ഡമസ്കസ്: സിറിയൻസേനയും മുൻ പ്രസിഡന്റ് ബശ്ശാറുൽ അസദിനെ അനുകൂലിക്കുന്നവരും തമ്മിലുള്ള ഏറ്റുമുട്ടലിൽ മരിച്ചവരുടെ എണ്ണം 1000 കവിഞ്ഞു. കൊല്ലപ്പെട്ടവരിൽ 745 പേരും സാധാരണക്കാരാണ്. ഇവരിൽ ഭൂരിഭാഗവും തൊട്ടടുത്തുനിന്ന് വെടിയേറ്റാണ് മരിച്ചത്. 125 സുരക്ഷ സൈനികർക്കും 148 അസദ് അനുകൂലികളായ സായുധ പോരാളികൾക്കും ഏറ്റുമുട്ടലിൽ ജീവൻ നഷ്ടപ്പെട്ടതായി ബ്രിട്ടൻ ആസ്ഥാനമായ സിറിയൻ മനുഷ്യാവകാശ നിരീക്ഷണ സംഘടന അറിയിച്ചു.
ഏറ്റുമുട്ടൽ നടക്കുന്ന ലതാക്കിയ മേഖലയിൽ വൈദ്യുതി, കുടിവെള്ള വിതരണം വിച്ഛേദിച്ചിരിക്കുകയാണ്. ആയിരക്കണക്കിന് കുടുംബങ്ങൾ സുരക്ഷിത സ്ഥലങ്ങളിലേക്ക് പലായനം ചെയ്തു. അസദ് അനുകൂലികളും ന്യൂനപക്ഷവുമായ അലവി വിഭാഗത്തിലുള്ളവരെ തെരഞ്ഞുപിടിച്ച് തെരുവിലും വീടുകളിൽ കയറിയും സേന വെടിവെച്ചുകൊല്ലുകയാണെന്ന് അസോസിയേറ്റഡ് പ്രസ് വാർത്ത ഏജൻസി റിപ്പോർട്ട് ചെയ്തു. അലവി വിഭാഗക്കാരുടെ വീടുകൾ കൊള്ളയടിക്കുകയും തീയിടുകയും ചെയ്തു. ഏറ്റവും രൂക്ഷമായ ഏറ്റുമുട്ടൽ നടക്കുന്ന തീരനഗരങ്ങളായ ബനിയാസിന്റെയും ജബലിഹിന്റെയും തെരുവുകളിൽ മൃതദേഹങ്ങൾ ചിതറിക്കിടക്കുകയാണെന്ന് ബനിയാസിൽനിന്ന് കുടുംബത്തോടൊപ്പം രക്ഷപ്പെട്ട 57കാരനായ അലി ഷെഹ പറഞ്ഞു. അസദ് ഭരണകൂടത്തിന്റെ കുറ്റകൃത്യങ്ങൾക്ക് പ്രതികാരമായാണ് അലവി വിഭാഗങ്ങളെ സേന കൊല്ലുന്നത്. അലവി വിഭാഗത്തിൽപെട്ട 20 ഓളം അയൽവാസികളെ സേന കൂട്ടക്കൊല ചെയ്തതായും അദ്ദേഹം കൂട്ടിച്ചേർത്തു.
അസദിനെ പുറത്താക്കി വിമതവിഭാഗമായ ഹൈഅത് തഹരീർ അശ്ശാം സിറിയൻ ഭരണം പിടിച്ചെടുത്ത് മൂന്ന് മാസങ്ങൾക്ക് ശേഷമാണ് പുതിയ ഏറ്റുമുട്ടൽ. തീരദേശനഗരമായ ജബലക്ക് സമീപം പിടികിട്ടാപ്പുള്ളിയെ സൈന്യം കസ്റ്റഡിയിലെടുക്കാൻ ശ്രമിച്ചതിനെത്തുടർന്ന് അസദ് അനുകൂലികൾ പതിയിരുന്ന് ആക്രമിച്ചതോടെയാണ് വെള്ളിയാഴ്ച ഏറ്റുമുട്ടലുകൾ ആരംഭിച്ചത്. 14 വർഷം മുമ്പ് നടന്ന ജനകീയ പ്രക്ഷോഭത്തിനുശേഷം ആദ്യമായാണ് ഇത്രയും രൂക്ഷമായ ഏറ്റുമുട്ടലിന് രാജ്യം സാക്ഷിയാവുന്നത്.
അസദ് അനുകൂലികളുടെ നിയന്ത്രണത്തിലായിരുന്ന തീരപ്രദേശങ്ങളിൽ ഭൂരിഭാഗവും സേന തിരിച്ചുപിടിച്ചതായി പ്രതിരോധ മന്ത്രാലയത്തിലെ രഹസ്യവൃത്തങ്ങൾ പറഞ്ഞു. ഏറ്റുമുട്ടൽ അവസാനിപ്പിക്കുന്നതിനായി തീരമേഖലകളിലേക്കുള്ള എല്ലാ റോഡുകളും അടച്ചതായും അദ്ദേഹം വ്യക്തമാക്കി. ജനങ്ങൾ രക്ഷതേടി സിറിയയിൽനിന്ന് ലബനാനിലേക്ക് പലായനം ചെയ്യുകയാണെന്ന് സിറിയൻ പാർലമെന്റിലെ അലവി വിഭാഗത്തിൽനിന്നുള്ള അംഗമായ ഹൈദർ നാസർ അറിയിച്ചു. നിരവധി പേർ ഹുമൈമിലെ റഷ്യൻ വ്യോമതാവളത്തിൽ അഭയം തേടിയിരിക്കുകയാണ്. അലവി വിഭാഗങ്ങളുടെ രക്ഷക്ക് അന്താരാഷ്ട്ര സമൂഹം രംഗത്തുവരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
സിറിയയിലെ ഏറ്റുമുട്ടലിനെ അപലപിച്ച ഫ്രാൻസ്, സാധാരണക്കാർക്ക് നേരെയുള്ള ആക്രമണങ്ങളിൽ കടുത്ത ആശങ്ക പ്രകടിപ്പിച്ചു. ആക്രമണങ്ങളെക്കുറിച്ച് സ്വതന്ത്രമായ അന്വേഷണം നടത്താൻ സിറിയയിലെ ഇടക്കാല ഭരണകൂടം തയാറാകണമെന്നും ഫ്രഞ്ച് വിദേശകാര്യ മന്ത്രാലയം ആവശ്യപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.