മെഷീൻ കൊണ്ട് മരച്ചില്ലകൾ മുറിന്നു മാറ്റുന്നതിനിടെ അറിയാതെ തേനീച്ചക്കൂട് മുറിച്ചുപോയ 20 കാരനെ കൊലയാളി ആഫ്രിക്കൻ തേനീച്ചകൾ കൂട്ടമായി കുത്തി. യു.എസ് ഒഹിയോ സ്വദേശിയായ ഓസ്റ്റിൻ ബെല്ലമിക്കാണ് വീട്ടിൽ നിന്ന് കൊലയാളി തേനീച്ചകളുടെ കുത്ത് കൊണ്ടത്. അബോധാവസ്ഥയിലായ യുവാവ് ആശുപത്രി വെന്റിലേറ്ററിൽ ജീവിതം തിരിച്ചുപിടിക്കാനുള്ള ശ്രമത്തിലാണ്.
വീട്ടിലേക്ക് വളർന്ന മരച്ചില്ലകൾ മുറിച്ചു മാറ്റുന്നതിനിടെ അറിയാതെ തേനീച്ചക്കൂടും മുറിച്ചുപോവുകയായിരുന്നു. ഉടൻ ആയിരക്കണക്കിന് തേനീച്ചകൾ അവന്റെ തലയിലും കഴുത്തിലും തോളിലുമെല്ലാം പൊതിഞ്ഞുകുത്തിയെന്ന് മാതാവ് ഷാവ്ന കാർട്ടർ ഫോക്സ് 19 നോട് പറഞ്ഞു. തലമുതൽ കൈകൾ വരെ കറുത്ത പുതപ്പ് മൂടിയതുപോലെയായിരുന്നു തേനീച്ചകളാൽ പൊതിഞ്ഞ ബെല്ലമിയുടെ അവസ്ഥയെന്ന് മാതാവ് പറഞ്ഞു.
ബെല്ലമി മരച്ചില്ലകൾ മുറിക്കുമ്പോൾ മുത്തശ്ശിയും അമ്മാവനും മരത്തിനു താഴെ നിൽപ്പുണ്ടായിരുന്നു. എന്നാൽ തേനീച്ചകൾ ഇളകിയപ്പോൾ അവർക്കും കുത്തേറ്റു. അതിനാൽ അവർക്ക് ബെല്ലമിയെ രക്ഷിക്കാനായില്ല. തുടർന്ന് അഗ്നിശമന സേന രംഗത്തെത്തിയാണ് ബെല്ലമിയെ മരത്തിൽ നിന്ന് ഇറക്കിയത്. ബെല്ലമിയെ ഹെലികോപ്റ്റർ വഴിയും മുത്തശ്ശിയെയും അമ്മാവനെയും ആംബുലൻസിലും ആശുപത്രിയിൽ എത്തിച്ചു.
ആശുപത്രിയിൽ എത്തിയപ്പോഴേക്കും അബോധാവസ്ഥയിലായ ബെല്ലമിയെ ഉടൻ വെന്റിലേറ്ററിൽ പ്രവേശിപ്പിച്ചു. ഒരാഴ്ച വെന്റിലേറ്ററിൽ കിടന്ന 20 കാരൻ ബുധനാഴ്ചയാണ് കണ്ണു തുറന്നത്. ബെല്ലമിയുടെ ആരോഗ്യം പൂർണമായി വീണ്ടെടുക്കാനാകുമെന്ന പ്രതീക്ഷയിലാണ് ഡോക്ടർമാർ.
തേനീച്ചകൾ ബെല്ലമിയെ 20,000ലേറെ തവണ കുത്തിയിട്ടുണ്ട്. 30 ഓളം തേനീച്ചകളെ വിഴുങ്ങിപ്പോയെന്നും അമ്മ പറഞ്ഞു. ആശുപത്രി ജീവനക്കാർ ബെല്ലമിയുടെ വയറ്റിൽ നിന്ന് തേനീച്ചകളെ പുറത്തെടുത്തിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.