ഓപ്പൺ എ.ഐക്ക് തിരിച്ചടി: ചാറ്റ് ജി.പി.ടി ബഹിഷ്‌കരിച്ചത് 2.5 ദശലക്ഷത്തിലധികം ഉപയോക്താക്കൾ

അമേരിക്കൻ പ്രതിരോധ വകുപ്പായ പെന്റഗണുമായി ഓപ്പൺ എ.ഐ കരാറിൽ ഒപ്പിട്ടതിൽ പ്രതിഷേധിച്ചാണ് ദശലക്ഷക്കണക്കിന് ആളുകൾ ചാറ്റ് ജി.പി.ടി ഉപേക്ഷിക്കുന്നത്. കഴിഞ്ഞ ആഴ്ചയാണ് ഡിപ്പാർട്ട്‌മെന്റ് ഓഫ് ഡിഫൻസിന്റെ രഹസ്യ ശൃംഖലകളിൽ എ.ഐ മോഡലുകൾ ഉപയോഗിക്കാൻ അനുമതി നൽകുന്ന കരാറിൽ കമ്പനി ഒപ്പിട്ടത്. കരാർ പുറത്തുവന്നതിന് പിന്നാലെ 25 ലക്ഷത്തിലധികം ആളുകൾ ചാറ്റ് ജി.പി.ടി ബഹിഷ്കരിക്കുമെന്ന് പ്രതിജ്ഞയെടുത്തു. കഴിഞ്ഞ ശനിയാഴ്ച മാത്രം അമേരിക്കയിൽ ചാറ്റ് ജി.പി.ടി ആപ്പ് അൺഇൻസ്റ്റാൾ ചെയ്യുന്നവരുടെ എണ്ണത്തിൽ 295 ശതമാനം വർധനവുണ്ടായി.

ചാറ്റ് ജി.പി.ടിയെ മറികടന്ന് ആപ്പിളിന്റെ ആപ്പ് സ്റ്റോറിൽ ആന്ത്രോപിക് കമ്പനിയുടെ 'ക്ലോഡ്' എന്ന ചാറ്റ്ബോട്ട് ഒന്നാം സ്ഥാനത്തെത്തി. നേരത്തെ പെന്റഗണിന്റെ കരാർ ലഭിച്ചിരുന്നത് ആന്ത്രോപിക്കിനായിരുന്നു. എന്നാൽ തങ്ങളുടെ സാങ്കേതികവിദ്യ ആഭ്യന്തര നിരീക്ഷണത്തിനായി ഉപയോഗിക്കുന്നത് ജനാധിപത്യ മൂല്യങ്ങൾക്ക് വിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി അവർ കരാറിൽ നിന്ന് പിന്മാറുകയായിരുന്നു. ഇതിന് പിന്നാലെയാണ് ഓപ്പൺ എ.ഐ ഈ കരാർ ഏറ്റെടുത്തത്.

ഓപ്പൺ എ.ഐയുടെ മുൻപത്തെ നയരേഖ പ്രകാരം, തങ്ങളുടെ സാങ്കേതികവിദ്യ സൈനിക ആവശ്യങ്ങൾക്കോ യുദ്ധങ്ങൾക്കോ വേണ്ടി ഉപയോഗിക്കുന്നത് കമ്പനി കർശനമായി നിരോധിച്ചിരുന്നു. എന്നാൽ പെന്റഗൺ കരാറിന് മുന്നോടിയായി കമ്പനി ഈ 'സൈനിക നിരോധനം' നിശബ്ദമായി എടുത്തുമാറ്റി. ഇത് ഉപയോക്താക്കൾക്കിടയിൽ വലിയ പ്രതിഷേധത്തിന് കാരണമായി. 'ക്വിറ്റ് ചാറ്റ് ജി.പി.ടി എന്ന പേരിൽ വെബ്‌സൈറ്റുകൾ വഴി സംഘടിതമായി കാമ്പയിനുകൾ നടക്കുകയാണ്. ആപ്പിൾ സ്റ്റോറിലും പ്ലേസ്റ്റോറിലും ചാറ്റ്ജിപിറ്റിയുടെ റേറ്റിങ് കുറക്കാനും ആപ്പുകൾ അൺഇൻസ്റ്റാൾ ചെയ്യാനും ഈ സംഘടനകൾ ആഹ്വാനം ചെയ്യുന്നുണ്ട്.

പ്രതിഷേധം ശക്തമായതോടെ ഓപ്പൺ എ.ഐ സി.ഇ.ഒ സാം ആൾട്ട്മാൻ ഖേദം പ്രകടിപ്പിച്ചു. കാര്യങ്ങൾ ഇത്ര വേഗത്തിൽ നീങ്ങാൻ പാടില്ലായിരുന്നുവെന്നും ആശയവിനിമയത്തിൽ പിഴവ് സംഭവിച്ചുവെന്നും അദ്ദേഹം സോഷ്യൽ മീഡിയയിൽ കുറിച്ചു. ഇത് 'അവസരവാദപരമായ' നീക്കമായി കാണപ്പെട്ടതിൽ അദ്ദേഹം ക്ഷമ ചോദിച്ചു. തിരിച്ചടി ഭയന്ന് ഓപ്പൺ എ.ഐ കരാറിൽ മാറ്റങ്ങൾ വരുത്താൻ തീരുമാനിച്ചു. വൻതോതിലുള്ള നിരീക്ഷണ പ്രവർത്തനങ്ങൾ, എൻ.എസ്.എ (NSA) പോലുള്ള രഹസ്യാന്വേഷണ ഏജൻസികൾക്ക് വേണ്ടിയുള്ള ഉപയോഗം എന്നീ കാര്യങ്ങൾക്കായി തങ്ങളുടെ സാങ്കേതികവിദ്യ ഉപയോഗിക്കില്ലെന്ന് കമ്പനി വ്യക്തമാക്കിയിട്ടുണ്ട്:

Tags:    
News Summary - Chat GPT boycotted by over 2.5 million users

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.