അശ്ലീല ഉള്ളടക്കം: അഞ്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾ നിരോധിച്ച് കേന്ദ്രം

ന്യൂഡൽഹി: ഡിജിറ്റൽ ഉള്ളടക്ക ചട്ടങ്ങൾ ലംഘിച്ചതിനെത്തുടർന്ന് അഞ്ച് ഒ.ടി.ടി പ്ലാറ്റ്‌ഫോമുകൾക്ക് കേന്ദ്ര വാർത്താവിതരണ പ്രക്ഷേപണ മന്ത്രാലയം നിരോധനം ഏർപ്പെടുത്തി. അശ്ലീലവും സഭ്യമല്ലാത്തതുമായ ദൃശ്യങ്ങൾ സംപ്രേഷണം ചെയ്തതിനാണ് ഈ നടപടി. മൂഡ്‌എക്സ് വിഐപി, കോയൽ പ്ലേപ്രോ, ഡിജി മൂവിപ്ലക്സ്. ഫീൽ, ജുഗ്നു എന്നീ പ്ലാറ്റ്ഫോമുകളാണ് നിരോധിച്ചത്.

2000ലെ ഇൻഫർമേഷൻ ടെക്നോളജി (ഐ.ടി) ആക്ട് സെക്ഷൻ 69എ പ്രകാരമാണ് നടപടി സ്വീകരിച്ചത്. ഡിജിറ്റൽ മീഡിയാ എത്തിക്സ് കോഡ് (ഐ.ടി റൂൾസ് 2021) പ്രകാരമുള്ള മാനദണ്ഡങ്ങൾ ഈ പ്ലാറ്റ്‌ഫോമുകൾ ലംഘിച്ചതായി കണ്ടെത്തി. ഈ പ്ലാറ്റ്‌ഫോമുകളിൽ ലഭ്യമായ ഭൂരിഭാഗം ഉള്ളടക്കങ്ങളും അശ്ലീലവും സ്ത്രീകളെ മോശമായി ചിത്രീകരിക്കുന്നതുമാണെന്ന് അധികൃതർ വ്യക്തമാക്കി. കുടുംബബന്ധങ്ങളെയും അധ്യാപക-വിദ്യാർഥി ബന്ധങ്ങളെയും വികലമായി ചിത്രീകരിക്കുന്ന ദൃശ്യങ്ങളും ഇതിലുണ്ടായിരുന്നു.

കുട്ടികളെയും യുവാക്കളെയും ഇത്തരം ഹാനികരമായ ഉള്ളടക്കങ്ങളിൽ നിന്ന് സംരക്ഷിക്കുന്നതിന്റെ ഭാഗമായാണ് തീരുമാനമെന്ന് സർക്കാർ വൃത്തങ്ങൾ പ്രതികരിച്ചു. മന്ത്രാലയം നടത്തിയ വിശദ പരിശോധനക്കും നിയമപരമായ നടപടിക്രമങ്ങൾക്കും ശേഷമാണ് പ്ലാറ്റ്‌ഫോമുകൾ ബ്ലോക്ക് ചെയ്യാൻ ഇന്റർനെറ്റ് സർവീസ് പ്രൊവൈഡർമാർക്ക് നിർദേശം നൽകിയത്. ഇന്ത്യയിലെ ഉപയോക്താക്കൾക്ക് ഇനി ഈ ആപ്പുകളോ വെബ്സൈറ്റുകളോ ലഭ്യമാകില്ല.

ഡിജിറ്റൽ പ്ലാറ്റ്‌ഫോമുകൾ ഉത്തരവാദിത്തത്തോടെ പ്രവർത്തിക്കണമെന്നും നിയമങ്ങൾ ലംഘിക്കുന്നവർക്കെതിരെ കർശന നടപടി തുടരുമെന്നും കേന്ദ്ര സർക്കാർ മുന്നറിയിപ്പ് നൽകിയിട്ടുണ്ട്. അശ്ലീലവും മോശവുമായ ഉള്ളടക്കങ്ങൾ സംപ്രേഷണം ചെയ്തതിന് കഴിഞ്ഞ വർഷം ജൂലൈയിലും ആപ്പുകളും വെബ്‌സൈറ്റുകളും സർക്കാർ നിരോധിച്ചിരുന്നു. 25 ആപ്പുകൾക്കെതിരെയാണ് അന്ന് നടപടി എടുത്തത്.

Tags:    
News Summary - India bans 5 OTT platforms for obscene content

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.