ജഡ്ജ് രൂപ രംഗ പുറ്റഗുണ്ട

അമേരിക്കയിൽ ഉന്നത പദവിയിൽ വീണ്ടും ഇന്ത്യൻ വംശജ

വാഷിങ്ടൺ: അമേരിക്കയിലെ ഉന്നത പദവിയിൽ വീണ്ടും ഇന്ത്യൻ വംശജയെ നിയമിച്ച് പ്രസിഡന്‍റ് ജോ ബൈഡൻ. ഇന്തോ-അമേരിക്കൻ വംശജ രൂപ രംഗ പുറ്റഗുണ്ടയെയാണ് ഫെഡറൽ ജഡ്ജിയായി ബൈഡൻ നാമനിർദേശം ചെയ്തത്.

ഫെഡറൽ ജഡ്ജ് പദവിയിൽ എത്തുന്ന ആദ്യത്തെ ഏഷ്യൻ-അമേരിക്കൻ വംശജയും പസഫിക് ദ്വീപിൽ നിന്നുള്ള വനിതയുമാണ് ജഡ്ജ് രൂപ രംഗ. വാഷിങ്ടൺ ഡി.സിയിലെ ജില്ലാ കോടതി ജഡ്ജിയുടെ ചുമതല രൂപ രംഗ വഹിക്കും.

2007ൽ ഒഹിയോ സ്റ്റേറ്റ് മോർട്ടിസ് കോളജിൽ നിന്ന് നിയമബിരുദം കരസ്ഥമാക്കിയ രൂപ രംഗ, 2008ൽ ജഡ്ജ് വില്യം എം. ജാക്സന്‍റെ ക്ലർക്കായി അഭിഭാഷക ജീവിതം ആരംഭിച്ചു. തുടർന്ന് ഫാമിലി- അപ്പലേറ്റ് ലോ കേസുകളിൽ സജീവയായി.

2013 മുതൽ 2019 വരെ ക്രിമിനൽ അഭിഭാഷകയായി പ്രാക്ടീസ് ചെയ്തു. 2019 മുതൽ ഡി.സി റെന്‍റൽ ഹൗസിങ് കമീഷൻ അഡ്മിനിസ്ട്രേറ്റീവ് ജഡ്ജിയായി പ്രവർത്തിച്ചു വരികയായിരുന്നു.

രൂപ രംഗ അടക്കം 10 പേരെയാണ് പുതിയ ഫെഡറൽ സർക്യൂട്ട്, ജില്ല കോടതി, കൊളംബിയ സുപീരിയർ കോർട്ട് ജഡ്ജിമാരായി നിയമിച്ചത്. ഇതിൽ ആഫ്രോ-അമേരിക്കൻ, മുസ് ലിം വിഭാഗക്കാരും ഉൾപ്പെടുന്നു.

സാഹിദ് എൻ. ഖുറൈഷിയാണ് ജഡ്ജിയായി നിയമിതനായ മുസ് ലിം. അമേരിക്കയുടെ ചരിത്രത്തിൽ ഫെഡറൽ ജഡ്ജിയാകുന്ന ആദ്യ മുസ് ലിമാണ് ഖുറൈഷി.

പരിചയ സമ്പന്നരായ ജഡ്ജിമാരുടെ നിയമനം വഴി അമേരിക്കൻ ജനതയിൽ വൈവിധ്യം സൃഷ്ടിക്കുകയാണ് പ്രസിഡന്‍റ് ജോ ബൈഡൻ ലക്ഷ്യമിടുന്നതെന്ന് വൈറ്റ് ഹൗസ് അറിയിച്ചു.

Tags:    
News Summary - Biden Nominates Indian-American Rupa Ranga Puttagunta As Judge Of DC District Court

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.