ബ്രിട്ടീഷ് മുൻ പ്രധാനമന്ത്രി ടോണി ബ്ലെയറിന്റെ നേതൃത്വത്തിലുള്ള സംഘത്തിന് ഗസ്സയുടെ ഇടക്കാല ഭരണത്തിന്റെ ചുമതല നൽകുക എന്നതാണ് യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ 20 ഇന സമാധാന പദ്ധതികളിലൊന്ന്. ഇതിനകംതന്നെ വലിയ വിവാദങ്ങൾക്ക് ഇടനൽകിയിട്ടുള്ള ഈ നിർദേശം, ബ്ലെയറിന്റെ സഹപ്രവർത്തകരെക്കുറിച്ചുള്ള സൂചനകൾകൂടി പുറത്തുവന്നതോടെ പുതിയ ചർച്ചകൾക്ക് തുടക്കമിട്ടു.
ഇറാഖിലും അഫ്ഗാനിലും യു.എസ് അജണ്ടക്ക് വഴങ്ങി സൈനികാധിനിവേശത്തിന്റെ ഭാഗമായി മാറിയ ബ്ലെയറിനെ ഗസ്സയുടെ ഇടക്കാല ഗവർണറാക്കുന്നതിൽ വലിയ വിമർശനമാണ് ഉയർന്നത്. ഇപ്പോഴിതാ അദ്ദേഹത്തിന്റെ സംഘാംഗങ്ങളിൽ ചിലരുടെ പേരുകൾ പുറത്തുവന്നിരിക്കുന്നു. ബ്ലെയറിനെപ്പോലെ ലോകത്തെ അറിയപ്പെടുന്ന കോടീശ്വരന്മാരും മറ്റും ഉൾപ്പെടുന്ന സംഘത്തിൽ കടുത്ത ഇസ്രായേൽപക്ഷപാതികളും സയണിസ്റ്റുകളുമൊക്കെയുണ്ട്. വെസ്റ്റ്ബാങ്കിനെയും ഗസ്സയെയും രണ്ടു പ്രത്യേക ഭൂഭാഗമായി പരിഗണിച്ച്, ഏകീകൃത ഫലസ്തീൻ രാഷ്ട്രം അപ്രസക്തമാക്കുകയെന്ന ദീർഘകാല ഇസ്രായേലി ഗൂഢപദ്ധതിക്കായിരിക്കും ഇത് വഴിവെക്കുക എന്നുറപ്പാണ്.
ഗസ്സ ഇന്റർനാഷനൽ ട്രാൻസിഷനൽ അതോറിറ്റി (ഗിറ്റ) എന്ന സംവിധാനമായിരിക്കും ഗസ്സയുടെ ഭരണമാറ്റത്തിന് നേതൃത്വം നൽകുക. ഈ സംവിധാനത്തിന്റെ ചുമതലയാണ് ബ്ലെയർക്ക്. പശ്ചിമേഷ്യയിൽ സമാധാനത്തിനായുള്ള യു.എന്നിന്റെ പ്രത്യേക കോഓഡിനേറ്റർ സിഗ്രിദ് മരിയ കാഗ്, ട്രംപിന്റെ സുഹൃത്തും പ്രമുഖ അമേരിക്കൻ വ്യവസായിയും അപ്പോളോ ഗ്ലോബൽ മാനേജ്മെന്റ് സി.ഇ.ഒയുമായ മാർക് റോവാൻ, ഈജിപ്തിലെ പ്രമുഖ ബിസിനസുകാരനായ നജീബ് ഉൻസി സാവാരിസ്, യു.എസിലെ അറിയപ്പെടുന്ന ജൂത പുരോഹിതനും യു.എസ്-ഇസ്രായേൽ നയതന്ത്രത്തിലെ നിർണായക കണ്ണിയുമായ അരിയേഹ് ലൈറ്റ്സ്റ്റോൺ എന്നീ പേരുകളാണിപ്പോൾ പുറത്തുവന്നിരിക്കുന്നത്.
ഫലസ്തീൻ വിഷയത്തിൽ പൂർണമായും ഇസ്രായേൽ അനുകൂല നിലപാട് സ്വീകരിച്ചവരാണ് നാല് പേരും. നെതർലൻഡ്സിൽ കാബിനറ്റ് അംഗമായിരുന്ന സിഗ്രിദ് രണ്ടുവർഷമായി യു.എൻ പ്രതിനിധിയായി ഗസ്സയിൽ പ്രവർത്തിക്കുന്നുണ്ട്. ഗസ്സയിലെ ദുരന്തബാധിതരുടെ പുനരധിവാസത്തിനും മറ്റും ചുമതലയുണ്ടായിരുന്ന സിഗ്രിദിന്റെ പ്രവർത്തനങ്ങൾ ഇതിനകംതന്നെ വിമർശിക്കപ്പെട്ടിട്ടുണ്ട്. മാർക് റോവാനാണ് സംഘത്തിലെ ട്രംപിന്റെ പ്രതിനിധി.
ഒരുസമയത്ത്, യു.എസ് ട്രഷറി സെക്രട്ടറി സ്ഥാനത്തേക്കുവരെ ട്രംപ് പരിഗണിച്ചയാളാണ് റോവാൻ. ബ്ലെയറുമായി ബിസിനസ് ബന്ധമുള്ളയാളാണ് കോപ്റ്റിക് ക്രൈസ്തവ സമുദായാംഗമായ നജീബ്. അരിയേഹ് ലൈറ്റ്സ്റ്റോൺ രൂപം നൽകിയ ഗസ്സ ഹ്യൂമനിറ്റേറിയൻ ഫൗണ്ടേഷൻ (ജി.എച്ച്.എഫ്) എന്ന സന്നദ്ധ സംഘടനക്കുമാത്രമേ നിലവിൽ ഗസ്സയിൽ ഭക്ഷ്യ സഹായവിതരണത്തിന് അനുമതിയുള്ളൂ. ഇവരുടെ സഹായകേന്ദ്രങ്ങളിലാണ് കഴിഞ്ഞ മാർച്ചിനുശേഷം ഏറ്റവും കുടുതൽ വ്യോമാക്രമണങ്ങൾ നടന്നിട്ടുള്ളത്. ഈ ആക്രമണങ്ങളിൽ മാത്രം 2000ലധികം ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്.
ലോകത്തെ പല സംഘടനകളും രാജ്യങ്ങളും ജി.എച്ച്.എഫിന്റെ പ്രവർത്തനങ്ങളെ സംശയത്തോടെയാണ് നോക്കിക്കാണുന്നത്. ആരോഗ്യ പ്രവർത്തകരുടെ കൂട്ടായ്മയായ ഡോക്ടേഴ്സ് വിത്തൗട്ട് ബോർഡേഴ്സ് (എം.എസ്.എഫ്) ജി.എച്ച്.എഫിന്റേത് ആസൂത്രിത കൊലപാതക പ്രവർത്തനമാണെന്ന് ആരോപിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.