കാബൂൾ: അഫ്ഗാനിലെ സാംസ്കാരിക മുഖമായിരുന്ന ഒടുവിലത്തെ സിനിമ തിയേറ്ററും ഇടിച്ചു നിരത്തി ഷോപ്പിങ് മാൾ നിർമിക്കുന്നു. 1960 മുതൽ വിവിധ ഭരണകാലങ്ങളിലും രണ്ടുവട്ടം താലിബാൻ രാജ്യത്ത് ഭരണം പിടിച്ച കാലത്തും കാബൂളിന്റെ സാംസ്കാരിക-കലാ പാരമ്പര്യത്തിന്റെ ഭാഗമായിരുന്ന തിയേറ്ററാണ് ഒടുവിൽ താലിബാൻ ഇടിച്ചുനിരത്തുന്നത്.
2021 മുതൽ പ്രൊപ്പഗാൻഡ ചിത്രങ്ങൾ മാത്രം പ്രദർശിപ്പിക്കാനായി തിയേറ്റർ നിലനിത്തുകയായിരുന്നു. എന്നാൽ ഭൂമി സാമ്പത്തിക നേട്ടങ്ങൾക്കായി ഉപയോഗിക്കുന്നതിന്റെ ഭാഗമായാണ് താലിബാൻ തിയേറ്റർ ഇടിച്ചു നിരത്തിയത്. ഇവിടെ എട്ടു നിലകളുള്ള പുതിയ ഷോപ്പിങ് മാളാണ് നിർമിക്കാൻ തുടങ്ങുന്നത്.
1960 ൽ ആരംഭിച്ച ഈ തിയേറ്ററിലായിരുന്നു ബോളിവുഡ് സിനിമകൾ ജനപ്രിയമായി പ്രദർശിപ്പിച്ചിരുന്നത്. അക്കാലത്ത് സെൻട്രൽ ഏഷ്യയിലെ പാരീസ് എന്നായിരുന്നു കാബൂൾ അറിയപ്പെട്ടിരുന്നത്.
35 ലക്ഷം ഡോളർ ചെലവിൽ 300 കടകളുള്ള ഷോപ്പിങ് മാളിൽ റസ്റ്റോറന്റുകളും പള്ളിയും ഉണ്ടാകുമെന്ന് കാബൂൾ മുനിസിപ്പാലിറ്റി അറിയിപ്പിൽ പറയുന്നു. രാജ്യത്ത് ഇപ്പോൾ വിദേശ ഉപരോധമുള്ളതിനാൽ സാമ്പത്തിക സഹായമോ മറ്റു രാജ്യങ്ങളിൽ നിന്നുള്ള നിക്ഷേപങ്ങളോ ലഭിക്കുന്നില്ല. അതിനാൽ ഭൂമി ബിസിനസ് താൽപര്യമുള്ളവർക്ക് നൽകുകയാണിപ്പോൾ താലിബാൻ. അതേസമയം രാജ്യം വിട്ടുപോയ പലരും തിരിച്ചുവരുന്നതോടെ രാജ്യം സാമ്പത്തികപ്രതിസന്ധി നേരിടുകയാണ്.
അതേസമയം സിനിമാ ഹാളിലെ ഉപകരണങ്ങളും മറ്റും നശിപ്പിക്കില്ല. ഇത് പിന്നീട് ഉപയോഗിക്കാവുന്ന തരത്തിൽ സൂക്ഷിക്കുമെന്നും അധികൃതർ പറയുന്നു. എന്നാൽ സിനിമ ഇല്ലാത്തതിനാൽ കെട്ടിടം ഉപയോഗശൂന്യമാകുന്നത് തടയാനാണ് പുതിയ മാൾ നിർമിക്കുന്നതെന്നും അവർ പറയുന്നു.
രാജ്യത്തെ ദേശീയ ചാനലുകൾ വിദേശ സീരിയലുകൾ പ്രക്ഷേപണം ചെയ്യുന്നതിന് വിലക്കേർപ്പെടുത്തി. യുട്യൂബിൽ വീഡിയോകൾ അപ്ലോഡ് ചെയ്യുന്നതും വിലക്കിയിട്ടുണ്ട്. ബ്രിട്ടീഷ് ടെലിവിഷൻ ഡ്രാമ ആയ ‘പീക്കി ബ്ലൈൻഡേഴ്സി’ലെ കഥാപാത്രത്തിന്റെ വേഷമണിഞ്ഞ് പൊതുനിരത്തിൽ പ്രത്യക്ഷപ്പെട്ട നാല് യുവാക്കളെ ഗവൺമെന്റ് കസ്റ്റഡിയിലെടുത്തു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.