വാഷിങ്ടൺ: ജന്മാവകാശ പൗരത്വം റദ്ദാക്കിക്കൊണ്ടുള്ള പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ എക്സിക്യൂട്ടിവ് ഉത്തരവ് യു.എസ് ഫെഡറൽ ജഡ്ജി അനിശ്ചിത കാലത്തേക്ക് മരവിപ്പിച്ചു.
ഭരണഘടനയെ മറികടക്കാനാണ് ട്രംപ് ശ്രമിക്കുന്നതെന്ന് വിധി പറയവെ മേരിലാൻഡ് ഡിസ്ട്രിക്ട് ജഡ്ജി ഡിബോറ ബോർഡ്മാൻ വ്യക്തമാക്കി. ജന്മാവകാശ പൗരത്വത്തിന്റെ കാര്യത്തിൽ തുടർച്ചയായി രണ്ടാം തവണയാണ് ട്രംപിന് തിരിച്ചടിയേൽക്കുന്നത്. നേരത്തേ സീറ്റിൽ ഫെഡറൽ ജഡ്ജി ജോൺ കഫ്നൂർ ട്രംപിന്റെ ഉത്തരവ് താൽക്കാലികമായി മരവിപ്പിച്ചിരുന്നു.
അമേരിക്കയിൽ ജനിക്കുന്ന കുഞ്ഞുങ്ങളുടെ ജന്മാവകാശ പൗരത്വം റദ്ദാക്കുകയാണ് സർക്കാർ ലക്ഷ്യമിടുന്നതെങ്കിൽ ആദ്യം ചെയ്യേണ്ടത്, ഭരണഘടന ഭേദഗതി കൊണ്ടുവരുകയാണെന്ന് ജഡ്ജി ചൂണ്ടിക്കാട്ടി.
ഉത്തരവിനെതിരെ അപ്പീൽ നൽകുമെന്ന് യു.എസ് ജസ്റ്റിസ് ഡിപ്പാർട്മെന്റ് അറിയിച്ചു. രണ്ട് ഉത്തരവുകളും രാജ്യവ്യാപകമായി ബാധകമാണ്. കേസ് പുരോഗമിക്കുന്നതുവരെ അവ പ്രാബല്യത്തിൽ തുടരും. യു.എസിൽ ഗ്രീൻകാർഡിനായി വർഷങ്ങളായി കാത്തിരിക്കുന്ന ഇന്ത്യയിൽനിന്നടക്കമുള്ള പൗരന്മാർക്ക് വലിയ ആശ്വാസം പകരുന്നതാണ് കോടതി വിധി.
ഫെബ്രുവരി 20നു ശേഷം യു.എസിൽ ജനിക്കുന്ന കുട്ടികൾക്ക് ജന്മാവകാശം റദ്ദാകുമെന്ന എക്സിക്യൂട്ടിവ് ഉത്തരവിലാണ് ട്രംപ് ഒപ്പുവെച്ചത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.