ഒട്ടാവ: കുപ്രസിദ്ധ കുറ്റവാളിയും അധോലോക നേതാവുമായ ലോറൻസ് ബിഷ്ണോയിയെയും സംഘത്തെയും തീവ്രവാദി പട്ടികയിൽ ഉൾപ്പെടുത്തി കാനഡ. രാജ്യത്തെ എല്ലാവരുടെയും സുരക്ഷ ഉറപ്പാക്കേണ്ടത് തങ്ങളുടെ ചുമതലയാണെന്ന് കാനഡയിലെ പൊതുസുരക്ഷ മന്ത്രി ഗാരി ആനന്ദസംഗ്രി പറഞ്ഞു. ഏതാനും വർഷങ്ങളായി ബിഷ്ണോയിയും സംഘവും സിഖ്, കനേഡിയൻ പൗരൻമാർ ഉൾപ്പെട്ട ഖലിസ്ഥാൻ വാദികളെ ലക്ഷ്യമിടുന്നുവെന്ന റിപ്പോർട്ടുകൾ പുറത്തുവന്നതിന് പിന്നാലെയാണ് നടപടി.
‘കാനഡയിലെ ഓരോ വ്യക്തിക്കും സ്വന്തം വീട്ടിലും സമൂഹത്തിലും സുരക്ഷിതമായി ജീവിക്കാൻ അവകാശമുണ്ട്. സർക്കാർ എന്ന നിലയില്‍ അവരെ സംരക്ഷിക്കേണ്ടത് നമ്മുടെ അടിസ്ഥാനപരമായ ഉത്തരവാദിത്വമാണ്. ബിഷ്‌ണോയി സംഘം ചില സമുദായങ്ങളെ ഭീകരതക്കും അതിക്രമത്തിനും ഇരയാക്കിയിട്ടുണ്ട്. ഈ സംഘത്തെ തീവ്രവാദി പട്ടികയില്‍ ഉള്‍പ്പെടുത്തുന്നത് കുറ്റകൃത്യങ്ങള്‍ പ്രതിരോധിക്കുന്നതിന് ശരിയായ മാര്‍ഗമാണ്,’- ഗാരി അഭിപ്രായപ്പെട്ടു.
2023 ജൂണില്‍ ഖലിസ്താന്‍ വിഘടനവാദി നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിനെ ഗുരുദ്വാരക്ക് പുറത്തുവെച്ച് കൊലപ്പെടുത്തിയതോടെയാണ് ബിഷ്‌ണോയ് സംഘം കാനഡയിൽ സജീവ ചർച്ചയാവുന്നത്. 2024-ല്‍ പഞ്ചാബി ഗായകരായ എ.പി ദില്ലിയോണിന്റെയും ഗിപ്പി ഗ്രൂവലിന്റെയും കാനഡയിലെ വസതിക്കുനേരെ വെടിയുതിര്‍ത്തതിന്‍റെ ഉത്തരവാദിത്വം ബിഷ്‌ണോയി സംഘം ഏറ്റെടുത്തിരുന്നു. ഇതിന് പിന്നാലെ സംഘത്തിനെതിരെ നടപടി ആവശ്യപ്പെട്ട് കനേഡിയൻ ഭരണകൂടത്തിന് മേൽ സിഖ് സമൂഹം സമ്മർദ്ദം ശക്തമാക്കിയിരുന്നു.
ഇതിനിടെ, കാനഡയിൽ അക്രമം പ്രോത്സാഹിപ്പിക്കാൻ ഇന്ത്യ ബിഷ്‍ണോയ് സംഘത്തെ ഉപയോഗിക്കുന്നതായുള്ള അന്നത്തെ പ്രധാനമന്ത്രി ജസ്റ്റിൻ ട്രൂഡോയുടെ ആരോപണം രാജ്യത്തെ പ്രതിരോധത്തിലാക്കിയിരുന്നു.കാനഡയുടെ നിലപാട് ഇന്ത്യ തളളിയതിന് പിന്നാലെ ഇരുരാജ്യങ്ങൾക്കുമിടയിൽ ബന്ധത്തിന് ഉലച്ചിലുണ്ടായിരുന്നു. നിലവില്‍ അഹമ്മദാബാദിലുള്ള സബര്‍മതി സെന്‍ട്രല്‍ ജയിലില്‍ ശിക്ഷ അനുഭവിച്ചുവരികയാണ് ലോറന്‍സ് ബിഷ്‌ണോയി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.