വിമാന റാഞ്ചലിനിടെ ബേനസീർ ഭൂട്ടോയെ വിളിച്ചപ്പോൾ ‘അവർ ഉറങ്ങുകയാണന്ന്' പറഞ്ഞു; പാക് നേതാക്കൾ ഫ്യൂഡൽ സമൂഹമെന്ന് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞൻ

ഇസ്ലാമാബാദ്: ഇറാൻ-അമേരിക്ക ചർച്ചക്ക് മധ്യസ്ഥതവഹിച്ച് ശ്രദ്ധ നേടിയിരിക്കുകയാണ് പാക് നേതാക്കൾ. എന്നാൽ പാക് നേതാക്കൾ ഫ്യൂഡൽ (പ്രഭുത്വപരമായ) സമൂഹമാണെന്ന് ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ് മുൻ സിംഗപ്പൂർ നയതന്ത്രജ്ഞനായ ബിലാഹാരി കൗസിക്കൻ. വിമാനം റാഞ്ചിയ വിവരം വിളിച്ചുപറഞ്ഞിട്ടും ബേനസീർ ഭൂട്ടോ സംസാരിക്കാൻ തയ്യാറായില്ലെന്ന് അദ്ദേഹം പറഞ്ഞു. ഒരു പാസഞ്ചർ വിമാനം റാഞ്ചിയ സമയത്ത് മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോ തന്നോട് സംസാരിക്കാൻ വിസമ്മതിച്ചു എന്നാണ് അദ്ദേഹം ഓർത്തെടുക്കുന്നത്. അവരെ വിളിച്ചപ്പോൾ ഭൂട്ടോ ഉറങ്ങുകയാണെന്ന് വീട്ടിലുള്ളവർ പറയുകയും ഫോൺ വെക്കുകയുമായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.

നാഷണൽ പ്രസ് ഫൗണ്ടേഷൻ സംഘടിപ്പിച്ച പത്രപ്രവർത്തകരുമായുള്ള സംഭാഷണത്തിനിടെയാണ് കൗസിക്കൻ ഈ സംഭവം വിവരിച്ചത്. പാകിസ്ഥാനിലെ രാഷ്ട്രീയക്കാർ "സമയനഷ്ടം" ആണെന്നും അവരാണ് രാജ്യം പരാജയത്തിന്റെ വക്കിലെത്താൻ കാരണമെന്നും അദ്ദേഹം വിശദീകരിച്ചു.

1991-ൽ, പാക് അക്രമി സംഘം ഒരു സിംഗപ്പൂർ വിമാനം റാഞ്ചിയിരുന്നു. ചർച്ചകളുടെ ഭാഗമായി, അന്ന് അധികാരത്തിലില്ലാതെ സിന്ധ് പ്രവിശ്യയിൽ താമസിച്ചിരുന്ന മുൻ പാകിസ്ഥാൻ പ്രധാനമന്ത്രി ബേനസീർ ഭൂട്ടോയുമായി സംസാരിക്കണമെന്ന് അവർ ആവശ്യപ്പെട്ടു.

ഇംഗ്ലീഷ് സംസാരിക്കാൻ കഴിയുന്ന ഒരാളെ ഫോണിൽ ലഭിച്ചെങ്കിലും, ഭൂട്ടോ സംസാരിക്കില്ലെന്ന് അയാൾ തീർത്തുപറയുകയും ഫോൺ വെക്കുകയും ചെയ്തു.

“അതാരാണ്, വേലക്കാരനാണോ അതോ വീട്ടിലെ അംഗമാണോ എന്ന് എനിക്കറിയില്ല. അപ്പോൾ ഞാൻ അവരോട് സാഹചര്യം വിശദീകരിച്ചു. അവിടെ നാലോ അഞ്ചോ റാഞ്ചികളുണ്ട്, അവർക്ക് എന്താണ് വേണ്ടതെന്ന് ഞങ്ങൾക്ക് ഉറപ്പില്ല. പക്ഷേ അവർക്ക് ബേഗം ബേനസീർ ഭൂട്ടോയോട് സംസാരിക്കണം, അവരോട് സംസാരിക്കാൻ അനുവദിച്ചാൽ കീഴടങ്ങാമെന്ന് അവർ ഞങ്ങളോട് പറഞ്ഞിട്ടുണ്ട്. അവരോട് സംസാരിക്കാൻ കഴിഞ്ഞില്ലെങ്കിൽ, അവർ യാത്രക്കാരെ കൊല്ലാൻ തുടങ്ങും. അതിനാൽ, ഞാൻ ഈ കാര്യം ആ വ്യക്തിയോട് മൂന്നുതവണ വിശദീകരിച്ചു. അപ്പോൾ അയാൾ, ‘മാഡം ഉറങ്ങുകയാണ്, ശല്യപ്പെടുത്താൻ കഴിയില്ല’ എന്ന് പറഞ്ഞു ഫോൺ വെച്ചു,” കൗസിക്കൻ പറഞ്ഞു.

ഒടുവിൽ, സുരക്ഷാ ഉദ്യോഗസ്ഥർ വിമാനത്തിനുള്ളിലേക്ക് കടക്കുകയും യാത്രക്കാരെയും ജീവനക്കാരെയും രക്ഷിക്കാൻ റാഞ്ചികളെ വെടിവെച്ചുകൊല്ലുകയും ചെയ്തു. എന്നാൽ ഭൂട്ടോ സഹകരിക്കാൻ വിസമ്മതിച്ചുവെന്ന് കൗസിക്കൻ ഊന്നിപ്പറഞ്ഞു.

സമീപകാലത്തെ യു.എസ്-പാകിസ്ഥാൻ സൗഹൃദവും പശ്ചിമേഷ്യൻ സംഘർഷത്തിൽ മധ്യസ്ഥത വഹിച്ചതിലൂടെ വർദ്ധിച്ചുവരുന്ന സ്വാധീനവും പാകിസ്ഥാന്റെ നയതന്ത്ര വിജയമാണെങ്കിലും, രാജ്യം “തകർച്ചയുടെ വക്കിലാണ്” എന്ന അടിസ്ഥാന യാഥാർത്ഥ്യം മറച്ചുവെക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags:    
News Summary - ‘She’s sleeping’: Ex-Singapore diplomat recalls call to Benazir Bhutto’s house during plane hijacking

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.