ബർലിൻ സ്കൂളിൽ അധ്യാപകർക്ക് ഇനി ശിരോവസ്ത്രം ധരിക്കാം

ബർലിൻ: ബർലിനിലെ സ്‌കൂളുകളിൽ അധ്യാപകർക്കുണ്ടായിരുന്ന ഹിജാബ് വിലക്ക് നീക്കി. ശിരോവസ്ത്രം അടക്കമുള്ള മതചിഹ്നങ്ങൾക്കുണ്ടായിരുന്ന നിയന്ത്രണമാണ് ഭരണകൂടം എടുത്തുമാറ്റിയത്. ബർലിൻ വിദ്യാഭ്യാസ വകുപ്പാണ് ഉത്തരവിറക്കിയത്.

18 വർഷത്തെ ഇടവേളയ്ക്കുശേഷമാണ് ജർമനിയുടെ തലസ്ഥാന നഗരമായ ബർലിനിൽ സ്‌കൂളുകളിലെ ഹിജാബ് വിലക്ക് നീക്കുന്നത്. ശിരോവസ്ത്രം ധരിക്കുന്നവരെ ഇനിമുതൽ സ്‌കൂളിൽ വിലക്കാൻ പാടില്ലെന്ന് ഉത്തരവിൽ പറയുന്നു. സ്‌കൂളിലെ സമാധാനത്തിന് ഭീഷണിയാകുന്ന വ്യക്തികളെ മാത്രമേ തടയാൻ പാടുള്ളൂവെന്നും സ്‌കൂളുകൾക്ക് അയച്ച ഔദ്യോഗിക നിർദേശത്തിൽ പറയുന്നു.

2005ലാണ് സ്‌കൂളുകളിൽ ശിരോവസ്ത്രം വിലക്കി ബർലിൻ നഗര ഭരണകൂടം ഉത്തരവിറക്കിയത്. സർക്കാർ ജീവനക്കാർ മതവസ്ത്രങ്ങളും മതചിഹ്നങ്ങളും ധരിക്കുന്നതു നിരോധിച്ച ബർലിൻ ന്യൂട്രാലിറ്റി നിയമപ്രകാരമായിരുന്നു നിരോധനം. എന്നാൽ, നിയമത്തിനെതിരെ ചില അധ്യാപികമാർ കോടതിയെ സമീപിക്കുകയായിരുന്നു.

ശിരോവസ്ത്രം അപ്പാടെ നിരോധിക്കുന്നത് വിവേചനമാണെന്നും ജർമൻ ഭരണഘടന ഉറപ്പുനൽകുന്ന മതസ്വാതന്ത്ര്യത്തിന്റെ ലംഘനമാണെന്നും വിവിധ കോടതി ഉത്തരവുകളിൽ വ്യക്തമാക്കുകയും ചെയ്തിരുന്നു. 2021ൽ യൂറോപ്യൻ യൂനിയൻ(ഇ.യു) കോടതിയും ഇക്കാര്യത്തിൽ ഇടപെട്ടിരുന്നു. ഈ ഉത്തരവുകൾ പാലിക്കണമെന്നാണ് ബർലിൻ വിദ്യാഭ്യാസ, യുവജന, കുടുംബ വകുപ്പ് സ്‌കൂൾ അധികൃതരോട് ആവശ്യപ്പെട്ടിരിക്കുന്നത്.

Tags:    
News Summary - Berlin to allow school teachers to wear headscarves

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.