ്രതിരോധ സെക്രട്ടറി ലോയ്ഡ് ഓസ്റ്റിൻ പറഞ്ഞു. ഇസ്രായേലിനോടുള്ള അമേരിക്കയുടെ അചഞ്ചലമായ പിന്തുണ അടിവരയിടുന്നതാണ് ഈ തീരുമാനമെന്നും അദ്ദേഹം പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.