സ്റ്റോക്ഹോം: ഇസ്രായേലിന്റെ വ്യോമാക്രമണത്തിൽ ജീവിതം ദുസ്സഹമായ ഗസ്സയിലെ ഫലസ്തീനികൾക്ക് പിന്തുണയുമായി സ്വീഡിഷ് പരിസ്ഥിതി പ്രവർത്തക ഗ്രെറ്റ തുൻബെർഗ്. എക്സ് പ്ലാറ്റ്ഫോമിലാണ് ഗ്രെറ്റ ഫലസ്തീനികൾക്ക് പിന്തുണയുമായി എത്തിയത്. ഗ്രെറ്റയും സുഹൃത്തുക്കളും പിന്തുണയറിയിച്ച് പ്ലക്കാർഡുമായാണ് എത്തിയത്.
'ഗസ്സയിലെ ഫലസ്തീനികൾക്ക് ഐക്യദാർഢ്യം. ഗസ്സയിൽ അടിയന്തര വെടിനിർത്തലിനായും ഫലസ്തീനികളുടെ സ്വാതന്ത്ര്യത്തിനായും ലോകം ശബ്ദമുയർത്തേണ്ടിയിരിക്കുന്നു.''-എന്നാണ് ഗ്രെറ്റ കുറിച്ചത്. ഫോട്ടോയിലെ ഒരു പെൺകുട്ടി ഈ ജൂത പെൺകുട്ടി ഫലസ്തീനൊപ്പം നിലകൊള്ളുന്നു എന്ന പ്ലക്കാർഡാണ് പിടിച്ചിരിക്കുന്നത്. ഗ്രെറ്റയുടെ പോസ്റ്റിന് രൂക്ഷമായ പ്രതികരണവുമായി ഇസ്രായേൽ രംഗത്തുവന്നിട്ടുണ്ട്.
''നിരപരാധികളായ ഇസ്രായേലികളെ കൊന്നൊടുക്കിയ ഹമാസ് തങ്ങളുടെ റോക്കറ്റുകളിൽ സുസ്ഥിരമായ സാധനങ്ങൾ ഉപയോഗിച്ചിട്ടില്ല. ഹമാസിന്റെ ക്രൂരതക്ക് ഇരയായത് നിങ്ങളുടെ സുഹൃത്തുക്കൾ കൂടിയാണ്. അവർക്ക് വേണ്ടി ശബ്ദമുയർത്തൂ.''- എന്നാണ് ഹമാസ് ആക്രമണത്തിൽ കൊല്ലപ്പെട്ട മൂന്നുപേരുടെ ഫോട്ടോ ഉൾപ്പെടുത്തി കൊണ്ട് ഇസ്രായേൽ മറുപടി നൽകിയത്.
അതേസമയം, എക്സ് പ്ലാറ്റ്‌ഫോമിൽ നേരത്തെ പങ്കുവെച്ച ഫോട്ടോയെ ചൊല്ലി ഗ്രെറ്റക്കെതിരെ വിമർശനമുയർന്നിട്ടുണ്ട്. ആദ്യം പങ്കുവെച്ച ഫോട്ടോയിൽ സ്റ്റഫ് ചെയ്ത നീല നിറത്തിലുള്ള നീരാളി ഉണ്ടായിരുന്നു. ഇത് ജൂത വിരുദ്ധ ചിഹ്നമായാണ് കണക്കാക്കുന്നത്. ആഗോള ജൂത ഗൂഢാലോചന ഉയർത്തിക്കാട്ടാൻ കാർട്ടൂണിസ്റ്റുകൾ പലപ്പോഴും നീരാളിയെ ഉപയോഗിച്ചിട്ടുണ്ട്. നാസികൾ വിന്യസിച്ച ഒരു കാരിക്കേച്ചർ ആയിരുന്നു അത്. വിവാദമായതോടെ ഈ ഫോട്ടോ ഗ്രെറ്റ നീക്കം ചെയ്തു.
ഗസ്സയിലെ ഇസ്രായേലിന്റെ യുദ്ധം 16ാം ദിവസത്തിലേക്ക് കടന്നിരിക്കുകയാണ്. കടുത്ത ഉപരോധമേർപ്പെടുത്തിയ ഗസ്സയിൽ വ്യോമാക്രമണം ശക്തമാക്കിയിരിക്കുകയാണ് ഇസ്രായേൽ.
ഒക്ടോബർ 7 ന് തെക്കൻ ഇസ്രായേലിൽ ഹമാസിന്റെ അപ്രതീക്ഷിത ആക്രമണത്തിനു പിന്നാലെയുണ്ടായ സംഘർഷത്തിൽ 1,400ലധികം ഇസ്രായേലികൾ കൊല്ലപ്പെട്ടു. തിരിച്ചടിയായി ഇസ്രായേൽ ഗസ്സയെ സമ്പൂർണ ഉപരോധത്തിലാക്കിയ ഇസ്രായേലിന്റെ ആക്രമണത്തിൽ 4,385 ഫലസ്തീനികൾ കൊല്ലപ്പെട്ടു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.