കിഴക്കൻ ജറുസലേമിനെ ഇസ്രായേൽ പൂർണമായും ഒറ്റപ്പെടുത്തുന്നു; പുതിയ പ്ലാൻ പുറത്ത്!

തെൽ അവീവ്: അധിനിവേശ വെസ്റ്റ് ബാങ്കിൽ 13 പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ കൂടി സ്ഥാപിക്കാൻ ഇസ്രായേൽ സുരക്ഷാ ക്യാബിനറ്റ് അനുമതി നൽകി. മേഖലയിൽ വീണ്ടും സംഘർഷങ്ങൾക്കും ഭൂമി കൈയേറ്റങ്ങൾക്കും വഴിവെക്കുന്ന നടപടിയാണിതെന്ന് ഫലസ്തീൻ അധികൃതർ മുന്നറിയിപ്പ് നൽകി. കിഴക്കൻ ജറുസലേമിനെ പലസ്തീൻ നഗരങ്ങളിൽനിന്നും പ്രദേശങ്ങളിൽ നിന്നും പൂർണമായും ഒറ്റപ്പെടുത്താനുള്ള നീക്കമാണിതെന്ന് ഫലസ്തീൻ ജറുസലേം ഗവർണറേറ്റ് വ്യക്തമാക്കി.

ഇസ്രായേൽ ചാനൽ 7 ആണ് ഈ വാർത്ത ആദ്യം പുറത്തുവിട്ടത്. വെസ്റ്റ് ബാങ്കിലെ ഏറ്റവും വലിയ കുടിയേറ്റ കേന്ദ്രങ്ങളിലൊന്നായ ബിന്യാമിൻ മേഖലയിലാണ് പുതിയ നിർമാണങ്ങൾ നടത്താൻ അനുമതി നൽകിയിരിക്കുന്നത്. ഫലസ്തീൻ നഗരങ്ങളായ നബ്ലസ്, റാമല്ല, ബത്‌ലഹേം എന്നിവയെ ബന്ധിപ്പിക്കുന്ന വെസ്റ്റ് ബാങ്കിലെ പ്രധാന വടക്ക്-തെക്ക് പാതയായ റൂട്ട് 60ന് സമീപത്തായാണ് ഈ കേന്ദ്രങ്ങൾ സ്ഥിതി ചെയ്യുന്നത്.

ആദ്യഘട്ടത്തിന്റെ ഭാഗമായി വരും മാസങ്ങളിൽ നാല് മുതൽ ആറ് വരെ പുതിയ കുടിയേറ്റ കേന്ദ്രങ്ങൾ നിർമ്മിക്കും. ഇതിനായി ലക്ഷക്കണക്കിന് ഷെക്കലുകളാണ് നിക്ഷേപിക്കുന്നത്.നിലവിലുള്ള ചില പാസ്റ്ററൽ ഔട്ട്‌പോസ്റ്റുകളെ (അനധികൃത കുടിയേറ്റ കേന്ദ്രങ്ങൾ) ഔദ്യോഗികമായി നിയമവിധേയമാക്കും.

ഇതോടെ ഇവക്ക് സർക്കാർ ഫണ്ടുകളും അടിസ്ഥാന സൗകര്യങ്ങളും ലഭിക്കും. ജറുസലേമിന് വടക്കുപടിഞ്ഞാറും റാമല്ലക്ക് പടിഞ്ഞാറും റൂട്ട് 60നോട് ചേർന്നുള്ള പ്രദേശങ്ങൾ, ജോർഡൻ താഴ്വരയിലേക്കുള്ള കിഴക്കൻ മേഖലകൾ എന്നിവയാണ് പുതിയ കുടിയേറ്റത്തിനായി ലക്ഷ്യമിടുന്നത്.

ഭൂമിശാസ്ത്രപരമായ യാഥാർഥ്യങ്ങൾ മാറ്റാനാണ് ഈ പദ്ധതി ലക്ഷ്യമിടുന്നതെന്ന് ഫലസ്തീൻ ജറുസലേം ഗവർണറേറ്റ് ചൂണ്ടിക്കാട്ടി. ഇത് ഭാവിയിൽ ഒരു സ്വതന്ത്ര പലസ്തീൻ രാഷ്ട്രം രൂപവത്കരിക്കുന്നതിന് വലിയ തടസ്സമാകും. വരാനിരിക്കുന്ന നെസെറ്റ് (ഇസ്രായേൽ പാർലമെന്റ്) തെരഞ്ഞെടുപ്പ് മുന്നിൽക്കണ്ട് നടത്തുന്ന രാഷ്ട്രീയ നാടകമാണിതെന്നും, ഇത് അന്താരാഷ്ട്ര നിയമങ്ങളുടെ ലംഘനമാണെന്നും അവർ പ്രസ്താവനയിൽ വ്യക്തമാക്കി. അന്താരാഷ്ട്ര സമൂഹം അടിയന്തരമായി ഇടപെടണമെന്നും ഗവർണറേറ്റ് ആവശ്യപ്പെട്ടു.

ഇസ്രായേലിന്റെ കുടിയേറ്റ നടപടികൾ സമീപകാലത്തായി അസാധാരണമായ രീതിയിൽ വർധിച്ചതായി ഫലസ്തീൻ ഫോറം ഫോർ ഇസ്രായേലി സ്റ്റഡീസിന്റെ കണക്കുകൾ വ്യക്തമാക്കുന്നു. 2012-22നും ഇടയിൽ പ്രതിവർഷം ശരാശരി എട്ട് ഔട്ട്‌പോസ്റ്റുകൾ മാത്രമായിരുന്നെങ്കിൽ, 2023ൽ ഇത് 32ഉം, 24ൽ 62-ഉം ആയി ഉയർന്നു. 2025ൽ ഇത് 86 ആയി വർധിച്ചു.

അനധികൃത ഔട്ട്‌പോസ്റ്റുകൾക്കായി ഇസ്രായേൽ സർക്കാർ വൻതോതിൽ ഫണ്ട് അനുവദിക്കുന്നുണ്ട്. 2023ൽ 28 ദശലക്ഷം ഷെക്കലും (7.5 ദശലക്ഷം ഡോളർ), 2024ൽ 75 ദശലക്ഷം ഷെക്കലും (20 ദശലക്ഷം ഡോളർ) സർക്കാർ ഇതിനായി ചെലവഴിച്ചു. 70 ഔട്ട്‌പോസ്റ്റുകൾക്ക് ധനസഹായം നൽകാനാണ് പദ്ധതിയിട്ടിരിക്കുന്നത്.

ഒസ്‌ലോ കരാർ പ്രകാരം പൂർണമായും പലസ്തീൻ നിയന്ത്രണത്തിലുള്ള ‘ഏരിയ എ’ പ്രദേശങ്ങളെ കൂടി കുടിയേറ്റ സംഘങ്ങൾ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ ആശങ്ക വർധിപ്പിക്കുന്നു. നിലവിൽ വെസ്റ്റ് ബാങ്കിലും കിഴക്കൻ ജറുസലേമിലുമായി ഏഴ് ലക്ഷത്തിലധികം ഇസ്രായേലി കുടിയേറ്റക്കാരാണ് താമസിക്കുന്നത്. അന്താരാഷ്ട്ര നിയമപ്രകാരം ഇസ്രായേലി കുടിയേറ്റങ്ങൾ നിയമവിരുദ്ധമാണെന്നാണ് ഭൂരിഭാഗം ലോകരാജ്യങ്ങളുടെയും നിലപാട്.

Tags:    
News Summary - Israel Approves 13 New West Bank Settlements, Isolating East Jerusalem Further

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.