ഇന്തോനേഷ്യയിൽ പ്രളയത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 417 ആയി; നൂറു കണക്കിനാളുകളെ കണാനില്ല

ജക്കാർത്ത: ഇന്തോനേഷ്യയിലെ സുമാത്ര ദ്വീപിലെ വെള്ളപ്പൊക്കത്തിലും മണ്ണിടിച്ചിലിലും മരിച്ചവരുടെ എണ്ണം 417 ആയി. അതിതീവ്ര മഴ തുടരുന്ന ഇന്തോനേഷ്യ, തായ്‌ലൻഡ്, മലേഷ്യ എന്നിവിടങ്ങളിൽ തിരച്ചിൽ രക്ഷാപ്രവർത്തനങ്ങൾ തുടരുകയാണ്. നൂറുകണക്കിന് ആളുകളെ ഇപ്പോഴും കാണാനില്ല ഒഴിപ്പിക്കൽ ശ്രമങ്ങൾ പുരോഗമിക്കുന്നതായാണ് റിപ്പോർട്ട്. ദ്വീപിലെ പ്രധാന റോഡുകൾ വി​ച്ഛേദിക്കപ്പെട്ടു. ഇന്റർനെറ്റും വൈദ്യുതിയും ഭാഗികമായി മാത്രമേ ഉള്ളൂ.

ഉഷ്ണമേഖലാ കൊടുങ്കാറ്റുകൾ മൂലം രൂക്ഷമായ മഴക്കാലം തെക്കുകിഴക്കൻ ഏഷ്യയിലുടനീളം വർഷങ്ങളായി ഉണ്ടായ ഏറ്റവും വലിയ വെള്ളപ്പൊക്കത്തിന് വഴിവെച്ചു.  മലേഷ്യയിലും തായ്‌ലൻഡിലും നൂറുകണക്കിന് പേർ മരിക്കുകയും കാണാതാവുകയും ചെയ്തു.  ദശലക്ഷക്കണക്കിന് പേർ വീടുകളിൽ നിന്ന് കുടിയിറക്കപ്പെട്ടു.

തായ്‌ലൻഡിൽ നിലവിൽ 170 പേർ മരിച്ചതായാണ് ഔദ്യോഗിക കണക്ക്. ശ്രീലങ്കയിൽ വെള്ളപ്പൊക്കത്തിനും മണ്ണിടിച്ചിലിനും കാരണമായ കഠിന കാലാവസ്ഥയിൽ 160 തോളം പേർ മരിച്ചു. 

ഇന്തോനേഷ്യയിൽ വളരെ അപൂർവമായ ഒരു ഉഷ്ണമേഖലാ കൊടുങ്കാറ്റായ സൈക്ലോൺ ‘സെൻയാർ’ ആണ് മണ്ണിടിച്ചിലിനും വെള്ളപ്പൊക്കത്തിനും കാരണമായത്. ആയിരക്കണക്കിന് കെട്ടിടങ്ങൾ വെള്ളത്തിനടിയിലായി. വെള്ളപ്പൊക്കം വളരെ ധ്രുതഗതിയിലായിരുന്നു. നിമിഷങ്ങൾക്കുള്ളിൽ അത് തെരുവുകളിലെത്തി വീടുകളിൽ കയറിയെന്ന് ഇന്തോനേഷ്യയിലെ ആചെ പ്രവിശ്യയിലെ താമസക്കാരിയായ അരിനി അമാലിയ പറഞ്ഞു.  അവളും മുത്തശ്ശിയും ഉയർന്ന പ്രദേശത്തുള്ള ഒരു ബന്ധുവിന്റെ വീട്ടിലേക്ക് ഓടി രക്ഷപ്പെടുകയായിരുന്നു. ചില സാധനങ്ങൾ എടുക്കാൻ അടുത്ത ദിവസം തിരിച്ചെത്തിയപ്പോൾ വെള്ളപ്പൊക്കം വീടിനെ പൂർണ്ണമായും വിഴുങ്ങിയതായി അവർ പറഞ്ഞു.

മോശം കാലാവസ്ഥ രക്ഷാപ്രവർത്തനങ്ങളെ തടസ്സപ്പെടുത്തുകയാണ്. പതിനായിരക്കണക്കിന് ആളുകളെ ഒഴിപ്പിച്ചെങ്കിലും നൂറുകണക്കിന് ആളുകൾ ഇപ്പോഴും കുടുങ്ങിക്കിടക്കുകയാണെന്ന് ഇന്തോനേഷ്യൻ ദുരന്ത ഏജൻസി അറിയിച്ചു.  ഏറ്റവും കൂടുതൽ ദുരിതം ബാധിച്ച പ്രദേശമായ തപനുലിയിൽ ഭക്ഷണം തേടി ആളുകൾ കടകൾ കൊള്ളയടിച്ചതായി റിപ്പോർട്ടുണ്ട്. വേഗത്തിലും കൂടുതൽ ഏകോപിതവുമായ പ്രതികരണം സാധ്യമാക്കുന്നതിന് സുമാത്രയിൽ ദേശീയ ദുരന്തം  പ്രഖ്യാപിക്കാൻ സർക്കാറിനുമേൽ സമ്മർദ്ദം വർദ്ധിച്ചുവരികയാണ്.

Tags:    
News Summary - Death toll from floods and landslides in Indonesia rises to 417; hundreds missing

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.