ഗസ്സസിറ്റി: ഗസ്സ കൂട്ട ശ്മശാനമായി മാറാൻ അധികകാലം വേണ്ടിവരില്ലെന്ന മുന്നറിയിപ്പുമായി ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് എന്ന സംഘടനയിൽ പ്രവർത്തിക്കുന്ന യു.എസ് ഡോക്ടർ എമിലി കള്ളാഹൻ. വെള്ളവും ഭക്ഷണവുമില്ലാതെ ഗസ്സയിൽ പ്രവർത്തിക്കുന്ന തങ്ങളുടെ സംഘത്തിൽ പെട്ടവർ വിശന്നുമരിക്കാൻ പോവുകയാണെന്നും അവർ വെളിപ്പെടുത്തി. ഇസ്രായേലിന്റെ നിരന്തരമുള്ള ബോംബാക്രമണത്തിൽ ശരീരം മുഴുവൻ മാരകമായി പൊള്ളലേറ്റ കുഞ്ഞുങ്ങളുടെ ശരീരങ്ങൾ ആർക്കും കണ്ടുനിൽക്കാനാവില്ല. പല അവയവങ്ങളും താറുമാറായിരിക്കുന്നു.
കുട്ടികൾ കഴിയുന്ന അഭയാർഥി കേന്ദ്രത്തിൽ കുടിക്കാൻ പോലും വെള്ളമില്ലാത്ത അവസ്ഥയാണ്. 12മണിക്കൂർ കൂടുമ്പോൾ മാത്രമാണ് അവർക്ക് വെള്ളം കിട്ടുന്നത്. ആ ക്യാമ്പിൽ നാല് ടോയ്‍ലറ്റുകൾ മാത്രമാണുള്ളതെന്നും എമിലി കള്ളാഹൻ വെളിപ്പെടുത്തി. തെക്കൻ ഗസ്സയിലെ ഖാൻ യൂനിസിലെ യു.എൻ അഭയാർഥി കേന്ദ്രത്തിലെ അവസ്ഥ വിവരിക്കുകയായിരുന്നു എമിലി. ആശുപത്രികൾ തിങ്ങിനിറഞ്ഞിരിക്കുന്നതിനാൽ പലരെയും നിർബന്ധിച്ച് ഡിസ്ചാർജ് ചെയ്യിക്കേണ്ടി വരികയാണ്. 20,000ത്തിലേറെ ആളുകളാണ് ഖാൻ യൂനിസ് കേന്ദ്രത്തിൽ തിങ്ങിഞെരുങ്ങി കഴിയുന്നത്.
രക്ഷിതാക്കൾ പരിക്കേറ്റ കുഞ്ഞുങ്ങളെ സഹായിക്കൂ എന്ന് പറഞ്ഞ് ഞങ്ങളുടെ അടുത്തേക്ക് വിടുകയാണ്. എന്നാൽ ഇത്രയധികം ആളുകളെ ചികിത്സിക്കാനുള്ള ഒരു സംവിധാനവും ഞങ്ങളുടെ അടുത്തില്ല. ഗസ്സയിലെ 20 ലക്ഷം ആളുകളിൽ 70 ശതമാനവും ഇപ്പോൾ യു.എൻ അഭയകേന്ദ്രങ്ങളിലാണ് ജീവിക്കുന്നത്. വെള്ളമോ ഭക്ഷണമോ പോയിട്ട് ആവശ്യത്തിന് ശുചിമുറികൾ പോലും ഇവിടെയില്ല. ഇത് ഗുരുതരമായ ആരോഗ്യ പ്രതിസന്ധിയാണ് ഉണ്ടാക്കിവെക്കുക. ഒക്ടോബർ ഏഴിന് ഇസ്രായേൽ ഗസ്സയിൽ തുടങ്ങിയ ആക്രമണം തുടരുകയാണിപ്പോഴും. ഇതുവരെ 1400ലേറെ പേരാണ് കൊല്ലപ്പെട്ടത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.