ബിൽ ഗേറ്റ്സ്

യുവതികളുമായുള്ള ബന്ധത്തിലൂടെ ബിൽ ഗേറ്റ്‌സിന് ലൈംഗിക രോഗം -ഗുരുതര ആരോപണങ്ങളുമായി എപ്‌സ്റ്റീൻ ഫയലുകൾ

ന്യൂയോർക്ക്: അന്തരിച്ച വിവാദ വ്യവസായി ജെഫ്രി എപ്‌സ്റ്റീനുമായി ബന്ധപ്പെട്ട പുതിയ രേഖകൾ പുറത്തുവന്നതോടെ മൈക്രോസോഫ്റ്റ് സഹസ്ഥാപകൻ ബിൽ ഗേറ്റ്‌സ് വീണ്ടും പ്രതിക്കൂട്ടിൽ. റഷ്യൻ യുവതികളുമായുള്ള ലൈംഗിക ബന്ധത്തിലൂടെ ബിൽ ഗേറ്റ്‌സിന് ലൈംഗികരോഗം (Sexually transmitted infections) ബാധിച്ചതായും, ഇത് തന്റെ അന്നത്തെ ഭാര്യയായിരുന്ന മെലിൻഡ ഗേറ്റ്‌സിൽ നിന്ന് ഒളിച്ചുവെക്കാൻ അദ്ദേഹം രഹസ്യമായി മരുന്നുകൾ കഴിച്ചിരുന്നു എന്നുമാണ് പുതിയ ആരോപണം.

അമേരിക്കൻ നീതിന്യായ വകുപ്പ് വെള്ളിയാഴ്ച പുറത്തുവിട്ട ലക്ഷക്കണക്കിന് രേഖകളിലാണ് ഈ ഞെട്ടിക്കുന്ന വെളിപ്പെടുത്തലുകളുള്ളത്. 2013ൽ എപ്‌സ്റ്റീൻ തനിക്ക് തന്നെ അയച്ച ഇമെയിലുകളിലാണ് ഈ കാര്യങ്ങൾ പരാമർശിച്ചിരിക്കുന്നത്. റഷ്യൻ യുവതികളുമായി ലൈംഗിക ബന്ധത്തിൽ ഏർപ്പെട്ടതിനെത്തുടർന്ന് ഗേറ്റ്‌സിന് ലൈംഗികരോഗം പിടിപെട്ടതായി എപ്‌സ്റ്റീൻ അവകാശപ്പെടുന്നു. ഈ വിവരം മെലിൻഡ അറിയാതിരിക്കാൻ ഗേറ്റ്‌സ് എപ്‌സ്റ്റീന്റെ സഹായത്തോടെ ആന്റിബയോട്ടിക്കുകൾ കഴിച്ചിരുന്നതായി ഇമെയിലുകൾ ആരോപിക്കുന്നു. ഈ സംഭവവുമായി ബന്ധപ്പെട്ട ഇമെയിലുകൾ നശിപ്പിക്കാൻ ഗേറ്റ്‌സ് തന്നോട് ആവശ്യപ്പെട്ടിരുന്നതായും എപ്‌സ്റ്റീൻ കുറിപ്പുകളിൽ എഴുതിയിട്ടുണ്ട്.

എന്നാൽ ആരോപണങ്ങൾ പൂർണ്ണമായും തള്ളിക്കളഞ്ഞ ബിൽ ഗേറ്റ്‌സിന്റെ വക്താവ് ഇത് "അങ്ങേയറ്റം അസംബന്ധവും തികച്ചും വ്യാജവുമാണ്" എന്ന് പ്രതികരിച്ചു. ഗേറ്റ്‌സുമായി തുടർബന്ധം നിലനിർത്താൻ സാധിക്കാത്തതിലുള്ള എപ്‌സ്റ്റീന്റെ നിരാശയാണ് ഇത്തരം കള്ളക്കഥകൾക്ക് പിന്നിലെന്നും അദ്ദേഹത്തെ ചതിയിൽപ്പെടുത്താനും അപകീർത്തിപ്പെടുത്താനുമാണ് എപ്‌സ്റ്റീൻ ശ്രമിച്ചതെന്നും ഗേറ്റ്‌സിന്റെ ഓഫീസ് വ്യക്തമാക്കി.

ജെഫ്രി എപ്‌സ്റ്റീനുമായുള്ള ബന്ധം തന്റെ ജീവിതത്തിലെ വലിയ തെറ്റാണെന്ന് ബിൽ ഗേറ്റ്‌സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു. 2021ൽ ബിൽ ഗേറ്റ്‌സും മെലിൻഡയും വിവാഹമോചിതരായപ്പോൾ, എപ്‌സ്റ്റീനുമായുള്ള ഗേറ്റ്‌സിന്റെ ബന്ധവും ഇതിനൊരു കാരണമായി മെലിൻഡ സൂചിപ്പിച്ചിരുന്നു. മൂന്ന് ദശലക്ഷത്തിലധികം പേജുകളുള്ള എപ്‌സ്റ്റീൻ ഫയലുകൾ പരിശോധിച്ചുവരികയാണെന്ന് അധികൃതർ അറിയിച്ചു. എങ്കിലും, ഈ ഫയലുകളിൽ പേരുള്ളവർ എല്ലാവരും കുറ്റവാളികളാണെന്ന് അർത്ഥമില്ലെന്നും അന്വേഷണ ഉദ്യോഗസ്ഥർ വ്യക്തമാക്കിയിട്ടുണ്ട്.

Tags:    
News Summary - Bill Gates contracted sexually transmitted disease through relationships with young women - Epstein files serious allegations

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.