ടെക്സസ് മിന്നൽ പ്രളയത്തിൽ മരണം 82 ആയി; വീണ്ടും മഴ, 41 പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല

ഓസ്റ്റിൻ: അമേരിക്കയിലെ ടെക്സസലുണ്ടായ മിന്നൽ പ്രളയത്തിൽ മരണം 82 ആയി. നിരവധി പേരെ ഇപ്പോഴും കണ്ടെത്താനായിട്ടില്ല. 41 പേർക്കായി തിരച്ചിൽ തുടരുകയാണെന്ന് പ്രാദേശിക അധികൃതർ പറഞ്ഞു.

പ്രളയം കൂടുതൽ ബാധിച്ച കെർ കൺട്രിയിൽ 68 പേരാണ് മരിച്ചത്. ഇതിൽ 28ഉം കുട്ടികളാണ്. ഗ്വാഡലൂപ്പ് നദിൽ രണ്ട് മണിക്കൂറിനുള്ളിൽ വെള്ളം 20 അടിയിലധികം ഉയർന്നു. ഈ നദിക്കരയിൽ നടന്ന വേനൽകാല ക്യാമ്പിൽനിന്നും കാണാതായ 10 പെൺകുട്ടികളെക്കുറിച്ച് വിവരമില്ല.


സെൻട്രൽ ടെക്സസിലെ കെർ കൗണ്ടിയിൽ വീണ്ടും മഴ തുടങ്ങിയിട്ടുണ്ടെന്ന് പൊലീസ് മുന്നറിയിപ്പ് നൽകുന്നു. കൂടുതൽ കനത്ത മഴ പ്രതീക്ഷിക്കുന്നതിനാൽ ടെക്സസിന്റെ പല ഭാഗങ്ങളിലും പെട്ടെന്നുള്ള വെള്ളപ്പൊക്കം ഉണ്ടായേക്കാമെന്ന് ഗവർണർ ഗ്രെഗ് അബോട്ട് പറഞ്ഞു.

20 ഏജൻസികളിൽനിന്നായി 400ലേറെ പേർ തിരച്ചിലിൽ പങ്കെടുക്കുന്നുണ്ട്. രക്ഷാപ്രവർത്തനങ്ങളിൽ സഹായിക്കുന്നതിനായി ടെക്സസ് നാഷണൽ ഗാർഡും എയർ നാഷനിൽ ഗാർഡും ബ്ലാക്ക് ഹോക്ക് ഹെലികോപ്റ്ററുകൾ വിന്യസിച്ചിട്ടുണ്ട്. 520 പേരെ ഇതുവരെ വിജയകരമായി ഒഴിപ്പിക്കാൻ സാധിച്ചു.

ഫെഡറൽ എമർജൻസി മാനേജ്‌മെന്റ് ഏജൻസിയെ ടെക്സസിലേക്ക് സജീവമാക്കിക്കൊണ്ട് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് ഒപ്പുവച്ചിട്ടുണ്ട്. ഉടൻ ടെക്സസിലെ പ്രളയബാധിത പ്രദേശങ്ങൾ സന്ദർശിക്കുമെന്നും ട്രംപ് പറഞ്ഞു.
ദുരിതബാധിതർക്കായി പ്രാർത്ഥിക്കുന്നതായി ലിയോ പതിനാലാമൻ മാർപാപ്പ പറഞ്ഞു. ടെക്സസിലെ ഗ്വാഡലൂപ്പ് നദിയിലെ വെള്ളപ്പൊക്കം മൂലമുണ്ടായ ദുരന്തത്തിൽ പ്രിയപ്പെട്ടവരെ, പ്രത്യേകിച്ച് വേനൽക്കാല ക്യാമ്പിൽ കഴിഞ്ഞിരുന്ന പെൺമക്കളെ നഷ്ടപ്പെട്ട എല്ലാ കുടുംബങ്ങൾക്കും ആത്മാർത്ഥമായ അനുശോചനം അറിയിക്കുന്നു -അദ്ദേഹം പറഞ്ഞു.

Tags:    
News Summary - death toll 82 in Texas floods

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.