സ്റ്റോക്ഹോം: സാമ്പത്തിക നൊബേൽ ഹാർവഡ് യൂനിവേഴ്സിറ്റി പ്രഫസർ ക്ലോഡിയ ഗോൾഡിന്. തൊഴിൽ വിപണിയിലെ സ്ത്രീ ഇടപെടലിന്റെ ഫലങ്ങളെക്കുറിച്ചുള്ള ഗവേഷണം മുൻനിർത്തിയാണ് പുരസ്കാരം. വനിതകളുടെ തൊഴിൽ, വേതനം എന്നിവയിൽ ദീർഘകാലമായി ഗവേഷണം നടത്തുകയും നിരവധി ശ്രദ്ധേയ പ്രബന്ധങ്ങൾ പ്രസിദ്ധീകരിക്കുകയും ചെയ്ത അമേരിക്കൻ സാമ്പത്തിക ചരിത്രകാരിയാണ് ഗോൾഡിൻ. യു.എസ് തൊഴിൽ വിപണിയിലെ സ്ത്രീസാന്നിധ്യം സംബന്ധിച്ച് രണ്ടു നൂറ്റാണ്ടുകാലത്തെ വിവരങ്ങൾ അടിസ്ഥാനപ്പെടുത്തി ഇവർ നടത്തിയ നിഗമനങ്ങൾ ശ്രദ്ധേയമാണെന്ന് പുരസ്കാര സമിതി പ്രസ്താവനയിൽ വ്യക്തമാക്കി.
സ്റ്റോക്ഹോമിൽ റോയൽ സ്വീഡിഷ് അക്കാദമി ഓഫ് സയൻസസ് സെക്രട്ടറി ജനറൽ ഹാൻസ് എലെഗ്രെൻ ആണ് പ്രഖ്യാപനം നടത്തിയത്. സാമ്പത്തിക നൊബേൽ നേടുന്ന മൂന്നാമത്തെ വനിതയാണ് ഗോൾഡിൻ.
1901ൽ ആൽഫ്രഡ് നൊബേലാണ് ഭൗതികശാസ്ത്രം, രസതന്ത്രം, വൈദ്യശാസ്ത്രം, സാഹിത്യം, സമാധാനം എന്നീ മേഖലകളിൽ പുരസ്കാരം ഏർപ്പെടുത്തിയതെങ്കിൽ, 1968ലാണ് സാമ്പത്തിക നൊബേൽ നൽകിത്തുടങ്ങിയത്.
സ്വീഡന്റെ കേന്ദ്ര ബാങ്കാണ് ഇതിനുള്ള പണം ചെലവിടുന്നത്.കഴിഞ്ഞയാഴ്ചയാണ് മറ്റു മേഖലകളിലെ പുരസ്കാരം പ്രഖ്യാപിച്ചത്. ഡിസംബറിൽ ഓസ്ലോയിലും സ്റ്റോക് ഹോമിലും നടക്കുന്ന ചടങ്ങിലാണ് പുരസ്കാര വിതരണം.
11 ദശലക്ഷം സ്വീഡിഷ് ക്രോണറും (ഏകദേശം 8,30,52,167 ഇന്ത്യൻ രൂപ) സ്വർണ മെഡലും ബഹുമതിയും അടങ്ങുന്നതാണ് നൊബേൽ പുരസ്കാരം.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.