സൗരയൂഥത്തിലെ ആറ് ഗ്രഹങ്ങൾ ആകാശത്ത് ഒരേ നിരയിൽ അണിനിരക്കുന്ന അപൂർവ പ്രതിഭാസം ഇന്ന് രാത്രി കാണാൻ സാധിക്കും. 'പ്ലാനറ്ററി പരേഡ്' എന്ന് വിളിക്കുന്ന ഈ പ്രതിഭാസത്തിൽ ബുധൻ, ശുക്രൻ, വ്യാഴം, ശനി, യുറാനസ്, നെപ്ട്യൂൺ എന്നീ ഗ്രഹങ്ങളാണ് ആകാശത്ത് ദൃശ്യമാകുക.
ബുധൻ, ശുക്രൻ, വ്യാഴം, ശനി എന്നിവയെ നഗ്നനേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കും. യുറാനസ്, നെപ്ട്യൂൺ എന്നിവയെ മനുഷ്യ നേത്രങ്ങൾ കൊണ്ട് കാണാൻ സാധിക്കില്ല. അതിനായി ബൈനോക്കുലറോ ടെലിസ്കോപ്പോ ഉപയോഗിക്കേണ്ടി വരും.
ഇന്ത്യൻ സമയം വൈകുന്നേരം 6:15 മുതൽ രാത്രി 8:00 വരെയാണ് ആകാശത്ത് ദൃശ്യമാകുക. സൂര്യാസ്തമയത്തിന് തൊട്ടുപിന്നാലെ പടിഞ്ഞാറൻ ആകാശത്താണ് മിക്ക ഗ്രഹങ്ങളും പ്രത്യക്ഷപ്പെടുക. ചക്രവാളത്തിന് തൊട്ടുമുകളിലായി ഏറ്റവും തിളക്കത്തിൽ ശുക്രനെ കാണാം. ശുക്രന് തൊട്ടടുത്തായി ബുധനും ഉണ്ടാകും. ആകാശത്ത് തെക്ക്-കിഴക്ക് ദിശയിൽ വ്യാഴത്തെയും കാണാൻ സാധിക്കും. പടിഞ്ഞാറൻ ആകാശത്ത് ശുക്രനും ബുധനും അൽപ്പം മുകളിലായി ശനിയെയും കാണാം.
ഇന്ത്യയിൽ ഡൽഹി, മുംബൈ, കൊൽക്കത്ത, ബെംഗളൂരു തുടങ്ങിയ മെട്രോ നഗരങ്ങളിലും ഈ പ്രതിഭാസം ദൃശ്യമാകും. പ്രകാശമലിനീകരണം കുറഞ്ഞ സ്ഥലങ്ങളിൽ കൂടുതൽ വ്യക്തമായി ദൃശ്യമാകും.
സൗരയൂഥത്തിലെ ഗ്രഹങ്ങളെല്ലാം സൂര്യന് ചുറ്റും ഒരേ തലത്തിൽ ഭ്രമണം ചെയ്യുന്നതുകൊണ്ട് അവ ഇടക്കിടെ ആകാശത്ത് ഒരേ പാതയിൽ വരുന്ന പ്രതിഭാസമാണ് പ്ലാനറ്ററി പരേഡ് . ഭൂമിയിൽ നിന്നും നോക്കുമ്പോൾ ഇവ ആകാശത്ത് ഒരു വരിയിൽ നിൽക്കുന്നതായി തോന്നും. ആറ് ഗ്രഹങ്ങൾ ഒരേസമയം ഇങ്ങനെ കാണപ്പെടുന്നത് വളരെ അപൂർവമാണ്. ഇതിനുമുമ്പ് 2025ൽ സമാനമായ പ്രതിഭാസം നടന്നിരുന്നു. ഇനി ഇത്തരമൊരു വിസ്മയ കാഴ്ചക്കായി 2040 വരെ കാത്തിരിക്കേണ്ടി വരും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.