ഖാലിദ സിയ
ധാക്ക: മുൻ ബംഗ്ലാദേശ് പ്രധാനമന്ത്രിയും ബംഗ്ലാദേശ് നാഷണൽ പാർട്ടി (ബി.എൻ.പി) അധ്യക്ഷയുമായ ബീഗം ഖാലിദ സിയ (80) അന്തരിച്ചു. ദീർഘകാലമായി അസുഖബാധിതയായി ചികിത്സയിലായിരുന്നു. ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയെന്ന നിലയിൽ രാജ്യത്തെ ശക്തമായ സ്ത്രീ സാന്നിധ്യമായിരുന്ന ഖാലിദ സിയ നെഞ്ചിലെ അണുബാധ മൂലം നവംബർ 23 മുതൽ ആശുപത്രിയിലായിരുന്നു.
ചൊവ്വാഴ്ച രാവിലെ പ്രാദേശിക സമയം ആറുമണിക്ക് ധാക്കയിലെ എവർകെയർ ആശുപത്രിയിലായിരുന്നു അന്ത്യം.
1991ലായിരുന്നു ബംഗ്ലാദേശിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി അധികാരത്തിലെത്തുന്നത്. ആദ്യ ടേമിൽ 1996 വരെ പദവിയിലിരുന്നു.
മുതൽ 1996 വരെയായിരുന്നു ഖാലിദ സിയ ആദ്യമായി ബംഗ്ലാദേശ് പ്രധാനമന്ത്രിയായത്. തുടർന്ന് 2001 മുതൽ 2006 വരെ പ്രധാനമന്ത്രിയായിരുന്നു. തുടർന്ന് അഴിമതി കേസിൽ കുരുക്കിലായതോടെ 2018ൽ ശിക്ഷിക്കപ്പെട്ടു.
വിദ്യാർഥി യുവനജ പ്രക്ഷോഭത്തെ തുടർന്ന് അധികാരം നഷ്ടപ്പെട്ട് രാജ്യം വിട്ട മുൻപ്രധാനമന്ത്രി ശൈഖ് ഹസീനയുടെ രാഷ്ട്രീയ എതിരാളി കൂടിയാണ് കഴിഞ്ഞ നാല് പതിറ്റാണ്ടുകാലം ബംഗ്ലാദേശ് രാഷ്ട്രീയത്തിലെ സജീവ സാന്നിധ്യമായ ഖാലിദ സിയ. അസുഖ ബാധിതയായതോടെ ചികിത്സക്കായി വിദേശത്ത് പോകുന്നതിനും ഇവർക്ക് വിലക്കേർപ്പെടുത്തി.
1959ലാണ് മുൻ പ്രധാനമന്ത്രിയും ബി.എൻ.പി സ്ഥാപകനുമായ സിയാവുർ റഹ്മാന്റെ ഭാര്യയായി ജീവിതത്തിലേക്ക് കടന്നുവരുന്നത്. 1945ൽ ബ്രിട്ടീഷ് ഇന്ത്യയിലെ പശ്ചിമ ബംഗാളിലായിരുന്നു ജനനം. ഇന്ത്യയുടെ സ്വാതന്ത്ര്യ ലബ്ധിക്കു പിന്നാലെ കുടുംബം ബംഗ്ലാദേശിലെ ദിനാജ്പൂരിലേക്ക് കുടിയേറുകയായിരുന്നു. 14ാം വയസ്സിൽ സിയാവുർറഹ്മാനെ വിവാഹം കഴിച്ചതോടെയാണ് സാധാരണ കുടുംബത്തിൽ നിന്നുള്ള ഖാലിദ സിയയുടെ പൊതു ജീവിതത്തിന് തുടക്കം കുറിക്കുന്നത്. വിവാഹം കഴിക്കുമ്പോൾ പാകിസ്താൻ സേനയിൽ ക്യാപ്റ്റനായിരുന്ന സിയാവുർറഹ്മാൻ, 1965ലെ ഇന്ത്യ-പാക് യുദ്ധത്തിലും പങ്കെടുത്തിരുന്നു. പിന്നീട്, ബംഗ്ലാദേശ് സ്വാതന്ത്ര്യ പോരാട്ടിത്തിൽ മുന്നണിപോരാളിയായി മാറിയ സിയ 1978ൽ ലഫ്റ്റനന്റ് ജനറൽ പദവിയിലിരിക്കെ സൈന്യത്തിൽ നിന്നും പടിയിറങ്ങി. അതിനും ഒരു വർഷം മുമ്പേ 1977ൽ ബംഗ്ലാദേശിന്റെ ആറാമത്തെ പ്രസിഡന്റായി സ്ഥാനമേറ്റിരുന്നു. തുടർന്ന്, അതേവർഷം സെപ്റ്റംബറിൽ ബംഗ്ലാദേശ് നാഷണൽ പാർട്ടി രൂപവൽകരിച്ചു. 1981ൽ സിയ കൊല്ലപ്പെട്ടതിനു പിന്നാലെയാണ് ഖാലിദ സിയ ബംഗ്ലാദേശ് നാഷണൽ പാർട്ടിയുടെ ഭാഗമാവുന്നത്. 1983ൽ വൈസ് ചെയർമാനും, അടുത്തവർഷം പാർട്ടിയുടെ അധ്യക്ഷ പദവിയിലുമെത്തി.
പിന്നീട്, ബംഗ്ലാദേശ് രാഷ്ട്രീയം കണ്ടത് രണ്ട് വനിതകളുടെ പോരാട്ടം.
അവാമി ലീഗ് സ്ഥാപകനും ബംഗ്ലാദേശ് പ്രഥമ പ്രസിഡന്റുമായ ശൈഖ് മുജീബുർറഹ്മാനും കുടുംബവും സൈനിക അട്ടിമറിയിൽ കൊല്ലപ്പെട്ടതിനു പിന്നാലെ ഇന്ത്യയിൽ രാഷ്ട്രീയ അഭയം തേടിയ ശൈഖ് ഹസീന സിയാവുർറഹ്മാൻ വധത്തിനു പിന്നാലെയാണ് ബംഗ്ലാദേശിൽ തിരികെയെത്തുന്നത്. ഉടൻ അവാമി ലീഗ് അധ്യക്ഷയായി ശൈഖ് ഹസീനയും സ്ഥാനമേറ്റു. ശേഷം, ബംഗ്ലാദേശ് രാഷ്ട്രീയം രണ്ട് വനിതകളെ കേന്ദ്രീകരിച്ചായി മാറി. സൈനിക ഭരണത്തിലായിരുന്ന രാജ്യത്ത് ജനാധിപത്യം പുനസ്ഥാപിക്കാൻ ഇരു നേതാക്കളും കൈകോർത്തു പ്രവർത്തിക്കുന്നതിനും ചരിത്രം സാക്ഷ്യം വഹിച്ചു.
1991ൽ ഖാലിദ സിയയുടെ നേതൃത്വത്തിൽ ബി.എൻ.പി അധികാരത്തിലെത്തിയപ്പോൾ അവർ രാജ്യത്തിന്റെ ആദ്യ വനിതാ പ്രധാനമന്ത്രിയായി സ്ഥാനമേറ്റു. 1996 ഫെബ്രുവരി വരെ ആദ്യ ഘട്ടം തുടർന്നു. 1996ലെ പൊതുതെരഞ്ഞെടുപ്പിൽ രണ്ടാമതും പ്രധാനമന്ത്രിയായെങ്കിലും ഏതാനും ആഴ്ചകൾ മാത്രമേ നീണ്ടു നിന്നുള്ളൂ. 2001 ഒക്ടോബർ മുതൽ 2006 വരെ മൂന്നാം തവണയും ബംഗ്ലാദേശ് പ്രധാനമന്ത്രിയായി.
പ്രധാനമന്ത്രിയും പ്രതിപക്ഷ നേതാവുമായി നാലു പതിറ്റാണ്ടിലേറെ കാലം ബംഗ്ലാദേശ് രാഷ്ട്രീയത്തിന്റെ ഗതി നിയന്ത്രിച്ച കരുത്തയായ വനിതയാണ് ചൊവ്വാഴ്ചയോടെ ഓർമയായത്.
രാഷ്ട്രീയ ബദ്ധവൈരിയായ ശൈഖ് ഹസീന സ്ഥാനഭ്രഷ്ടയായി രാജ്യം വിടുകയും, ബംഗ്ലാദേശ് വിദ്യാർത്ഥി-യുവജന പ്രക്ഷോഭത്തിൽ കലങ്ങി മറിയുന്നതിനിടെയാണ് ആധുനിക ബംഗ്ലാദേശിന്റെ ശിൽപികളിൽ ഒരാളായ ഖാലിദ സിയയുടെ മരണം.
2018 അഴിമതി കേസിൽ 17 വർഷം ശിക്ഷിക്കപ്പെട്ട ഖാലിദ വർഷങ്ങളായി വീട്ടു തടങ്കലിലായിരുന്നു. ശൈഖ് ഹസീന ഭരണകൂടത്തിന്റെ പതനത്തോടെ കഴിഞ്ഞ ആഗസ്റ്റിൽ മോചിതയാവുകയായിരുന്നു. ദിവസങ്ങൾക്ക് മുമ്പ് മാത്രമാണ് മകനും ബി.എൻ.പി ആക്ടിങ് ചെയർമാനുമായ താരിഖ് റഹ്മാൻ ലണ്ടനിൽ നിന്നും ധാക്കയിൽ തിരികെയെത്തിയത്. അടുത്തവർഷം നടക്കുന്ന തെരഞ്ഞെടുപ്പിൽ താരിഖ് പ്രധാനമന്ത്രി സ്ഥാനാർഥിയായി രംഗത്തുവരുമെന്നാണ് റിപ്പോർട്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.