ധാക്ക: പുറത്താക്കപ്പെട്ട ബംഗ്ലാദേശ് മുൻ പ്രധാനമന്ത്രി ശൈഖ് ഹസീനക്കെതിരായ കേസിലെ വിധി ഇന്ന്. 2024ലെ വിദ്യാർഥി പ്രക്ഷോഭം അടിച്ചമർത്തിയതുമായി ബന്ധപ്പെട്ട് മനുഷ്യത്വത്തിനെതിരായ കുറ്റകൃത്യം ചുമത്തിയ കേസിൽ ധാക്കയിലെ പ്രത്യേക ട്രൈബ്യുണലാണ് കേസ് പരിഗണിക്കുന്നത്. വിധിക്ക് മുന്നോടിയായി ധാക്കയിലെ വിവിധ ഇടങ്ങളിൽ സ്ഫോടനങ്ങളും പ്രക്ഷോഭങ്ങളും നടന്ന സാഹചര്യത്തിൽ രാജ്യത്തുടനീളം അതി തീവ്രവ ജാഗ്രത പ്രഖ്യാപിച്ചിട്ടുണ്ട്.
ശൈഖ് ഹസീനക്കെതിരെ വധശിക്ഷ വിധിച്ചാൽ തെരുവിലിറങ്ങി പ്രതിഷേധിക്കുമെന്ന് ഹസീനയുടെ പാർട്ടിയായ അവാമി ലീഗ് പ്രഖ്യാപിച്ചതിന് പിന്നാലെ ആക്രമികളെ കണ്ടാലുടൻ വെടിവെക്കാൻ ഇടക്കാല സർക്കാർ ഉത്തരവിട്ടിട്ടുണ്ട്. അതോടൊപ്പം വരും ദിവസങ്ങളിലെ സംഘർഷാവസ്ഥ കണക്കിലെടുത്ത് രാജ്യത്തുടനീളം സുരക്ഷാ ക്രമീകരണങ്ങൾ കർശനമാക്കി പ്രതിഷേധക്കാരെ നേരിടാൻ സുരക്ഷാ സേനയ്ക്ക് പൂർണ്ണ അധികാരം നൽകിക്കൊണ്ടാണ് ഇടക്കാല സർക്കാരിന്റെ നീക്കം.
ഹസീനക്ക് പുറമേ അവാമി ലീഗ് സർക്കാറിലെ ആഭ്യന്തര മന്ത്രിയായിരുന്ന അസദുസ്സമാൻ ഖാൻ കമാൽ, പൊലീസ് മേധാവി ചൗധരി അബ്ദുല്ല അൽമഅ്മൂൻ എന്നിവരും കേസിൽ കൂട്ടുപ്രതികളാണ്. കഴിഞ്ഞ വർഷം ജൂലൈ 15നും ആഗസ്റ്റ് 15നും ഇടയിൽ നടന്ന പ്രക്ഷോഭങ്ങളെ അടിച്ചമർത്താൻ ഹസീനയുടെ സർക്കാർ അതിക്രൂരമായ മനുഷ്യാവകാശ ലംഘനങ്ങൾ നടത്തി എന്നതാണ് ചുമത്തിയിരിക്കുന്ന കുറ്റം. കൊലപാതകം, വധശ്രമം, പീഡനം, മനുഷ്യത്വരഹിതമായ പ്രവൃത്തികൾ എന്നിവ ചുമത്തിയതിനാൽ ഹസീനക്ക് വധശിക്ഷ കിട്ടുമെന്നാണ് റിപ്പോർട്ട്.
ബംഗ്ലാദേശ് വിട്ട ഹസീന ഇപ്പോൾ ഇന്ത്യയിൽ അഭയം തേടിയിരിക്കുകയാണ്. എന്നാൽ ഹസീന എവിടെ ആയാലും ശിക്ഷ നടപ്പാക്കുമെന്ന് ബംഗ്ലദേശ് ഭരണകൂടം പ്രഖ്യാപിച്ചിട്ടുണ്ട്. ഹസീനയെ കൈമാറണമെന്ന് മുഹമ്മദ് യൂനുസിന്റെ നേതൃത്വത്തിലുള്ള ഇടക്കാല സർക്കാർ പലതവണ ആവശ്യപ്പെട്ടിട്ടുണ്ടെങ്കിലും ഇന്ത്യ ഇതുവരെ അനുകൂലമായി പ്രതികരിച്ചിട്ടില്ല.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.