‘ഈ പ്രമേയം നടപ്പാക്കണം, വീഴ്ച സംഭവിച്ചാൽ പൊറുക്കാനാവില്ല’ -ഗുട്ടെറസ്

യു​നൈറ്റഡ് നേഷൻസ്: ഗസ്സയിൽ അടിയന്തര വെടിനിർത്തൽ നടപ്പാക്കണമെന്ന് ആവശ്യപ്പെടുന്ന പ്രമേയം ഉടൻ നടപ്പാക്കണമെന്ന് യു.എൻ സെക്രട്ടറി ജനറൽ അന്റോണിയോ ഗുട്ടെറസ് ആഹ്വാനം ചെയ്തു. ഇതിൽ വീഴ്ച സംഭവിച്ചാൽ പൊറുക്കാനാവില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

‘ഗസ്സയിൽ ഉടനടി വെടിനിർത്തൽ വേണമെന്നും എല്ലാ ബന്ദികളെയും ഉടനടി നിരുപാധികം മോചിപ്പിക്കണമെന്നും ആവശ്യപ്പെട്ട് ദീർഘകാലമായി കാത്തിരുന്ന പ്രമേയത്തിന് രക്ഷാ സമിതി അംഗീകാരം നൽകി. ഈ പ്രമേയം നടപ്പാക്കണം. ഇതിൽ വീഴ്ച വരുത്തുന്നത് പൊറുക്കാനാവില്ല’ -ഗുട്ടെറസ് എക്സിൽ പോസ്റ്റ് ചെയ്തു.

വോട്ടെടുപ്പിൽ നിന്ന് അമേരിക്ക വിട്ടുനിന്നതോടെയാണ് റമദാനിൽ ഗസ്സയിൽ വെടിനിർത്തലിന് ആഹ്വാനം ചെയ്യുന്ന പ്ര​മേയം യു.എൻ രക്ഷാ സമിതിയിൽ പാസായത്. സമിതിയിലെ 14 അംഗങ്ങൾ പ്രമേയത്തെ അനുകൂലിച്ച് വോട്ട് ചെയ്‌തു. മുഴുവൻ ബന്ദികളെയും നിരുപാധികം വിട്ടയക്കാനും പ്രമേയം ആഹ്വാനം ചെയ്യുന്നുണ്ട്.

നേരത്തെ നിരവധി തവണ വെടിനിർത്തൽ പ്രമേയം അംഗരാജ്യങ്ങൾ കൊണ്ടുവന്നപ്പോൾ അമേരിക്ക വീറ്റോ അധികാരം പ്രയോഗിച്ച് തള്ളിയിരുന്നു. ഇസ്രായേലിന് അനുകൂലമായി അമേരിക്ക കൊണ്ടുവന്ന പ്രമേയങ്ങൾ റഷ്യയും ചൈനയും വീറ്റോ ചെയ്തിരുന്നു. ഇതാദ്യമായാണ് രക്ഷാ സമിതിയിൽ വെടിനിർത്തൽ പ്രമേയം പാസാകുന്നത്.

10 അംഗങ്ങൾ ചേർന്ന് തയാറാക്കിയ പ്രമേയം മൊസാംബിക്കിന്റെ പ്രതിനിധിയാണ് നിർദേശിച്ചത്. അതിനിടെ, പ്രമേയം യു.എസ് വീറ്റോ ചെയ്യാത്തതിൽ പ്ര​തിഷേധിച്ച് വാഷിങ്ടണിലേക്കുള്ള പ്രതിനിധി സംഘത്തെ ഇസ്രായേൽ പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു പിൻവലിച്ചു. 

Tags:    
News Summary - ceasefire in Gaza to be implemented, failure would be unforgivable -António Guterres

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.