ബരാക് ഒബാമ, ബൈഡൻ
വാഷിങ്ടൺ: മുൻ പ്രസിഡന്‍റുമാരായ ബരാക് ഒബാമ, ജോ ബൈഡൻ ഉൾപ്പെടെയുള്ളവരെ വൈറ്റ് ഹൗസിലേക്ക് ഫുട്ബോൾ മത്സരം ഒരുമിച്ച് കാണാൻ ക്ഷണിക്കുമെന്ന് ഡോണൾഡ് ട്രംപ്. യു.എസിന് സ്വാതന്ത്ര്യം ലഭിച്ചതിന്‍റെ 250-ാം വാർഷികത്തിന് മുന്നോടിയായി വെള്ളിയാഴ്ച പുറത്തിറങ്ങിയ ലേഡി ഉഷ വാൻസ് അവതരിപ്പിക്കുന്ന പോഡ്കാസ്റ്റിലാണ് ട്രംപ് ഇക്കാര്യം പറഞ്ഞത്.
യൂട്യൂബിൽ കുട്ടികൾക്കായി അതിഥികൾ പുസ്തകങ്ങൾ വായിക്കുന്നതാണ് ഈ പോഡ്കാസ്റ്റ്. പോഡ്കാസ്റ്റിൽ പ്രസിഡന്‍റുമാർ തങ്ങളുടെ ഒഴിവുസമയം എങ്ങനെ ചെലവഴിക്കുന്നു എന്നതിനെക്കുറിച്ച് സംസാരിക്കുകയും മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റനെ പ്രശംസിക്കുകയും മുൻകാല പ്രസിഡന്‍റുമാരെക്കുറിച്ച് തമാശരൂപേണ സംസാരിക്കുകയും ചെയ്തു. വൈറ്റ് ഹൗസ് ഹിസ്റ്റോറിക്കൽ അസോസിയേഷൻ പ്രസിദ്ധീകരിച്ച 'പ്രസിഡന്റ്സ് പ്ലേ!' എന്ന പുസ്തകത്തിൽ വൈറ്റ് ഹൗസിൽ ഇരുന്ന് സൂപ്പർ ബൗൾ മത്സരം കാണുന്ന ഒരു പ്രസിഡന്‍റിന്‍റെ ചിത്രം കണ്ടപ്പോൾ തനിക്കൊരു ആശയം തോന്നിയെന്ന് ട്രംപ് പറഞ്ഞു. "ഒബാമയെയും, ജോ ബൈഡനെയും ഒരു ഫുട്ബോൾ മത്സരം ഒരുമിച്ച് കാണാൻ ക്ഷണിച്ചാലോ എന്ന് ചിന്തിക്കുന്നു," ട്രംപ് പറഞ്ഞു. ഒബാമയെയും ബൈഡനെയും തന്‍റെ പ്രസംഗങ്ങളിൽ പലപ്പോഴും വിമർശിക്കാറുള്ള ട്രംപിന്‍റെ ഈ പ്രസ്താവന ശ്രദ്ധേയമായി.
പ്രസിഡന്റുമാർ തങ്ങളുടെ ഒഴിവുസമയങ്ങളിൽ എന്താണ് ചെയ്യാൻ ഇഷ്ടപ്പെട്ടിരുന്നത് എന്ന് വിവരിക്കുന്നതായിരുന്നു പോഡ്കാസ്റ്റിൽ ട്രംപ് വായിച്ച പുസ്തകത്തിന്‍റെ ഉള്ളടക്കം. മുൻ പ്രസിഡന്‍റ് ബിൽ ക്ലിന്‍റൺ നല്ലൊരു മനുഷ്യനായിരുന്നുവെന്നും തനിക്ക് ബിൽ ക്ലിന്‍റനെ വലിയ ഇഷ്ടമാണെന്നും ട്രംപ് പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.