കിയവ്: നാലു വർഷത്തോളമായി തുടരുന്ന റഷ്യ-യുക്രെയ്ൻ യുദ്ധം അവസാനിപ്പിക്കാൻ ലക്ഷ്യമിട്ടുള്ള ചർച്ചകളിൽ പുരോഗതി. വ്യവസായ മേഖലകളുൾക്കൊള്ളുന്ന കിഴക്കൻ യുക്രെയ്ൻ പ്രവിശ്യകൾ, സപോറിഷ്യ ആണവ നിലയം എന്നിവയുടെ നിയന്ത്രണം ഒഴികെ സുപ്രധാന വിഷയങ്ങളിൽ ഇരുരാജ്യങ്ങളും ധാരണയിലെത്തിയതായി റിപ്പോർട്ടുകൾ പറയുന്നു. കഴിഞ്ഞ ദിവസങ്ങളിൽ േഫ്ലാറിഡയിൽ മാരത്തൺ ചർച്ചകൾക്കൊടുവിൽ യു.എസ് തയാറാക്കിയ 20 ഇന പദ്ധതി യുക്രെയ്ൻ അംഗീകരിച്ചതായാണ് റിപ്പോർട്ട്. യു.എസും യുക്രെയ്നും അംഗീകാരം നൽകിയ റിപ്പോർട്ട് റഷ്യ കൂടി പിന്തുണച്ചാൽ വെടിനിർത്തൽ പ്രാബല്യത്തിൽ വന്നേക്കും.
യുക്രെയ്ന്റെ പരമാധികാരം അംഗീകരിച്ചും യു.എസിന്റെയും നാറ്റോയുടെയും പിന്തുണ ഇനിയും തുടരുമെന്ന് ഉറപ്പുനൽകിയുമുള്ള പദ്ധതി പ്രകാരം റഷ്യ ആക്രമണം പൂർണമായി അവസാനിപ്പിക്കണം. ആക്രമണമുണ്ടായാൽ ആഗോള ഉപരോധങ്ങൾ പൂർണമായി പുനഃസ്ഥാപിക്കും. യുക്രെയ്ന് യൂറോപ്യൻ യൂനിയൻ അംഗത്വവും ഉറപ്പുനൽകുന്നുണ്ട്. അതിനിടെ, റഷ്യൻ തലസ്ഥാനമായ മോസ്കോയിൽ നടന്ന ബോംബ് സ്ഫോടനത്തിൽ രണ്ട് പൊലീസുകാരടക്കം മൂന്നുപേർ മരിച്ചു.
യെലിറ്റ്സ്കായ തെരുവിൽ പൊലീസ് വാഹനത്തിനു സമീപം സംശയകരമായ സാഹചര്യത്തിൽ കണ്ടെത്തിയ ആളെ പിടികൂടാൻ എത്തിയ പൊലീസുകാരാണ് കൊല്ലപ്പെട്ടത്. ഇവർ സമീപിച്ചയുടൻ പരിസരത്ത് ബോംബ് പൊട്ടിത്തെറിക്കുകയായിരുന്നു. സ്ഥലത്തുണ്ടായിരുന്ന ഒരാളും മരിച്ചു. തിങ്കളാഴ്ച മുതിർന്ന റഷ്യൻ സൈനിക ഉദ്യോഗസ്ഥൻ കൊല്ലപ്പെട്ടതിന് സമീപത്താണ് ബുധനാഴ്ച സ്ഫോടനം നടന്നത്. കാറിൽ സ്ഫോടക വസ്തു പൊട്ടിത്തെറിച്ച് ലഫ്. ജനറൽ ഫാനിൽ സർവാറോവ് ആണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.