യെഹൂദ് ഒൽമർട്ട്

ഇസ്രായേൽ സ്ഥാപിതമായതുതൊട്ട് ഇങ്ങനൊരു ആക്രമണം നടന്നിട്ടില്ല, നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ഗസ്സയിൽ നടത്തുന്നത് യുദ്ധക്കുറ്റം തന്നെ; ആഞ്ഞടിച്ച് മുൻ പ്രധാനമന്ത്രി

ഗസ്സസിറ്റി: ഗസ്സയിൽ തന്റെ രാജ്യം നടത്തുന്ന സൈനിക നീക്കത്തിനെതിരെ രൂക്ഷ വിമർശനവുമായി ഇസ്രായേൽ മുൻ പ്രധാനമന്ത്രി യെഹൂദ് ഒൽമർട്ട്. വിനാശകരമായ ഈ യുദ്ധം യുദ്ധക്കുറ്റകൃത്യമാണെന്ന് താൻ വിശ്വസിക്കുന്നതായും ഒൽമർട്ട് പ്രഖ്യാപിച്ചു. പ്രത്യേക ലക്ഷ്യവും വിജയസാധ്യതകളുമില്ലാതെ നെതന്യാഹു ഭരണകൂടം ഗസ്സയിൽ നടത്തുന്ന അനന്തമായ യുദ്ധത്തെ വിമർശിച്ച് ഒൽമർട്ട് ഇസ്രായേൽ പത്രമായ ഹാരെറ്റ്സിൽ കഴിഞ്ഞ ദിവസം എഴുതുകയും ചെയ്തു. ഇസ്രായേലിന്റെ 12ാം പ്രധാനമന്ത്രിയാണ് യെഹൂദ് ഒൽമർട്ട്. 2006മുതൽ 2009 വരെയാണ് അദ്ദേഹം ഇസ്രായേൽ ​പ്രധാനമന്ത്രിയായിരുന്നത്.

ഗസ്സയിൽ നടത്തുന്നത് വംശത്യയാണെന്നും യുദ്ധക്കുറ്റമാണെന്നുമുള്ള ആരോപണങ്ങളെ ഇസ്രായേൽ നിരന്തരം പ്രതിരോധിച്ചിട്ടുണ്ടെങ്കിലും ആ വാദങ്ങളിൽ ഉറച്ചുനിൽക്കാനില്ലെന്നും ഒൽമെർട്ട് വ്യക്തമാക്കി.

''ഗസ്സയിൽ നമ്മളിപ്പോൾ ചെയ്തുകൊണ്ടിരിക്കുന്നത് വിനാശകരമായതും വിവേചരഹിതവുമായ യുദ്ധമാണ്. പരിധിയില്ലാത്ത രീതിയിൽ ക്രൂരമായ രീതിയിൽ സാധാരണക്കാരെ കൊന്നുകൊണ്ടിരിക്കുകയാണ്. ഇതിന്റെ ഉത്തരവാദം സർക്കാറിനാണ്. ഇതറിഞ്ഞുകൊണ്ട് ചെയ്യുന്നത് തന്നെയാണ്.''ഒൽമർട്ട് എഴുതുന്നു.

നെതന്യാഹുവിന്റെ നേതൃത്വം ഗസ്സയെ ഒരു മാനുഷിക ദുരന്തമാക്കി മാറ്റിയെന്നും ഒൽമർട്ട് കുറ്റപ്പെടുത്തി. സ്ഥാപിക്കപ്പെട്ടതു മുതൽ ഇസ്രായേൽ ഇത്തരമൊരു യുദ്ധം നടത്തിയിട്ടില്ല. എന്നാൽ ബിന്യമിൻ നെതന്യാഹുവിന്റെ നേതൃത്വത്തിലുള്ള ക്രിമിനൽ സംഘം ഇ​സ്രായേലിന്റെ ചരിത്രത്തിലെ സമാനതകളില്ലാത്ത മാതൃക സൃഷ്ടിച്ചിരിക്കുകയാണെന്നും അദ്ദേഹം വിമർശിച്ചു. നെതന്യാഹുവിന്റെ വലതുപക്ഷ പാർട്ടിയായ ലികുഡിലെ അംഗമായിരുന്നു ഒൽമർട്ടും. ഗസ്സയിൽ നടക്കുന്നത് നിയമാനുസൃതമായ യുദ്ധമല്ല. പകരം, കൂട്ടായ ശിക്ഷ നടപ്പാക്കുക എന്ന ലക്ഷ്യത്തോടെയുള്ള ക്രൂരവും കണക്കുകൂട്ടിയുള്ളതുമായ സർക്കാർ നയമാണ് അവ പ്രതിഫലിപ്പിക്കുന്നതെന്നും ഒൽമർട്ട് വാദിച്ചു.അന്താരാഷ്ട്ര വിമർശനങ്ങളെ വഴിതിരിച്ചുവിടാൻ നെതന്യാഹുവും സഖ്യകക്ഷികളും ജൂതവിരുദ്ധതയെ പുകമറയായി ഉപയോഗിക്കുകയാ​ണെന്നും ഒൽമർട്ട് കുറ്റപ്പെടുത്തി.

ഇസ്രായേലിനുമേൽ അന്താരാഷ്ട്ര സമ്മർദം വർധിച്ചുവരുന്ന സാഹചര്യത്തിലാണ് ഇസ്രായേൽ മുൻ പ്രധാനമന്ത്രിയുടെ വാക്കുകൾ. ഹാരെറ്റ്സിലെ ലേഖനത്തിന് പുറമെ, ബി.ബി.സിക്ക് നൽകിയ അഭിമുഖത്തിലും ഒൽമർട്ട് നിലപാട് ആവർത്തിച്ചു.

ഹമാസ് തടവിലാക്കിയ ഇസ്രായേലി ബന്ദികളുടെ ജീവന് മുൻഗണന നൽകുന്നതിൽ നെതന്യാഹു സർക്കാർ പരാജയപ്പെട്ടതിനെയും അദ്ദേഹം വിമർശിച്ചു. ബന്ദികളുടെ ജീവൻ രക്ഷിക്കാൻ കഴിയുന്ന ഒന്നും നേടാൻ സാധ്യതയില്ലാത്ത ഒരു യുദ്ധം എന്നാണ് അദ്ദേഹം ഗസ്സയിലെ ആക്രമണത്തെ വിശേഷിപ്പിച്ചത്.

നവംബർ മുതൽ ഗസ്സയിലെ സൈനികനീക്കം നിർത്തിവെക്കണമെന്നാവശ്യപ്പെട്ട് ഒൽമർട്ട് രംഗത്ത് വന്നിരുന്നു. ഇസ്രായേൽ തങ്ങളുടെ സൈനിക ലക്ഷ്യങ്ങളിൽ ഭൂരിഭാഗവും നേടിയിട്ടുണ്ടെന്നും മാസങ്ങൾക്ക് മുമ്പേ ശത്രുത അവസാനിപ്പിക്കേണ്ടതായിരുന്നുവെന്നും അദ്ദേഹം സി.എൻ.എന്നിനു നൽകിയ അഭിമുഖത്തിൽ പറയുകയുണ്ടായി.

എന്നാൽ അന്താരാഷ്ട്ര തലത്തിൽ ഇസ്രായേലിനെ അപകീർത്തിപ്പെടുത്തുന്ന തീവ്ര ഇടതുപക്ഷത്തിലാണ് ഇപ്പോൾ ഒൽമർട്ട് എന്നായിരുന്നു ഇസ്രായേലിലെ തീവ്രവലതുപക്ഷത്തിന്റെ മറുപടി.

Tags:    
News Summary - Criminal gang headed by Netanyahu committing war crimes in Gaza says Israel former PM Ehud Olmert

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.