മശ്ഹദ്: ഒരാഴ്ച നീണ്ടുനിന്ന വിലാപയാത്രകൾക്കും പൊതുദർശനങ്ങൾക്കും ശേഷം, അവസാന ഘട്ട ചടങ്ങുകൾക്കായി പുണ്യനഗരമായ മശ്ഹദിലെത്തിച്ച ഇറാന്റെ പരമോന്നത നേതാവ് ആയത്തുല്ല അലി ഖാംനഈയുടെ ഭൗതികശരീരം കാണാനെത്തിയത് വൻ ജനസഞ്ചയം. ഇറാഖിലെ നജാഫ്, കർബല എന്നിവിടങ്ങളിലെ വിലാപയാത്രകൾക്കു പിന്നാലെ, ഇറാനിയൻ സൈനിക വിമാനങ്ങളുടെ അകമ്പടിയോടെയാണ് അലി ഖാംനഈയുടെയും നാല് കുടുംബാംഗങ്ങളുടെയും മൃതദേഹങ്ങൾ വഹിച്ചുകൊണ്ടുള്ള വിമാനം വ്യാഴാഴ്ച രാവിലെയാണ് മശ്‌ഹദിലെത്തിയത്.
പ്രത്യേക കറുത്ത വസ്ത്രം ധരിച്ച് തെരുവിൽ സമ്മേളിച്ച ജനങ്ങൾ ഇറാൻ പതാകകളും പ്രതികാരത്തിന്റെ പ്രതീകമായ ചുവന്ന കൊടികളും ഏന്തിയാണ് അന്ത്യോപചാരമർപ്പിക്കാൻ എത്തിയത്. യു.എസ് പ്രസിഡന്റ് ഡോണാൾഡ് ട്രംപ്, ഇസ്രായേൽ പ്രധാനമന്ത്രി ബെന്യമിൻ നെതന്യാഹു എന്നിവർക്കെതിരെയുള്ള പ്ലക്കാർഡുകളും ജനങ്ങൾ ഉയർത്തിയിരുന്നു. "അമേരിക്കയ്ക്ക് നാശം", "പരമോന്നത നേതാവിന്റെ രക്തത്തിന് പകരമായി ട്രംപിനെ ഞങ്ങൾ വധിക്കും" തുടങ്ങിയ വാചകങ്ങളടങ്ങിയ ബാനറുകൾ മശ്ഹദിന്റെ തെരുവുകളിൽ വ്യാപകമായി പ്രത്യക്ഷപ്പെട്ടു. "നാം ഉയിർത്തെഴുന്നേൽക്കണം" എന്ന മുദ്രാവാക്യങ്ങൾ അടങ്ങിയ ബാനറുകളും സത്രീകളും കുട്ടികളും പാറിപ്പറത്തിയിരുന്നു. അതിന്റെ വിഡിയോ ദൃശ്യങ്ങൾ പല മാധ്യമങ്ങളും പുറത്തുവിട്ടിട്ടുണ്ട്.
ശിയാക്കളുടെ വിശുദ്ധ കേന്ദ്രമായ ഇമാം റിളായുടെ മഖ്ബറ സ്ഥിതി ചെയ്യുന്ന നഗരമാണ് മശ്ഹദ്. ഒമ്പതാം നൂറ്റാണ്ടിൽ നിർമിച്ചതും ദശലക്ഷക്കണക്കിന് തീർഥാടകർ സന്ദർശിക്കുന്നതുമായ ഇമാം റിസാ മസ്ജിദിലെ പ്രത്യേക കുടുംബ മഖ്ബറയിലാണ് അലി ഖാംനഈയുടെ മൃതശരീരം ഖബറടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.