ഡോണൾഡ് ട്രംപ്
വാഷിങ്ടൺ: വെടിനിർത്തൽ കരാർ ലംഘനത്തിന്റെ ഉത്തരവാദിത്തം ഹമാസിന്റെ തലയിൽ കെട്ടിവെക്കാനുള്ള ശ്രമവുമായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ്. നല്ല പോലെ പെരുമാറു, അല്ലെങ്കിൽ തുടച്ചുനീക്കുമെന്നാണ് ഡോണൾഡ് ട്രംപിന്റെ മുന്നറിയിപ്പ്. ഞങ്ങൾ ഹമാസുമായി കരാറിൽ ഏർപ്പെട്ടു.
ഹമാസ് ആക്രമണങ്ങളിൽ തുടർന്നാൽ കനത്ത തിരിച്ചടിയുണ്ടാകും. അവർ മുന്നോട്ട് പോയാൽ ശക്തമായ തിരിച്ചടി ഉള്ളിലേക്ക് കടന്നുചെന്ന് നൽകുമെന്നും ട്രംപ് പറഞ്ഞു. ഇസ്രായേലിനോട് പറഞ്ഞാൽ രണ്ട് മിനിറ്റിനുളളിൽ അവർ ആക്രമണം നടത്തും. എന്നാൽ, ഇപ്പോൾ അത് ചെയ്യുന്നില്ല. അവർക്ക് ചെറിയൊരവസരം നൽകുകയാണെന്ന് യു.എസ് പ്രസിഡന്റ് വ്യക്തമാക്കി.
അതേസമയം, വെടിനിർത്തൽ കരാറിന് പുല്ലുവിലയുമായി ഗസ്സയിൽ വംശഹത്യ തുടരുകയാണ് ഇസ്രായേൽ. ഗസ്സയിലുടനീളം നടത്തിയ ആക്രമണങ്ങളിൽ 24 മണിക്കൂറിനിടെ 57 പേരുടെ മരണം സ്ഥിരീകരിച്ചിട്ടുണ്ട്. 158 പേർക്ക് പരിക്കേറ്റു. ഒരാഴ്ചക്കിടെ 80 തവണ നടന്ന വെടിനിർത്തൽ ലംഘനങ്ങളിലായി ഇതിനകം 100ഓളം പേർ കൊല്ലപ്പെട്ടതായി ഗസ്സ സർക്കാർ ഓഫിസ് അറിയിച്ചു.
സമാധാനം പുനഃസ്ഥാപിക്കപ്പെട്ടുവെന്ന വിശ്വാസത്തിൽ നാടൊഴിഞ്ഞുപോയ ഫലസ്തീനികൾ വീടുകളിലേക്ക് തിരികെയെത്തുന്നതിനിടെയാണ് വീടുകളും അഭയാർഥി ക്യാമ്പുകളും ലക്ഷ്യമിട്ട് ഇസ്രായേലിന്റെ വ്യോമാക്രമണം. ഇതോടെ, അമേരിക്ക, ഖത്തർ, ഈജിപ്ത് രാജ്യങ്ങളുടെ മധ്യസ്ഥതയിൽ യാഥാർഥ്യമായ ഗസ്സ വെടിനിർത്തൽ കരാറിന്റെ ഭാവി അനിശ്ചിതത്വത്തിലാകുമെന്ന ആശങ്ക ശക്തമായി.
യുദ്ധവിമാനങ്ങൾ ഉപയോഗിച്ച് ഗസ്സയിലെ വിവിധ ഭാഗങ്ങളിൽ വ്യോമാക്രമണം നടത്തിയതായി ഇസ്രായേൽ സൈന്യം സ്ഥിരീകരിച്ചു. റഫ അതിർത്തിയോട് ചേർന്ന് ഹമാസ് നടത്തിയ ആക്രമണത്തിൽ രണ്ട് സൈനികർ മരിച്ചുവെന്നാണ് ഇസ്രായേൽ വാദം. എന്നാൽ, ഇത്തരമൊരു ഏറ്റുമുട്ടലുണ്ടായില്ലെന്നും സംഘർഷം നടന്നുവെന്ന് പറയപ്പെടുന്ന മേഖല ഇസ്രായേൽ സൈനിക നിയന്ത്രണത്തിലാണെന്നും ഖസ്സം ബ്രിഗേഡ് പ്രസ്താവനയിൽ അറിയിച്ചു.
തുടർച്ചയായ ലംഘനങ്ങൾക്കിടെ മുതിർന്ന നേതാവ് ഖലീൽ അൽഹയ്യയുടെ നേതൃത്വത്തിലുള്ള ഹമാസ് സംഘം ഈജിപ്ത്, ഖത്തർ പ്രതിനിധികളെ കാണും. ഹമാസിനുശേഷം ഗസ്സയുടെ ഭരണം ആരെയേൽപിക്കുമെന്നതാകും പ്രധാന വിഷയം. ട്രംപും ടോണി ബ്ലെയറും നയിക്കുന്ന വിദേശ സംഘത്തിന് കൈമാറാൻ അനുവദിക്കില്ലെന്ന് ഹമാസ് വ്യക്തമാക്കിയിട്ടുണ്ട്. യു.എസ് പ്രസിഡന്റ് ട്രംപിന്റെ പ്രത്യേക പ്രതിനിധി സ്റ്റീവ് വിറ്റ്കോഫും മരുമകൻ ജാരെദ് കുഷ്നറും ഇസ്രായേലിലെത്തിയിട്ടുണ്ട്. ഇരുവരും പങ്കാളികളായ ഗസ്സ വെടിനിർത്തൽ കരാർ നടപ്പാക്കുന്നത് സംബന്ധിച്ച് നെതന്യാഹു സർക്കാറിലെ പ്രമുഖരുമായി ഇരുവരും ചർച്ചകൾ നടത്തും. യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി വാൻസ് ഇന്ന് ഇസ്രായേലിലെത്തുന്നുണ്ട്.
അതിനിടെ, റഫ അതിർത്തി തുറക്കുന്നതിൽ അനിശ്ചിതത്വം തുടരുകയാണ്. ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ അതിർത്തി തുറക്കില്ലെന്നതാണ് പ്രധാനമന്ത്രി ബിന്യമിൻ നെതന്യാഹു ഞായറാഴ്ച വ്യക്തമാക്കിയത്. പകരം, മറ്റു രണ്ട് അതിർത്തികൾ വഴി ട്രക്കുകൾ കടത്തിവിടുന്നുണ്ടെങ്കിലും കൊടിയ പട്ടിണി തുടരുകയാണ്. ഗസ്സയിലുടനീളം അപകടകരമാംവിധം കെട്ടിടാവശിഷ്ടങ്ങൾ കുമിഞ്ഞുകിടക്കുന്നത് ഒഴിവാക്കാൻ സംവിധാനം വേണമെന്നും ഫലസ്തീനികൾ ആവശ്യപ്പെടുന്നു.
വെസ്റ്റ് ബാങ്കിലെ നാബുൽസിൽ 70,000 ചതുരശ്ര മീറ്ററിലേറെ സ്ഥലം ഇസ്രായേൽ പിടിച്ചെടുത്തു. പുതുതായി പുറത്തിറക്കിയ സൈനിക പിടിച്ചടക്കൽ ഉത്തരവ് വഴിയാണ് ഫലസ്തീനികളെ പുറത്താക്കിയുള്ള നടപടി. ഈ വർഷം 53 ഉത്തരവുകളിലായി വെസ്റ്റ് ബാങ്കിൽ നിരവധി പ്രദേശങ്ങളാണ് ഇസ്രായേൽ അധിനിവേശം നടത്തിയത്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.