കാബൂള്‍: അഫ്ഗാനിസ്താനിലെ രണ്ടു പ്രവിശ്യകളിൽ പാകിസ്താൻ നടത്തിയ വ്യോമാക്രമണത്തിൽ കുട്ടികൾ ഉൾപ്പെടെ 36 പൗരന്മാർ കൊല്ലപ്പെട്ട സംഭവത്തിൽ മുന്നറിയിപ്പുമായി താലിബാൻ. അഫ്ഗാനിലെ ഖോസ്ത്, കുനാര്‍ പ്രവിശ്യകളിലാണ് വെള്ളിയാഴ്ച രാത്രി പാകിസ്താന്‍ ആക്രമണം നടത്തിയത്.
അഫ്ഗാനെയും പാകിസ്താനെയും തമ്മിൽ ശത്രുക്കളാക്കുന്ന ഇത്തരം ആക്രമണങ്ങൾ ആവർത്തിക്കാതിരിക്കാൻ എല്ലാ നടപടിയും സ്വീകരിക്കുമെന്ന് താലിബാൻ സർക്കാർ വക്താവ് സബിഹുല്ല മുജാഹിദ് മുന്നറിയിപ്പു നൽകി. ആക്രമണത്തെ തുടര്‍ന്ന് കാബൂളിലെ പാക് നയതന്ത്ര പ്രതിനിധി മന്‍സൂര്‍ അഹമ്മദ് ഖാനെ താലിബാന്‍ നേതാക്കള്‍ വിളിച്ചുവരുത്തി പ്രതിഷേധം അറിയിച്ചു.
അതേസമയം, വ്യോമാക്രമണം നടത്തിയെന്ന താലിബാന്റെ അവകാശവാദം പാകിസ്താന്‍ നിഷേധിച്ചു. അഫ്ഗാനുമായി അതിര്‍ത്തി പങ്കിടുന്ന പടിഞ്ഞാറന്‍ മേഖലയിലൂടെ തീവ്രവാദസംഘം പാകിസ്താനിലേക്ക് പ്രവേശിച്ച് ആക്രമണം നടത്തിയതായാണ് പാക് വിശദീകരണം. എന്നാല്‍, ഇത്തരം ആക്രമണങ്ങള്‍ മുന്നറിയിപ്പില്ലാത്ത പ്രത്യാക്രമണങ്ങളിലേക്ക് വഴിയൊരുക്കുമെന്നാണ് താലിബാന്‍ നേതാക്കള്‍ പാക് നയതന്ത്രപ്രതിനിധിയെ അറിയിച്ചത്. താലിബാൻ അധികാരം പിടിച്ചെടുത്തതോടെ അഫ്ഗാൻ-പാക് അതിർത്തിയിൽ സംഘർഷം വർധിച്ചിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.