കുട്ടികളുടെ ഓണ്‍ലൈന്‍ ഗെയിമിന് കടുത്ത നിയ​ന്ത്രണവുമായി ചൈന; ദിവസം ഒരു മണിക്കൂര്‍ മാത്രം അനുമതി

ബീജീങ്: കുട്ടികളിലെ അമിത ഓണ്‍ലൈന്‍ ഗെയിം ഉപയോഗം കുറച്ച്​, അവർ ഗെയിമുകൾക്ക്​ അടിമയാകുന്നത്​ തടയാൻ കർശന നിയമം നടപ്പാക്കി ചൈന. ഇനി മുതല്‍ 18 വയസ്സിന് താഴെയുള്ള കുട്ടികള്‍ക്ക് വെള്ളി, ശനി, ഞായര്‍ ദിവസങ്ങളിലും മറ്റ് അവധി ദിനങ്ങളിലും മാത്രമേ ഓണ്‍ലൈന്‍ ഗെയിം കളിക്കാന്‍ അനുമതിയുണ്ടാകൂ. അതും ദിവസം ഒരു മണിക്കൂര്‍ മാത്രം. രാത്രി എട്ട് മുതല്‍ ഒമ്പത് വരെയാണ് കുട്ടികള്‍ക്ക് ഗെയിം കളിക്കുന്നതിന് സമയം അനുവദിച്ചിരിക്കുന്നത്​.

ചൈനയിലെ നാഷണല്‍ പ്രസ് ആന്‍ഡ് പബ്ലിക്കേഷന്‍ അഡ്മിനിസ്‌ട്രേഷനാണ് പുതിയ നിയന്ത്രണം പ്രസിദ്ധീകരിച്ചത്. നിശ്ചയിച്ചിരിക്കുന്ന സമയത്ത്​ മാത്രമേ കുട്ടികള്‍ക്ക് ഗെയിം ലഭ്യമാകുന്നുള്ളൂയെന്ന്​ ഉറപ്പാക്കാനുള്ള നടപടികൾ സ്വീകരിക്കണമെന്ന്​ ഗെയിം കമ്പനികള്‍ക്ക് അധികൃതര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്​. ഇത് പാലിക്കപ്പെടുന്നുണ്ടോ എന്നറിയാന്‍ പരിശോധനകള്‍ കര്‍ശനമാക്കുകയും ചെയ്യും.

കുട്ടികളിലെ ഗെയിം ഉപയോഗത്തിന് മുമ്പും ചൈന നിയന്ത്രണങ്ങള്‍ കൊണ്ടുവന്നിട്ടുണ്ട്​. അവ ഫലപ്രദമാകാതെ വന്നതിനെ തുടർന്നാണ്​ ഇപ്പോൾ പുതിയ നിയ​ന്ത്രണങ്ങൾ ഏര്‍പ്പെടുത്തുന്നത്​. കുട്ടികള്‍ക്ക് പ്രതിദിനം 90 മിനിറ്റും അവധി ദിവസങ്ങളില്‍ മൂന്നു മണിക്കൂറും മാത്രമേ മാത്രമേ ഓണ്‍ലൈന്‍ ഗെയിം ലഭ്യമാക്കാവൂ എന്ന നിയ​ന്ത്രണം ചൈന നടപ്പാക്കിയിരുന്നു. എന്നാൽ, കുട്ടികൾ മുതിർന്നവരുടെ ഐഡി ഉപയോഗിച്ച്​ ഗെയിമുകൾ കളിച്ച്​ തുടങ്ങിയതോടെ 'മുഖം തിരിച്ചറിയൽ' സംവിധാനം കൊണ്ടുവന്നാണ്​ അത്​ നിയന്ത്രിച്ചത്​. രാത്രി 10 മണിക്കും രാവിലെ എട്ടുമണിക്കും ഇടയില്‍ കുട്ടികള്‍ ഗെയിം കളിക്കുന്നത് തടയുന്നതിന് ചൈനയിലെ മുന്‍നിര ഗെയിം കമ്പനിയായ ടെന്‍സെന്‍റ്​ പ്രത്യേക 'ഫേഷ്യല്‍ റെക്കഗ്​നിഷന്‍' സംവിധാനം അവതരിപ്പിച്ചിരുന്നു.

ചൈനയില്‍ നിരവധി കൗമാരക്കാര്‍ ഓണ്‍ലൈന്‍ ഗെയിമുകള്‍ക്ക് അടിമകളായി മാറുന്നെന്ന്​ ചൂണ്ടിക്കാട്ടി നിരവധി റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നിരുന്നു. 'ആത്മീയമായ കറുപ്പ്' (spiritual opium) എന്നാണ് ഓണ്‍ലൈന്‍ ഗെയിമുകൾ വിശേഷിപ്പിക്കപ്പെട്ടിരുന്നത്. കുട്ടികളിലെ അമിതമായ വീഡിയോ ഗെയിം ഉപയോഗം ചൈനയില്‍ കടുത്ത ആശങ്കകൾ ഉയര്‍ത്തുന്ന പശ്​ചാത്തലത്തിലാണ്​ പുതിയ നിയ​ന്ത്രണം കൊണ്ടുവന്നത്​. 

Tags:    
News Summary - China cuts amount of time minors can spend playing video games

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.