ഗസ്സ സിറ്റി: വർഷങ്ങൾ കഴിച്ചുകൂട്ടിയ സ്വന്തം വീടകങ്ങളുടെ സന്തോഷംതേടി അവർ അത്യാവേശത്തോടെ തിരിച്ചുനടന്നുതുടങ്ങി. വിശപ്പടക്കാൻ ഭക്ഷണവും കൊടുംതണുപ്പിൽ കുളിരകറ്റാൻ പുതപ്പും ഇനിയെങ്കിലും ലഭിക്കുമെന്ന പ്രതീക്ഷയോടെ. എന്നാൽ, ഫലസ്തീൻ പതാക ഉയർത്തി വീശിയും അവശ്യവസ്തുക്കൾ കൂടെ കരുതിയും മടക്കമാരംഭിച്ച അവരിൽ മഹാഭൂരിപക്ഷത്തെയും വരവേൽക്കാനിരിക്കുന്നത് ഇസ്രായേൽ ബോംബറുകൾ ഛിന്നഭിന്നമാക്കിയ കോൺക്രീറ്റ് കൂനകൾ. ഉറ്റവരിൽ പലരെയും നഷ്ടപ്പെട്ട അവർ ഇനി അന്തിയുറങ്ങുക കെട്ടിയുയർത്തുന്ന താത്കാലിക തമ്പുകളിൽ. ഇസ്രായേൽ ഭീകരത ഏറ്റവും കൂടുതൽ അനുഭവിച്ച വടക്കൻ ഗസ്സയിലടക്കം ഫലസ്തീനികൾ തിരിച്ചെത്തി തുടങ്ങിയിട്ടുണ്ട്. എല്ലായിടത്തും അവർക്ക് ഒന്നിൽനിന്ന് തുടങ്ങണം. തത്കാലം ഉയർത്തുന്ന തമ്പുകൾക്ക് പകരം വീടുകൾ നിർമിക്കാൻ ഇനി എന്നു സാധ്യമാകുമെന്ന ആധി ഫലസ്തീനികൾക്കുണ്ട്.
ഇതൊക്കെയാകുമ്പോഴും അവർ ആഘോഷത്തിലാണ്. 15 മാസമായി തുടരുന്ന സമാനതകളില്ലാത്ത കുരുതിക്ക് തത്കാലം അറുതിയാകുന്ന സന്തോഷം. ഏതുനിമിഷവും മരണം വർഷിക്കുന്ന ബോംബറുകളുടെ മുഴക്കവും തീയും കുറെ നാൾ ഉറക്കം ഞെട്ടിയുണർത്തില്ലെന്ന ആശ്വാസം. ബാക്കിയായവരെയെങ്കിലും സന്തോഷത്തോടെ ചേർത്തുപിടിക്കാനാകുമെന്ന പ്രത്യാശ. ഗസ്സക്ക് ഭക്ഷണവും വസ്ത്രങ്ങളും മരുന്നുമായി ആവശ്യങ്ങൾ മലയോളമാണ്. വെടിനിർത്തൽ പ്രാബല്യത്തിലായി 15 മിനിറ്റിനകം സഹായ ട്രക്കുകൾ അതിർത്തി കടന്ന് ഗസ്സയിലേക്ക് പ്രവഹിച്ചുതുടങ്ങിയതാണ് പ്രതീക്ഷ പകരുന്നത്. ടക്ക് സീകിം, തെക്ക് കറം അബൂസാലെം, റഫ അതിർത്തികൾ വഴിയാണ് പ്രധാനമായും ട്രക്കുകളെത്തുന്നത്. ആദ്യ ഘട്ടത്തിൽ ഗോതമ്പുപൊടി, മറ്റു ഭക്ഷ്യ വസ്തുക്കൾ എന്നിവയാകും എത്തിക്കുക.
600 ട്രക്കുകൾ കടക്കാൻ അനുമതിയുള്ളതിനാൽ പരമാവധി വേഗത്തിൽ അവശ്യ വസ്തുക്കൾ ഗസ്സയിലെത്തിക്കുന്നതിനാണ് നിലവിൽ പ്രാധാന്യം. മറ്റൊരു ഭരണം നിലവിലില്ലാത്തതിനാൽ ഹമാസ് തന്നെയാകും കാര്യങ്ങൾ നിയന്ത്രിക്കുക. കഴിഞ്ഞ ആഴ്ചകളിൽ 40 ട്രക്കുകൾ മാത്രമാണ് അതിർത്തി കടന്നിരുന്നത്.
പലയിടങ്ങളിലായി കുടുങ്ങിക്കിടന്ന ഉറ്റവരെ കാണാനാകുമെന്നതാണ് ഗസ്സക്കാരെ ഏറ്റവുമധിക്കം സന്തോഷിപ്പിക്കുന്നത്. കുടുംബങ്ങളെയും ബന്ധുക്കളെയും മാത്രമല്ല, നാടും കാണാനാണ് തിരികെ യാത്രയെന്ന് ഗസ്സ വാസിയായ ഉമ്മു സാലിഹിന്റെ വാക്കുകൾ. ഒന്നര വർഷത്തോളമായി മുടങ്ങിക്കിടക്കുന്ന വിദ്യാഭ്യാസം പുനഃസ്ഥാപിക്കുന്നതടക്കം വലിയ വിഷയങ്ങളും അടിയന്തരമായി ചെയ്തുതുടങ്ങണം. ബോംബുകളും യുദ്ധവിമാനങ്ങളും ഡ്രോണുകളും അലോസരപ്പെടുത്താത്ത ഈ നാളുകൾ തുടരട്ടെയെന്ന് ഫലസ്തീനികൾ സ്വപ്നം കാണുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.