അമേരിക്കയിലെ ജോലി തട്ടിയെടുക്കാന്‍ അനുവദിക്കില്ലെന്ന് ജെ.ഡി വാന്‍സ്; എച്ച്-1 ബി വിസ പരിശോധനയിലാണ് പ്രതികരണം
വാഷിങ്ടൺ: യു.എസ് ഭരണകൂടം വ്യാജ വിസകൾക്കെതിരെ നടത്തുന്ന ശക്തമായ നടപടികളെ ന്യായീകരിച്ച് യു.എസ് വൈസ് പ്രസിഡന്റ് ജെ.ഡി. വാൻസ്. അമേരിക്കയിലെ ജോലികൾ അമേരിക്കയിലെ ജനങ്ങൾക്ക് തന്നെ ലഭിക്കണമെന്നും വിസ നിയമങ്ങൾ ദുരുപയോഗം ചെയ്യുന്നവരെ അത് തട്ടിയെടുക്കാൻ അനുവദിക്കില്ലെന്നും അദ്ദേഹം മുന്നറിപ്പ് നൽകി. വിദഗ്ദ വിദേശതൊഴിലാളികളെ നിയമിക്കാൻ കമ്പനികൾ വ്യാപകമായി ഉപയോഗിക്കുന്ന എച്ച്-1ബി, പെം വിസ എന്നിവയിലെ ക്രമക്കേടുകളെക്കുറിച്ച് യു.എസ് അധികൃതർ അന്വേഷണം ആരംഭിച്ച പശ്ചാത്തലത്തിലാണ് അദ്ദേഹത്തിന്റെ ഈ പരാമർശം.
`ഞങ്ങൾ നിങ്ങളുടെ നികുതിപ്പണത്തിന് വേണ്ടിയാണ് പോരാടുന്നത്. ഒപ്പം തട്ടിപ്പുകാർ ഈ വിസ ആനുകൂല്യങ്ങലെ ചൂഷണം ചെയ്യുന്നില്ലെന്ന് ഉറപ്പുവരുത്തുകയും ചെയ്യുന്നു' അന്വേഷണത്തെക്കുരിച്ച് സംസാരിക്കവെ ജെ.ഡി വാന്‍സ് കൂട്ടി ചേർത്തു. `നിങ്ങൾ മികച്ച ഒരു സാങ്കേതിക വിദഗ്ദ്ധനോ, ശാസ്ത്രജ്ഞനോ, അതോ ഡോക്ടറോ ആണെങ്കിൽ, നിങ്ങൾക്ക് അമേരിക്കയിലേക്ക് വരാനും ഈ വിസ പ്രോഗ്രാം പ്രയോജനപ്പെടുത്താനും സാധിക്കും എന്ന ലക്ഷ്യത്തോടെയാണ് ഇത് രൂപീകരിച്ചത്. അമേരിക്കൻ ജോലികൾ അമേരിക്കൻ തൊഴിലാളികൾക്ക് തന്നെ ലഭിക്കണം അല്ലാതെ വിദേശ തട്ടിപ്പുകാർക്കല്ല' വാൻസ് പറഞ്ഞു. അമേരിക്കൻ തൊഴിലാളികളുടെ ശമ്പളം കുറയ്ക്കുന്നതിനായി ചില കമ്പനികളും വ്യക്തികളും ഈ ആനുകൂല്യങ്ങൾ ദുരുപയോഗം ചെയ്യുന്നതായി അദ്ദേഹം ആരോപിച്ചു.
വൻകിട കോർപ്പറേഷനുകളും വിദേശത്തുള്ള തട്ടിപ്പുകാരും അമേരിക്കക്കാരുടെ ശമ്പളം വെട്ടിക്കുറക്കാനാണ് ഇതിലൂടെ ശ്രമിക്കുന്നത്. എച്ച്-1ബി വിസ പ്രോഗ്രാം ദുരുപയോഗം ചെയ്യാൻ ശ്രമിക്കുന്ന വിദേശ തട്ടിപ്പുകാർക്കെതിരെ ഫെഡറൽ തൊഴിൽ വകുപ്പ് അന്വേഷണങ്ങളും ആരംഭിച്ചിട്ടുണ്ട്. വാൻസ് വ്യക്തമാക്കി.
അമേരിക്കയിൽ ജോലി ചെയ്യാനും പഠിക്കാനും ആഗ്രഹിക്കുന്ന വിദേശ പ്രൊഫഷണലുകൾക്കും വിദ്യാർഥികൾക്കും കനത്ത പ്രതിസന്ധിയാണ് നിലവിലെ വിസ തട്ടിപ്പ് അന്വേഷണം സൃഷ്ടിച്ചിരിക്കുന്നത്. യു.എസിലെ ഏറ്റവും വലിയ കുടിയേറ്റ ജനവിഭാഗങ്ങളിലൊന്നായ ഇന്ത്യക്കാരെയായിരിക്കും ഈ പുതിയ നിയന്ത്രണങ്ങൾ ഏറ്റവും കൂടുതൽ ബാധിക്കുക. പ്രശസ്തമായ എച്ച്-1ബി വിസകൾ, എൽ-1 വിസകൾ, സ്റ്റുഡന്‍റ് വിസകൾ എന്നിവയിലെല്ലാം കടുത്ത മാറ്റങ്ങളാണ് യു.എസ് ആഭ്യന്തര സുരക്ഷാ വകുപ്പ്, തൊഴിൽ വകുപ്പ് എന്നിവ പുറത്തുവിട്ട പുതിയ റഗുലേറ്ററി അജണ്ടയിൽ നിർദ്ദേശിച്ചിരിക്കുന്നത്. ഈ നിർദ്ദേശങ്ങൾ ഉടനടി പ്രാബല്യത്തിൽ വന്നിട്ടില്ലെങ്കിലും, ഭരണകൂടത്തിന്റെ ഭാവി നയങ്ങളുടെ വ്യക്തമായ സൂചനയാണിത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.