സിയാറ്റിൽ: ശതകോടീശ്വരനും ട്രംപ് ഭരണകൂടത്തിലെ പ്രമുഖനുമായ ഇലോൺ മസ്കിന്റെ ഇലക്ട്രിക് കാർ കമ്പനിയായ ടെസ്ലക്കു നേരെ ആക്രമണങ്ങൾ വർധിക്കുന്നതായി റിപ്പോർട്ട്. ടെസ്ലയുടെ ലോഗോ പതിച്ച സ്വത്തുക്കൾക്കു നേരെയാണ് യു.എസിലും വിദേശത്തും ആക്രമണങ്ങൾ നടക്കുന്നത്. ടെസ്ല ഷോറൂമുകൾ, വാഹന ലോട്ടുകൾ, ചാർജിങ് സ്റ്റേഷനുകൾ, സ്വകാര്യ ഉടമസ്ഥതയിലുള്ള കാറുകൾ എന്നിവയാണ് പ്രതിഷേധക്കാർ ലക്ഷ്യമിടുന്നത്.
പ്രസിഡന്റ് ഡോണൾഡ് ട്രംപ് അധികാരമേറ്റെടുക്കുകയും ചെലവുകൾ വെട്ടിക്കുറക്കുന്നതിനുള്ള സർക്കാർ കാര്യക്ഷമത വകുപ്പിന്റെ ചുമതല നൽകുകയും ചെയ്തതിനുശേഷമാണ് ആക്രമണങ്ങൾ വർധിച്ചത്. ടെസ്ല ഡീലർഷിപ്പുകൾക്കു നേരെയുണ്ടായ ആക്രമണ പരമ്പരയുമായി ബന്ധപ്പെട്ട് കൊളറാഡോയിലെ ഒരു സ്ത്രീക്കെതിരെ കുറ്റം ചുമത്തിയിരുന്നു. വാഹനങ്ങൾക്കു നേരെ കോക്ടെയിലുകൾ എറിഞ്ഞതിനും കെട്ടിടത്തിൽ ‘നാസി കാറുകൾ’ എന്ന് സ്പ്രേ പെയിന്റ് ചെയ്തതിനുമായിരുന്നു നടപടി.
സൗത്ത് കരോലൈനയിൽ കഴിഞ്ഞയാഴ്ച ടെസ്ലയുടെ ചാർജിങ് സ്റ്റേഷനുകൾക്ക് തീയിട്ടതിന് ഒരാളെ പൊലീസ് അറസ്റ്റ് ചെയ്തു. പസഫിക് വടക്കുപടിഞ്ഞാറൻ മേഖലയിലെ ഇടതുപക്ഷ ചായ്വുള്ള നഗരങ്ങളായ പോർട്ട്ലൻഡ്, ഒറിഗോൺ, സിയാറ്റിൽ എന്നിവിടങ്ങളിലാണ് കൂടുതൽ സംഭവങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുള്ളത്. അവിടെ ട്രംപ്, മസ്ക് വിരുദ്ധ വികാരം ശക്തമാണ്. അതേസമയം, വടക്കേ അമേരിക്കയിലും യൂറോപ്പിലുടനീളമുള്ള ടെസ്ല ഡീലർഷിപ്പുകളിലും ഫാക്ടറികളിലും മസ്കിന്റെ വിമർശകർ ഡസൻ കണക്കിന് സമാധാനപരമായ പ്രകടനങ്ങൾ നടക്കുന്നുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.