ഇസ്രായേൽ ആക്രമണം ഇറാനിൽ ആണവ സ്ഫോടനത്തിലേക്കു നയിക്കുമോ? വിദഗ്ധർ എന്തു പറയുന്നു...?

തെഹ്റാൻ: ആണവ സ്ഫോടനം നടക്കുമോ എന്നതാണ് ഇറാന്റെ ആണവ കേന്ദ്രങ്ങളെ ലക്ഷ്യമിട്ടുള്ള ഇസ്രായേലിന്റെ സൈനിക നടപടിയിൽ പ്രധാനമായും ഉയരുന്ന ആശങ്കകളിൽ ഒന്ന്.  എന്നാൽ ഇപ്പോൾ ഒരു സ്ഫോടനമോ ഒരു വലിയ റേഡിയോ വികിരണ ചോർച്ചയോ ഉൾപ്പെടുന്ന ആണവ ദുരന്തത്തിന്റെ അപകടസാധ്യതകൾ വളരെ കുറവാണെന്നാണ് വിദഗ്ധർ ചൂണ്ടിക്കാടുന്നത്. അതിന്റെ കാരണങ്ങൾ ഇതാണ്.

മധ്യ ഇറാനിലെ ഇസ്ഫഹാൻ പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന നതാൻസ് ആണവ കേന്ദ്രമാൺ് ഇസ്രായേലിന്റെ പ്രാഥമിക ലക്ഷ്യം. രാജ്യത്തെ പ്രധാന യുറേനിയം സമ്പുഷ്ടീകരണ കേന്ദ്രമാണ് നതാൻസ്. അവിടെയാണ് ഇറാൻ ആണവ ഇന്ധനത്തിന്റെ ഭൂരിഭാഗവും ഉത്പാദിപ്പിക്കുന്നത്.

ആണവായുധങ്ങൾ നിർമിക്കാൻ ഉപയോഗിക്കുന്ന ‘യുറേനിയം-235’ നെ ‘യുറേനിയം-238’ ഇനത്തിൽപ്പെട്ട പ്രകൃതിദത്തമായ യുറേനിയത്തിൽ നിന്ന് വേർതിരിച്ചെടുക്കുന്ന പ്രക്രിയയാണ് സമ്പുഷ്ടീകരണം. സമ്പുഷ്ടവും സമ്പുഷ്ടമല്ലാത്തതുമായ യുറേനിയം ഉൾപ്പെടെ വ്യത്യസ്ത ഫോർമുലേഷനുകളുടെ ആണവ വസ്തുക്കളും സമ്പുഷ്ടീകരണം നടത്തുന്ന സെൻട്രിഫ്യൂജുകളും നതാൻസിൽ സംഭരിക്കുന്നു.

വടക്കൻ പ്രവിശ്യയായ കോമിലെ ഫോർദോവിലുള്ള ഇറാന്റെ മറ്റ് പ്രധാന സമ്പുഷ്ടീകരണ കേന്ദ്രത്തിൽ നിന്ന് വ്യത്യസ്തമായി, നതാൻസിലെ മുഴുവൻ സംവിധാനവും ആഴത്തിൽ കുഴിച്ചിട്ടിട്ടില്ല. എന്നാൽ, യുറേനിയം സമ്പുഷ്ടമാക്കുന്ന കേന്ദ്രങ്ങളിൽ സൂക്ഷിച്ചിരിക്കുന്ന സംഭരണികൾ പേർഷ്യൻ മരുഭൂമിയിൽ ഏറെ ആഴത്തിലുള്ളതാണെന്നും വളരെ കട്ടിയിലുള്ള കോൺക്രീറ്റ് ഉപയോഗിച്ച് സംരക്ഷിക്കപ്പെട്ടിട്ടുണ്ടെന്നും പറയപ്പെടുന്നു.

ആണവ സ്ഫോടനത്തിന് വലിയ സാധ്യതയില്ല

ഈ കേന്ദ്രത്തിൽ ഇസ്രായേൽ ആക്രമിച്ചാലും ഒരു വലിയ ആണവ ദുരന്തത്തിന് സാധ്യതയില്ലെന്നാണ് പറയപ്പെടുന്നത്. പരമ്പരാഗത ആയുധങ്ങൾ ഉപയോഗിച്ച് ആണവ വസ്തുക്കളോ ഉപകരണങ്ങളോ അടിക്കുകയാണെങ്കിൽ ഒരു ആണവ സ്ഫോടനത്തിനോ വ്യാപകമായ വികിരണ ചോർച്ചക്കോ കാരണമാകില്ല. എന്നിരുന്നാലും, ആ സൗകര്യത്തോടു ചേർന്ന പ്രദേശങ്ങളിൽ റേഡിയോ ആക്ടീവ് വസ്തുക്കളുടെ വ്യാപനത്തിനുള്ള സാധ്യത തള്ളിക്കളയാനുമാവില്ല.

ഇതെല്ലാം കേന്ദ്രത്തിൽ സൂക്ഷിച്ചിരിക്കുന്ന ആണവ വസ്തുക്കളുടെ ഘടനയെ ആശ്രയിച്ചിരിക്കുന്നു. ആണവ വസ്തുക്കളും സ്ഫോടകവസ്തുക്കളും വെവ്വേറെ സൂക്ഷിക്കുകയാണെങ്കിൽ ആണവ വസ്തുക്കളിൽ നേരിട്ട് പതിച്ചാലും സ്ഫോടനത്തിനോ ചോർച്ചക്കോ വലിയ സാധ്യതയില്ലെന്ന് ഇന്ത്യയുടെ ആണവോർജ്ജ വകുപ്പിന്റെ മുൻ മേധാവി അനിൽ കകോദ്കർ പറഞ്ഞതായി ‘ഇന്ത്യൻ എക്സ്പ്ര്’ റിപ്പോർട്ട് ചെയ്തു.

ഇസ്രായേൽ അസംബിൾ ചെയ്ത ആണവായുധ സംവിധാനങ്ങളെ ആക്രമിച്ചാൽ പോലും കൂട്ട സ്ഫോടനം എന്നതിനേക്കാൾ പരിമിതമായ റേഡിയേഷൻ ചോർച്ച ആകാനുള്ള സാധ്യതയാണ് കൂടുതലെന്നും കകോദ്കർ പറയുന്നു.

എന്തുകൊണ്ടാണ് അത് സംഭവിക്കുന്നത്

ഒരു ആണവ സ്ഫോടനം ആരംഭിക്കുന്നതിന് വളരെ കൃത്യമായ പ്രക്രിയകളുടെ ഒരു കൂട്ടത്തെ പിന്തുടരേണ്ടതുണ്ട്. കൂടാതെ, വളരെ കൃത്യമായ ഒരു തുടക്കവും ആവശ്യമാണ്. ആകസ്മികമായ സ്ഫോടനം തടയാൻ എല്ലാ ആണവായുധ കേന്ദ്രങ്ങളിലും അന്തർനിർമിത സുരക്ഷാ സംവിധാനങ്ങളുണ്ടാവും.

അതിനാൽ, ഇറാന്റെ ആണവ കേന്ദ്രങ്ങൾക്ക് നേരെയുള്ള ഇസ്രായേൽ ആക്രമണം ഒരു ആണവ സ്ഫോടനത്തിനോ വലിയ റേഡിയേഷൻ ചോർച്ചക്കോ കാരണമാകാൻ സാധ്യതയില്ല. കേന്ദ്രത്തിനുള്ളിൽ ജോലി ചെയ്യുന്നവർക്കും തൊട്ടടുത്തുള്ള പ്രദേശങ്ങളിലും പ്രവർത്തിക്കുന്നവർക്കും തീർച്ചയായും ആരോഗ്യപരമായ അപകടമുണ്ടാക്കാം. ആണവ വസ്തുക്കൾ പരിസ്ഥിതിയിലേക്ക് വ്യാപിക്കുന്നതിനുംകാരണമാകാം. എന്നാൽ ഇത് കേന്ദ്രത്തിലോ ആക്രമണ സ്ഥലത്തോ മാത്രം പരിമിതപ്പെട്ടേക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

റഷ്യ-യുക്രെയ്ൻ യുദ്ധത്തിലും സമാനമായ ഒരു ആണവ അപകടത്തെക്കുറിച്ചുള്ള ഭയം നിലനിന്നിരുന്നു. പ്രത്യേകിച്ച് യുക്രെയ്‌നിന്റെ ‘സപോരിജിയ’ ആണവ നിലയം പോരാട്ടത്തിൽ കുടുങ്ങിയപ്പോൾ പ്ലാന്റിന് ചില കേടുപാടുകൾ സംഭവിച്ചു.

Tags:    
News Summary - Can Israel’s attack on Iran’s nuclear assets lead to an explosion or radiation leak?

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.