യുദ്ധമേഘങ്ങൾക്കിടയിൽ ഖാംനഈക്ക് വിട; 131 ദിവസങ്ങൾക്ക് ശേഷം ഇറാൻ മുൻ പരമോന്നത നേതാവിനെ ഖബറടക്കി

തെഹ്റാൻ: ഇറാൻ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ സംസ്കാര ചടങ്ങുകൾ മശ്ഹദിൽ പൂർത്തിയായി. ലക്ഷക്കണക്കിന് ജനങ്ങൾ അണിനിരന്ന മശ്ഹദിലെ ഇമാം റെസയുടെ പള്ളിയിലാണ് ഖാംനഈയെ ഖബറടക്കിയത്. ​ഫെബ്രുവരി 28-ന് കൊല്ലപ്പെട്ട ഖാംനഈയെ 131 ദിവസങ്ങൾക്ക് ശേഷമാണ് ഖബറടക്കുന്നത്. യു.എസും ഇസ്രായേലും തമ്മിലുള്ള ആക്രമണത്തെ തുടർന്നാണ് സംസ്കാര ചടങ്ങുകൾ ഇത്രയുമധികം വൈകിയത്. ഒരാഴ്ച നീണ്ട് നിന്ന സംസ്കാര ചടങ്ങിൽ വിവിധ രാജ്യങ്ങളിലെ പ്രതിനിധികളും ലക്ഷക്കണക്കിന് ഇറാനിയൻ ജനതയും പ​ങ്കെടുത്തു.

ഖാംനഈയുടെ സംസ്കാര ചടങ്ങിൽ യു.എസിനും ഇസ്രായേലിനും നേരെ മുദ്രാവാക്യങ്ങൾ ഉയർന്നിരുന്നു. ഇറാനിൽ പൊതുദർശനത്തിന് വെച്ച ​ശേഷം ഖാംനഈയെയും കൊല്ലപ്പെട്ട മറ്റ് കുടുംബാംഗങ്ങളെയും ഇറാഖിലെ കർബലയിൽ കൊണ്ടു പോയിരുന്നു. അവിടുന്ന് തിരിച്ച് ഖാംനഈയുടെ ജന്മനാടായ മശ്ഹദിലെത്തി ഖബറടക്കുകയായിരുന്നു. ഖാംനഈയുടെ മൂന്ന് ആൺമക്കളും സംസ്കാരചടങ്ങിൽ പ​ങ്കെടുത്തതിന്റെ ദൃശ്യങ്ങൾ പുറത്ത് വന്നെങ്കിലും നിലവിലെ പരമോന്നത നേതാവ് മുജ്തബ പ​ങ്കെടുത്തി​ല്ലെന്നാണ് കരുതുന്നത്.

അതേസമയം മശ്ഹദി​ലെ സംസ്കാര ചടങ്ങുകൾക്കിടെ ഇറാനിലെ തന്ത്രപ്രധാനമായ കേന്ദ്രങ്ങൾ ലക്ഷ്യമാക്കി യു.എസ് വ്യോമാക്രമണം നടത്തി. ഇതിന് മറുപടിയായി ബഹ്‌റൈൻ, കുവൈത്ത്, ഖത്തർ, ജോർദാൻ എന്നിവിടങ്ങളിലെ യു.എസ് സൈനിക താവളങ്ങൾ ലക്ഷ്യമാക്കി ഇറാൻ ഡ്രോൺ, മിസൈൽ ആക്രമണങ്ങളും അഴിച്ചുവിട്ടു.

സംഘർഷം രൂക്ഷമായതോടെ നിലവിലുണ്ടായിരുന്ന വെടിനിർത്തൽ കരാർ അവസാനിച്ചതായി യു.എസ് പ്രസിഡന്റ് ഡോണൾഡ് ട്രംപ് പ്രഖ്യാപിച്ചിരുന്നു. ഇതിന് പിന്നാലെ ഇരുവിഭാഗവും ശക്തമായ ആക്രമണം നടത്തിക്കൊണ്ടിരിക്കുകയാണ്. എന്നാൽ യുദ്ധത്തിടയിലും ഇരുരാജ്യങ്ങളും തമ്മിൽ സാങ്കേതികതലത്തിലുള്ള ചർച്ചകൾ തുടരുന്നുണ്ടെന്ന് യു.എസ് ഉദ്യോഗസ്ഥർ അവകാശപ്പെട്ടു.   

സംഘർഷം ലഘൂകരിക്കുന്നതിനും ഹുർമുസ് കടലിടുക്കിലെ ഗതാഗത സ്വാതന്ത്ര്യം ഉറപ്പാക്കുന്നതിനും ആണവ വിഷയങ്ങളിൽ ധാരണയിലെത്തുന്നതിനും ഈ ചർച്ചകൾ അനിവാര്യമാണെന്നാണ് യു.എസ് വൃത്തങ്ങൾ നൽകുന്ന സൂചന. എന്നാൽ, ഒരുവശത്ത് നയതന്ത്ര ചർച്ചകൾ നടക്കുമ്പോഴും മറുവശത്ത് യു.എസ് സൈനിക ആക്രമണങ്ങൾ തുടരുന്നത് ഇറാനെ കൂടുതൽ പ്രകോപിപ്പിച്ചിട്ടുണ്ട്. മശ്ഹദിലേക്കുള്ള പ്രധാന പാതയിൽ ഉൾപ്പെടെ യു.എസ് നടത്തിയ ആക്രമണം ജനജീവിതത്തെ സാരമായി ബാധിച്ചിരിക്കുകയാണ്. 

Tags:    
News Summary - Ayatollah Ali Khamenei buried in Mashhad

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.