കാനഡയിലെ ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം; വിസ തട്ടിപ്പിൽ പങ്കില്ലാത്തവരെ നാടുകടത്തില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി

ഒട്ടാവ: കാന‍ഡയിൽ നാടുകടത്തൽ ഭീഷണി നേരിടുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് ആശ്വാസം. വ്യാജ രേഖ ഉപയോഗിച്ചുള്ള വിസ തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന ഇന്ത്യക്കാർ ഉൾപ്പെടെയുള്ള വിദേശ വിദ്യാർഥികളെ നാടുകടത്തില്ലെന്ന് ഇമിഗ്രേഷൻ മന്ത്രി സിയാൻ ഫ്രേസർ അറിയിച്ചു.

പഠിക്കാനുള്ള ഉദ്ദേശത്തോടെ, വ്യാജ രേഖകളെ കുറിച്ച് ധാരണയില്ലാതെ കാനഡയിലെത്തിയ അന്താരാഷ്ട്ര വിദ്യാർഥികൾക്ക് 'താൽക്കാലിക താമസാനുമതി' നൽകാൻ മന്ത്രി ബന്ധപ്പെട്ടവർക്ക് നിർദേശം നൽകി. ‘വ്യാജ പ്രവേശന രേഖ ഉപയോഗിച്ചുള്ള തട്ടിപ്പിൽ പങ്കില്ലെന്ന് കണ്ടെത്തുന്ന വിദേശ വിദ്യാർഥികളെ നാടു കടത്തില്ലെന്ന് വ്യക്തമാക്കാൻ ഞാൻ ആഗ്രഹിക്കുന്നു. ഇമിഗ്രേഷൻ അഭയാർഥി സംരക്ഷണ നിയമം നൽകുന്ന വിവേചനാധികാരം നിലവിലെ സാഹചര്യത്തിൽ ഉപയോഗിക്കും’ -സിയാൻ ഫ്രേസർ വ്യക്തമാക്കി.

തട്ടിപ്പിന് ഇരയാക്കപ്പെട്ട വിദ്യാർഥികളെ രാജ്യത്തു തുടരാൻ അനുവദിക്കുമെന്നും എന്നാൽ തട്ടിപ്പിൽ പങ്കാളികളായവരെ നിയമനടപടികൾക്കു വിധേയമാക്കുമെന്നും മന്ത്രി കൂട്ടിച്ചേർത്തു. കാനഡയിലെ യൂനിവേഴ്സിറ്റികളിലേക്കുള്ള പ്രവേശന രേഖ വ്യാജമാണെന്നു കണ്ടെത്തിയതോടെ എഴുന്നൂറോളം ഇന്ത്യൻ വിദ്യാർഥികൾക്കു രാജ്യം വിടാനുള്ള കത്ത് കാനഡ ബോർഡർ സർവിസ് ഏജൻസി നേരത്തെ നൽകിയിരുന്നു.

പഞ്ചാബിൽ നിന്നുള്ള വിദ്യാർഥികളാണു ഇതിൽ ഭൂരിഭാഗവും. 2018ലാണു ഇവരിൽ ഭൂരിഭാഗവും കാനഡയിൽ എത്തിയത്. വിഷയത്തിൽ കേന്ദ്ര സർക്കാർ ഇടപ്പെട്ടിരുന്നു. കനേഡിയൻ പാർലമെന്റിലും വിഷയം ചർച്ചയായി.

Tags:    
News Summary - Canadian immigration minister says 'no deportation' of students not involved in visa fraud

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.