(photo: MOHAMMED SALEM/ REUTERS)
ജറൂസലം: അഞ്ച് ദിവസത്തെ ആക്രമണത്തിന് വിരാമമിട്ട് ഇസ്രായേലും ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദും തമ്മിൽ വെടിനിർത്തൽ പ്രാബല്യത്തിൽവന്നു. ശനിയാഴ്ച രാത്രി വെടി നിർത്തൽ നിലവിൽ വന്നെങ്കിലും തുടർന്നുള്ള രണ്ട് മണിക്കൂർ നേരം ഇരു ഭാഗത്തുനിന്നും ആക്രമണമുണ്ടായത് ആശങ്ക പടർത്തിയിരുന്നു.
കഴിഞ്ഞ ചൊവ്വാഴ്ച ആരംഭിച്ച ആക്രമണത്തിൽ 33 ഫലസ്തീനികൾ കൊല്ലപ്പെട്ടു. ഗസ്സയിൽനിന്ന് ഇസ്രായേലിലേക്ക് നടന്ന റോക്കറ്റാക്രമണത്തിൽ ഒരു ഇസ്രായേൽ പൗരനും രാജ്യത്ത് ജോലി ചെയ്യുന്ന ഫലസ്തീൻകാരനും കൊല്ലപ്പെട്ടു. ഈജിപ്ത് മുൻകൈയെടുത്ത് നടത്തിയ ശ്രമങ്ങളാണ് വെടിനിർത്തലിലേക്ക് നയിച്ചത്. വെടിനിർത്തലിനെ വാഷിങ്ടൺ സ്വാഗതംചെയ്തു. വെടിനിർത്തൽ തീരുമാനത്തിലെത്താൻ പ്രാദേശിക പങ്കാളികളുമായി സഹകരിച്ച് പ്രവർത്തിച്ചതായും വാഷിങ്ടൺ അറിയിച്ചു.
ശനിയാഴ്ച രാത്രി 10ന് വെടിനിർത്തൽ പ്രാബല്യത്തിൽ വരുന്നതിന് തൊട്ടുമുമ്പ് ഗസ്സയിൽനിന്ന് തെക്കൻ ഇസ്രായേലിലേക്കും തെൽ അവീവിന്റെ സമീപ പ്രദേശങ്ങളിലേക്കും റോക്കറ്റ് വർഷമുണ്ടായതിനെ തുടർന്ന് മുന്നറിയിപ്പ് സൈറൺ മുഴങ്ങി. വെടിനിർത്തൽ ആരംഭിക്കേണ്ട സമയം പിന്നിട്ടിട്ടും റോക്കറ്റാക്രമണം തുടർന്നു. ഇസ്ലാമിക് ജിഹാദിന്റെ രണ്ട് റോക്കറ്റ് വിക്ഷേപണ കേന്ദ്രങ്ങൾ ലക്ഷ്യമിട്ട് വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ അറിയിച്ചു.
രാത്രി 11നും റോക്കറ്റാക്രമണവും വ്യോമാക്രമണവും തുടർന്നു. പിന്നീട്, വെടിനിർത്തലിന് സമ്മതിച്ചതായുള്ള പ്രഖ്യാപനം ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹുവിന്റെ ഓഫിസ് നടത്തി. ഇതിനായി ഊർജിത ശ്രമം നടത്തിയ ഈജിപ്തിനെ അഭിനന്ദിക്കുകയും ചെയ്തു. ശാന്തതയെ ശാന്തതകൊണ്ട് നേരിടുമെന്നും ഇസ്രായേലിനെ ആക്രമിക്കുകയോ ഭീഷണിപ്പെടുത്തുകയോ ചെയ്താൽ, സ്വയം പ്രതിരോധിക്കാൻ ആവശ്യമായതെല്ലാം ചെയ്യുന്നത് തുടരുമെന്നും പ്രസ്താവനയിൽ പറഞ്ഞു. ഫലസ്തീനിയൻ ഇസ്ലാമിക് ജിഹാദും വെടിനിർത്തൽ സ്ഥിരീകരിച്ചു. അധിനിവേശകർ (ഇസ്രായേൽ) പാലിക്കുന്നിടത്തോളം തങ്ങളും കരാർ പാലിക്കുമെന്ന് ഇസ്ലാമിക് ജിഹാദ് വ്യക്തമാക്കി.
ഇസ്രായേൽ സൈന്യത്തിന്റെ കണക്കനുസരിച്ച് ഗസ്സയിൽനിന്ന് 1234 റോക്കറ്റുകളും മോർട്ടാറുകളും തൊടുത്തുവിട്ടിട്ടുണ്ട്. ഇതിൽ ഭൂരിഭാഗവും തകർക്കുകയോ തുറസ്സായ സ്ഥലങ്ങളിൽ പതിക്കുകയോ ചെയ്തിട്ടുണ്ട്. എന്നാൽ, ചിലത് വീടുകളിലും മറ്റ് കെട്ടിടങ്ങളിലും പതിച്ചതായും സൈന്യം അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.