കോവിഡ് നമ്മളെ കൊല്ലുന്നില്ലെങ്കില്‍ കാലാവസ്ഥാ വ്യതിയാനം കൊല്ലും -ലോക നേതാക്കള്‍

ന്യൂയോര്‍ക്ക്: കോവിഡ് 19 നമ്മളെ കൊല്ലുന്നില്ലെങ്കിൽ കാലാവസ്ഥാ വ്യതിയാനം കൊല്ലുമെന്ന് ഐക്യരാഷ്ട്രസഭയുടെ വാർഷിക യോഗത്തിൽ ലോക നേതാക്കളുടെ മുന്നറിയിപ്പ്. ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനാമരാമ, പസഫിക് സമുദ്ര ദ്വീപായ പലാവിന്‍റെ പ്രസിഡന്‍റ് ടോമി ഇ. റമന്‍‌ഗെസൗ ജൂനിയര്‍ അടക്കമുള്ളവരാണ് ആശങ്ക പങ്കുവെച്ചത്.

സൈബീരിയയിൽ ഈ വർഷം ഏറ്റവും ഉയർന്ന താപനില രേഖപ്പെടുത്തി. ഹിമപിണ്ഡത്തിന്‍റെ വലിയൊരു ഭാഗം ഗ്രീൻ‌ലാൻഡിലും കാനഡയിലും കടലിൽ പതിച്ചു. അത്തരമൊരു സാഹചര്യത്തിൽ, കാലാവസ്ഥാ വ്യതിയാനത്തിന് വാക്സിൻ ഇല്ലെന്ന് വിവിധ രാജ്യങ്ങൾ മുന്നറിയിപ്പ് നല്‍കി.

അമേരിക്കയിലെ കാട്ടുതീയെ പരാമർശിച്ച് ഫിജി പ്രധാനമന്ത്രി ഫ്രാങ്ക് ബൈനാമരാമ പറഞ്ഞത്, "ഞങ്ങൾ പരിസ്ഥിതി നാശത്തിന്‍റെ ഒരു മാതൃക അമേരിക്കയില്‍ കാണുന്നു. പല രാജ്യങ്ങളിലേയും ചെറു ദ്വീപുകളേക്കാള്‍ വലുതായിരുന്നു ഗ്രീൻ‌ലാൻഡില്‍ കടലില്‍ പതിച്ച ഒരു വലിയ ഹിമപിണ്ഡം" എന്നായിരുന്നു.

കോവിഡ് 19 പകർച്ചവ്യാധിയുടെ പശ്ചാത്തലത്തിൽ ഐക്യരാഷ്ട്രസഭയുടെ ആഗോള കാലാവസ്ഥാ സമ്മേളനം 2021 അവസാനത്തേക്ക് മാറ്റിവെച്ചു. ലോകം നിലവിലെ രീതി തുടരുകയാണെങ്കിൽ, അടുത്ത 75 വർഷത്തിനുള്ളിൽ നിരവധി അംഗരാജ്യങ്ങൾ ഐക്യരാഷ്ട്രസഭയിൽ പ്രത്യക്ഷപ്പെടില്ലെന്ന് ചെറിയ ദ്വീപ് രാഷ്ട്രങ്ങളുടെയും അവികസിത രാജ്യങ്ങളുടെയും ഒരു കൂട്ടായ്മ പറഞ്ഞു.

പസഫിക് സമുദ്ര ദ്വീപായ പലാവിൽ കൊറോണ വൈറസ് ബാധയുടെ ഒരു കേസും ഉണ്ടായിട്ടില്ല. എന്നാൽ, സമുദ്രനിരപ്പ് ഉയരുന്നത് തന്‍റെ രാജ്യത്തെ ജനങ്ങളെ വെള്ളത്തിൽ മുക്കിക്കൊല്ലുമെന്ന് അതിന്‍റെ പ്രസിഡന്‍റ് ടോമി ഇ. റമന്‍‌ഗെസൗ ജൂനിയര്‍ പറഞ്ഞു. മറ്റൊരു ദ്വീപായ തുവാലുവിലും കൊറോണ വൈറസ് അണുബാധയില്ലാത്ത രാജ്യമാണെങ്കിലും ഈ ദ്വീപ് രാഷ്ട്രം ഇപ്പോൾ രണ്ട് ചുഴലിക്കാറ്റുകളെയും കൊടുങ്കാറ്റുകളെയും അതിജീവിച്ച് കരകയറുകയാണ്. തുവാലുവിലെ ഏറ്റവും ഉയർന്ന സ്ഥലം സമുദ്രനിരപ്പിൽ നിന്ന് ഏതാനും മീറ്റർ മാത്രം ഉയരത്തിലാണ്.

Tags:    
News Summary - Climate Change to kill Human says World Leaders

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.