ഫോട്ടോ കടപ്പാട് ബി.ബി.സി
ഇസ്ലാമാബാദ്: പാകിസ്താനിൽ മനുഷ്യ പ്ലാസെന്റ ശേഖരിച്ച് വിദേശത്തേക്ക് കടത്തിയ അന്തർദേശീയ ശൃംഖലയെക്കുറിച്ച് ഫെഡറൽ ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷണം ആരംഭിച്ചു.ആശുപത്രികളിൽ നിന്ന് പ്ലാസെന്റ ശേഖരിച്ച് സംസ്കരിച്ച ശേഷം ആന്റി-ഏജിങ് കുത്തിവെപ്പുകൾ നിർമ്മിക്കാൻ വിദേശത്തേക്ക് കയറ്റുമതി ചെയ്തിരുന്ന അന്തർദേശീയ ശൃംഖലയെയാണ് ഇൻവെസ്റ്റിഗേഷൻ ഏജൻസി അന്വേഷിക്കുന്നത്.
പ്രാഥമിക അന്വേഷണത്തിൽ, വിവിധ ആശുപത്രികളിൽ നിന്ന് പ്രതിമാസം ഏകദേശം 200 കിലോഗ്രാം മനുഷ്യ പ്ലാസെന്റ ശേഖരിച്ചിരുന്നുവെന്നാണ് കണ്ടെത്തിയത്. ഇവ പ്രത്യേക കേന്ദ്രങ്ങളിൽ എത്തിച്ച് ഉണക്കുകയും സംസ്കരിക്കുകയും ചെയ്ത ശേഷം വിദേശത്തേക്ക് കയറ്റുമതി ചെയ്യുകയായിരുന്നു. കഴിഞ്ഞ ആഴ്ച ഇസ്‌ലാമാബാദിൽ നടത്തിയ റെയ്ഡിൽ അനധികൃതമായി പ്രവർത്തിച്ചിരുന്ന ഒരു സംസ്കരണ കേന്ദ്രത്തിൽ നിന്ന് 500 കിലോഗ്രാം മനുഷ്യ പ്ലാസെന്റയെന്ന് സംശയിക്കുന്ന ടിഷ്യു പിടിച്ചെടുത്തിരുന്നു. സംഭവത്തിൽ അഞ്ച് പേരെയും അറസ്റ്റ് ചെയ്തിരുന്നു.
എഫ്.ഐ.എ പുറത്തുവിട്ട ചിത്രങ്ങളിൽ, റെയ്ഡിൽ പിടിച്ചെടുത്ത വീട്ടിൽ പ്ലാസെന്റ സംഭരിക്കാനും സംസ്കരിക്കാനുമായി മാറ്റിയതായി കാണാം. ട്രോളികളിൽ നിരത്തി ഉണക്കിവെച്ച പ്ലാസെന്റകളെയും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. അന്വേഷണം പുരോഗമിക്കുന്നതിനിടെ ബുധനാഴ്ച ഇസ്‌ലാമാബാദ് വിമാനത്താവളത്തിൽ നിന്ന് 100 കിലോഗ്രാം മനുഷ്യ ശരീര ടിഷ്യു വിയറ്റ്നാമിലേക്ക് കടത്താൻ ശ്രമിച്ച ചരക്കും അധികൃതർ പിടിച്ചെടുത്തു.
പാകിസ്താനിലെ ഹ്യൂമൻ ഓർഗൻ ട്രാൻസ്‌പ്ലാന്റ് അതോറിറ്റി ഉദ്യോഗസ്ഥയായ ഹിന കൻവാൽ നൽകുന്ന വിവരമനുസരിച്ച്, പ്രതികൾ ഇസ്‌ലാമാബാദിലെയും റാവൽപിണ്ടിയിലെയും ആശുപത്രികളിൽ നിന്ന് ഒരു പ്ലാസെന്റക്ക് ഏകദേശം 800 പാകിസ്താനി രൂപ നിരക്കിൽ വാങ്ങിയിരുന്നു. തുടർന്ന് ഇവ വിദേശത്തേക്ക് അയച്ച് ആന്റി-ഏജിങ് കുത്തിവെപ്പുകൾ നിർമ്മിച്ചിരുന്നതായും, ഒരു കുത്തിവെപ്പിന് ഏകദേശം ഏഴ് ലക്ഷം പാകിസ്താനി രൂപ വില ലഭിച്ചിരുന്നതായും എഫ്.െഎ.എ പറയുന്നു
ഈ കടത്ത്ശൃംഖല ഇസ്‌ലാമാബാദിൽ മാത്രം ഒതുങ്ങുന്നതല്ലെന്നും ലാഹോർ, പെഷാവർ, റാവൽപിണ്ടി തുടങ്ങിയ നഗരങ്ങളിലേക്കും വ്യാപിച്ചിരിക്കാമെന്നും അന്വേഷണ ഏജൻസി സംശയിക്കുന്നു. കുടിയേറ്റ ഉദ്യോഗസ്ഥർ, മാലിന്യ സംസ്കരണ കമ്പനികൾ, ചില ആശുപത്രികൾ എന്നിവരുടെ പങ്കും അന്വേഷിക്കുന്നുണ്ട്.
പാകിസ്താനിൽ മനുഷ്യ അവയവങ്ങൾ വാണിജ്യ ആവശ്യങ്ങൾക്ക് അനധികൃതമായി ശേഖരിക്കുന്നവർക്ക് 10 വർഷം വരെ തടവും 10 ലക്ഷം രൂപ വരെ പിഴയും ലഭിക്കുന്ന കുറ്റമാണ്. അനധികൃത അവയവമാറ്റ ശസ്ത്രക്രിയകളുമായി ബന്ധപ്പെട്ട കേസുകൾ മുമ്പും അന്വേഷിച്ചിട്ടുണ്ടെങ്കിലും, മനുഷ്യ പ്ലാസെന്റയെ കേന്ദ്രീകരിച്ചുള്ള സംഘടിത അന്തർദേശീയ ശൃംഖല കണ്ടെത്തുന്നത് ഇതാദ്യമാണെന്നാണ് എഫ്.ഐ.എ ഉദ്യോഗസ്ഥർ വ്യക്തമാക്കുന്നു. അറസ്റ്റിലായവർ ആദ്യം ഇത് ആടിന്റെ പ്ലാസെന്റ ആണെന്ന് അവകാശപ്പെട്ടെങ്കിലും തുടർന്ന് നടത്തിയ ചോദ്യംചെയ്യലിൽ അത് മനുഷ്യ പ്ലാസെന്റയാണെന്ന് സമ്മതിച്ചതായി അധികൃതർ അറിയിച്ചു.
ഗൈനക്കോളജിസ്റ്റായ സദഫ് താരിഖ് പറയുന്നതനുസരിച്ച്, പ്ലാസെന്റ പ്രസവശേഷം ആശുപത്രികൾ ക്ലിനിക്കൽ മാലിന്യമായി കണക്കാക്കി സുരക്ഷിതമായി നശിപ്പിക്കേണ്ട ഉയർന്ന അണുബാധാ സാധ്യതയുള്ള മെഡിക്കൽ മാലിന്യമാണ്. സർക്കാർ അംഗീകാരം ലഭിച്ച സ്ഥാപനങ്ങൾക്കു മാത്രമാണ് ഇത്തരം മാലിന്യങ്ങൾ കൈകാര്യം ചെയ്യാൻ അനുമതിയുള്ളത്. കൃത്യമായ രേഖകൾ സൂക്ഷിക്കാനും ആശുപത്രികൾക്ക് നിയമപരമായ ബാധ്യതയുണ്ട്.
ഗർഭകാലത്ത് ശിശുവിന് പോഷകങ്ങളും ഓക്സിജനും നൽകുന്ന സുപ്രധാന അവയവമാണ് പ്ലാസെന്റ. പ്രസവത്തോടെ അതിന്റെ ദൗത്യം അവസാനിക്കുന്നതിനാൽ സാധാരണയായി അത് മെഡിക്കൽ മാലിന്യമായി സംസ്കരിക്കാറാണ് പതിവ്. എന്നാൽ പ്ലാസെന്റയിൽ പ്രോട്ടീൻ, ഇരുമ്പ്, കൊഴുപ്പ് തുടങ്ങിയ ഘടകങ്ങൾ അടങ്ങിയിട്ടുണ്ടെന്ന വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ ചില രാജ്യങ്ങളിൽ അത് ഗുളികകളായും കുത്തിവെപ്പുകളായും ഉപയോഗിക്കുന്നുണ്ട്. ടിഷ്യു പുനരുജ്ജീവനത്തിനും വാർധക്യം കുറക്കാനും ഇത് സഹായിക്കുമെന്ന അവകാശവാദങ്ങൾ ഉണ്ടായിരുന്നാലും, അതിന് ശക്തമായ ശാസ്ത്രീയ തെളിവുകൾ നിലവിലില്ലെന്നും ആരോഗ്യവിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.