റോഹിങ്ക്യൻ അഭയാർഥികൾ സഞ്ചരിച്ച ബോട്ട് കടലിൽ മറിഞ്ഞു; 17 മരണം, 33 പേരെ കാണാതായി

ബാങ്കോക്: മ്യാന്മറിൽനിന്നുള്ള റോഹിങ്ക്യൻ മുസ്‍ലിം അഭയാർഥികൾ സഞ്ചരിച്ച ബോട്ട് ബംഗാൾ ഉൾക്കടലിൽ മറിഞ്ഞ് 17 മരണം. 33 പേരെ കാണാതായി. മലേഷ്യയിലേക്ക് പോവുകയായിരുന്ന ബോട്ടിൽ യാത്രക്കാരും ജീവനക്കാരുമടക്കം 58 ആളുകളാണുണ്ടായിരുന്നത്. എട്ടുപേർ രക്ഷപ്പെട്ടു.

മ്യാന്മറിലെ രാഖൈൻ സംസ്ഥാനത്തെ ബുതിദൗങ്ങിൽനിന്നാണ് ബോട്ട് പുറപ്പെട്ടത്. മ്യാന്മർ തലസ്ഥാനമായ നെയ്ഫിത്വയിൽനിന്ന് 335 കിലോമീറ്റർ അകലെ ബംഗാൾ ഉൾക്കടലിലാണ് മൃതദേഹങ്ങൾ കണ്ടെത്തിയത്.

10 സ്ത്രീകളടക്കം 17 പേരുടെ മൃതദേഹങ്ങൾ കണ്ടെടുത്തതായി റെസ്ക്യൂ ഗ്രൂപ്പായ ഷ്വേ യാങ് മട്ട ഫൗണ്ടേഷൻ വക്താവ് ബയ ലാറ്റ് പറഞ്ഞു. രക്ഷപ്പെട്ട എട്ട് പേരെ പൊലീസ് സ്റ്റേഷനിലേക്ക് ​കൊണ്ടുപോയതായി അദ്ദേഹം പറഞ്ഞു. കാണാതായവരെ കണ്ടെത്താൻ റെസ്ക്യൂ ഫൗണ്ടേഷന്റെയും പൊലീസിന്റെയും സംയുക്ത തെരച്ചിൽ നടക്കുന്നുണ്ട്.

ബുദ്ധമതക്കാർ ഭൂരിപക്ഷമായ മ്യാൻമറിലെ മുസ്‍ലിം ന്യൂനപക്ഷ വിഭാഗമാണ് റോഹിങ്ക്യകൾ. ഐക്യരാഷ്ട്ര സഭയുടെയും മനുഷ്യാവകാശ ഗ്രൂപ്പുകളുടെയും അഭിപ്രായത്തിൽ, ലോകത്ത് ഏറ്റവും കൂടുതൽ പീഡിപ്പിക്കപ്പെടുന്ന മനുഷ്യവിഭാഗമാണ് ഇവർ. 2017ൽ രാഖൈനിൽ മ്യാൻമർ സൈന്യം നടത്തിയ വംശഹത്യയെ തുടർന്ന് 7,50,000 റോഹിങ്ക്യൻ മുസ്‍ലികളാണ് പിറന്ന നാടുപേക്ഷിച്ച് ജീവനും കൊണ്ട് പലായനം ചെയ്തത്. ബംഗ്ലാദേശ്, ഇന്ത്യ അടക്കമുള്ള രാജ്യങ്ങളിലെ അഭയാർഥി ക്യാമ്പുകളിലാണ് ഇവർ കഴിയുന്നത്. മ്യാൻമറിൽ അവശേഷിക്കുന്ന 6​,00,000 പേർക്കാവട്ടെ, ഭരണകൂടം പൗരത്വവും സഞ്ചാര സ്വാതന്ത്ര്യവും നിഷേധിച്ചിരിക്കുകയാണ്.

ബംഗ്ലാദേശിലെയും മ്യാൻമറിലെയും റോഹിങ്ക്യൻ അഭയാർത്ഥി ക്യാമ്പുകളിൽ നരകതുല്യ ജീവിതം നയിക്കുന്ന ഇവർ മെച്ചപ്പെട്ട ജീവിതം തേടി മലേഷ്യയിലേക്കും ഇന്തോനേഷ്യയിലേക്കും കടൽവഴി അപകടകരമായ യാത്രകൾ നടത്തുന്നത് പതിവാണ്. യുഎൻഎച്ച്‌സിആറിന്റെ ജനുവരിയിലെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം 3,500 ലധികം റോഹിങ്ക്യക്കാരാണ് ആൻഡമാൻ കടൽ വഴിയും ബംഗാൾ ഉൾക്കടൽ വഴിയും രാജ്യംവിട്ടത്. 2021ൽ 2800 പേരായിരുന്നു ഇപ്രകാരം യാത്രപോയത്.

ഹ്യൂമൻ റൈറ്റ്‌സ് വാച്ചിന്റെ കണക്കുകൾ പ്രകാരം കഴിഞ്ഞ വർഷം മാത്രം ഈ യാത്രക്കിടയിൽ 350 ഓളം പേരെ കടലിൽ മരിക്കുകയോ കാണാതാവുകയോ ചെയ്തു. ഡിസംബറിൽ 180 റോഹിങ്ക്യൻ അഭയാർത്ഥികൾ ആൻഡമാൻ കടലിൽ ബോട്ട് തകർന്ന് മരണപ്പെട്ടിരുന്നു.

വംശീയവിവേചനത്തിനിരയായാണ് ഇപ്പോഴും റാഖൈനിലെ റോഹിങ്ക്യകൾ കഴിയുന്നതെന്ന് ആംനസ്റ്റി ഇന്റർനാഷണൽ ചൂണ്ടിക്കാട്ടുന്നു. ഇക്കഴിഞ്ഞ മേയിൽ സംസ്ഥാനത്ത് ചുഴലിക്കാറ്റ് ആഞ്ഞടിച്ചപ്പോൾ, റോഹിങ്ക്യൻ ദുരിതബാധിതർക്ക് സഹായം എത്തിക്കാനുള്ള അന്താരാഷ്ട്ര ശ്രമങ്ങളെ മ്യാൻമറിലെ സൈനിക ഭരണകൂടം തടഞ്ഞിരുന്നു.

Tags:    
News Summary - At least 17 people dead after boat carrying Rohingya refugees capsizes off coast of Myanmar

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.