‘അരുണാചലിൽ ചൈന കണ്ണുവെച്ചിട്ടുണ്ട്’; സംഘർഷ സാധ്യതയെന്ന് പെന്റഗൺ റിപ്പോർട്ട്‌

ന്യൂഡൽഹി: സ്വാതന്ത്ര്യാനന്തരം ഇന്ത്യയും ചൈനയും തമ്മിൽ നിരവധി തവണ അതിർത്തി തർക്കവുമായി ബന്ധപ്പെട്ട് സംഘർഷങ്ങളുണ്ടായിട്ടുണ്ട്. വടക്ക് ലഡാക്ക് മുതൽ കിഴക്ക് അരുണാചൽ പ്രദേശ് വരെ നീണ്ടുകിടക്കുന്ന അതിർത്തി മേഖലയിൽ പലപ്പോഴായി സൈനിക സംഘർഷവും ഇക്കാലയളവിൽ ഉണ്ടായി. ലഡാക്കിലെ യഥാർഥ നിയന്ത്രണ രേഖയിൽ ഏറെനാളത്തെ ചർച്ചകൾക്കൊടുപവിൽ സമാധാനം പുനഃസ്ഥാപിക്കാനായെങ്കിലും അരുണാചലിലെ തർക്കം പരിഹരിക്കാനായിട്ടില്ല. അരുണാചൽ പ്രദേശ് സംഘർഷ മേഖലയായി ഉയർന്നുവരാൻ സാധ്യതയുണ്ടെന്ന് യു.എസ് പ്രതിരോധ ആസ്ഥാനമായ പെന്റഗണിന്‍റെ റിപ്പോർട്ട് കൂടി വന്നതോടെ മേഖലയിലെ സമാധാനം വീണ്ടും ആശങ്കയിലാകുകയാണ്.

അരുണാചൽ പ്രദേശിന് മേൽ ചൈന അവകാശവാദം ഉന്നയിച്ചിട്ടുണ്ടെന്നാണ് യു.എസ് കോൺഗ്രസിന് പെന്‍റഗൺ സമർപ്പിച്ച റിപ്പോർട്ടിൽ പറയുന്നത്. ചൈനയുടെ ഗ്രേറ്റ് റിജുവനേഷൻ പ്രോഗ്രാമിന്റെ ഭാഗമായി തായ്‌വാൻ, ദക്ഷിണ ചൈനാ കടലിലെ മറ്റ് പ്രാദേശിക പ്രദേശങ്ങൾക്കൊപ്പമാണ് അരുണാചൽ പ്രദേശും ഉൾപ്പെടുത്തിയിട്ടുള്ളത്. ആഗോളതലത്തിൽ പ്രവർത്തിക്കാനും പോരാടാനും വിജയിക്കാനും കഴിവുള്ള ലോകോത്തര സൈനികശക്തി രൂപപ്പെടുത്താനും ചൈന ലക്ഷ്യമിടുന്നു. മാസങ്ങളോളം നീണ്ട ശാന്തതയ്ക്ക് ശേഷം അടുത്തിടെ അരുണാചൽ പ്രദേശിൽ സംഘർഷങ്ങൾ ഉടലെടുത്തിട്ടുണ്ട്.

കഴിഞ്ഞ മാസം, ലണ്ടനിൽനിന്ന് ജപ്പാനിലേക്ക് യാത്ര ചെയ്യുകയായിരുന്ന പ്രേമ തോങ്ഡോക് എന്ന ഇന്ത്യൻ പൗരയെ ചൈനയിലെ ഷാങ്ഹായിലുള്ള പുഡോങ് വിമാനത്താവളത്തിൽ 18 മണിക്കൂർ തടഞ്ഞുവെച്ചത് വലിയ ചർച്ചയായിരുന്നു. ഇന്ത്യൻ പാസ്‌പോർട്ടിൽ ജനനസ്ഥലം അരുണാചൽ പ്രദേശ് എന്ന് രേഖപ്പെടുത്തിയതാണ് ഉദ്യോഗസ്ഥരെ ചൊടിപ്പിച്ചത്. പ്രേമയുടെ പാസ്‌പോർട്ട് അസാധുവാണെന്നായിരുന്നു ഉദ്യോഗസ്ഥരുടെ പ്രതികരണം. അരുണാചൽ ചൈനയുടെ ഭാഗമാണെന്നും ചൈനീസ് പാസ് പോർട്ടിന് അപേക്ഷിക്കാനും ഉദ്യോഗസ്ഥർ ആവശ്യപ്പെട്ടു. ഭക്ഷണവും മറ്റ് സൗകര്യങ്ങളും നിഷേധിക്കപ്പെട്ടുവെന്നും പ്രേമ ആരോപിച്ചു. ഒടുവിൽ ഷാങ്ഹായിലെ ഇന്ത്യൻ കോൺസുലേറ്റ് ഇടപെട്ടാണ് യുവതിയെ മോചിപ്പിച്ചത്.

അരുണാചൽ പ്രദേശ് ഇന്ത്യയുടെ അവിഭാജ്യ ഘടകമാണെന്ന് പരാമർശിച്ച പ്രേമയെ പിന്തുണച്ച് വിഡിയോ ചെയ്ത ഒരു യൂട്യൂബറെ ചൈന തടഞ്ഞുവച്ചതും വലിയ വിവാദമായി. അരുണാചൽ പ്രദേശ് തങ്ങളുടേതാണെന്ന് എക്കാലവും ചൈന അവകാശം ഉന്നയിച്ചിട്ടുണ്ട്. ദക്ഷിണ ടിബറ്റ് അല്ലെങ്കിൽ സാംഗ്നാൻ എന്നാണ് ഈ മേഖലയെ ചൈന വിശേഷിപ്പിക്കുന്നത്. 1914-ൽ ബ്രിട്ടീഷുകാർ വരച്ച മക്മോഹൻ രേഖ ചൈന അംഗീകരിക്കുന്നില്ല. അതിർത്തി നിർണയം ബ്രിട്ടനും അക്കാലത്ത് സ്വതന്ത്രമായിരുന്ന ടിബറ്റും അംഗീകരിച്ചിരുന്നു. മുഴുവൻ അരുണാചലും, പ്രത്യേകിച്ച് തവാങും, ചൈനക്ക് വളരെ പ്രധാനപ്പെട്ട പ്രദേശങ്ങളാണ്.

ആദ്യകാലങ്ങളിൽ തവാങിൽ മാത്രമാണ് ചൈന അവകാശം ഉന്നയിച്ചത്. പിന്നീട് സംസ്ഥാനം മുഴുവനായും അവകാശപ്പെട്ടു. അതിനുശേഷം, ഇന്ത്യക്ക് മേൽ സമ്മർദം ചെലുത്തുന്നതിനായി ഇടക്കിടെ അരുണാചലിലെ സ്ഥലങ്ങൾക്ക് പുതിയ പേരിട്ട് പട്ടിക പുറത്തുവിട്ടിരുന്നു. യു.എസ് ലഡാക്ക് സംബന്ധമായ വികസനങ്ങളെക്കുറിച്ച് വിശദമായി രേഖപ്പെടുത്തിയിട്ടുണ്ട്. എന്നാൽ അരുണാചൽ പ്രദേശിനെക്കുറിച്ച് നിശബ്ദമായിരുന്നു. അരുണാചൽ വിഷയത്തിൽ ഇന്ത്യക്കെതിരെ ചൈന നടത്തുന്ന ഭീഷണിപ്പെടുത്തലുകളും മറ്റ് തന്ത്രങ്ങളും യു.എസിന് നന്നായി അറിയാമെന്നാണ് ഉപ്പോൾ പുറത്തുവന്ന റിപ്പോർട്ടിൽ നിന്ന് വ്യക്തമാകുന്നതെന്ന് മുൻ നയതന്ത്രജ്ഞൻ മഹേഷ് സച്ച്‌ദേവ് വാർത്ത ഏജൻസിയായ എ.എൻ.ഐയോട് പറഞ്ഞു.

Tags:    
News Summary - China's claims on Arunachal now among its core interests: US report

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.