ഹൂതി കേന്ദ്രങ്ങള്‍ക്കുനേരെ അമേരിക്കന്‍ ആക്രമണം

സന്‍ആ: യമനിലെ വിമതവിഭാഗമായ ഹൂതികളുടെ മൂന്ന് റഡാര്‍ സംവിധാനങ്ങള്‍ക്കുനേരെ അമേരിക്ക മിസൈലാക്രമണം നടത്തി. യു.എസ് നാവികസേനയുടെ കപ്പലിനുനേരെ നടന്ന ആക്രമണത്തിന് തിരിച്ചടി നല്‍കുകയായിരുന്നെന്നാണ് അമേരിക്കയുടെ വാദം.
യമന്‍ സംഘര്‍ഷം ആരംഭിച്ചതിനുശേഷം ഹൂതികള്‍ക്കുനേരെ അമേരിക്ക നേരിട്ട് നടത്തുന്ന ആദ്യ ആക്രമണമാണ് വ്യാഴാഴ്ച നടന്നതെന്നാണ് വിലയിരുത്തപ്പെടുന്നത്.
പ്രസിഡന്‍റ് ബറാക് ഒബാമയുടെ നിര്‍ദേശപ്രകാരമാണ് നടപടി സ്വീകരിച്ചത്. കഴിഞ്ഞ ഞായറാഴ്ചക്കുശേഷം മൂന്നു പ്രാവശ്യം തങ്ങളുടെ കപ്പലുകള്‍ക്കുനേരെ ആക്രമണം നടന്നതായി പെന്‍റഗണ്‍ വ്യക്തമാക്കി.
ഇതിന് സഹായകമാകുന്ന റഡാറുകള്‍ തകര്‍ക്കുക എന്ന ഉദ്ദേശ്യത്തോടെയാണ് പുതിയ നീക്കമെന്നും അറിയിച്ചിട്ടുണ്ട്. ആക്രമണം നടത്തിയ പ്രദേശങ്ങള്‍ ജനവാസം കുറഞ്ഞ സ്ഥലങ്ങളാണെന്നും അതിനാല്‍ സിവിലിയന്മാര്‍ കൊല്ലപ്പെടാന്‍ സാധ്യത കുറവാണെന്നും യു.എസ് അധികൃതര്‍ അറിയിച്ചു. തീരദേശപ്രദേശങ്ങളിലാണ് ബോംബാക്രമണം നടന്നിരിക്കുന്നത്.
അതേസമയം, അമേരിക്കന്‍ കപ്പലുകള്‍ക്കുനേരെ ആക്രമണം നടത്തിയതായ ആരോപണം ഹൂതി വൃത്തങ്ങള്‍ നിഷേധിച്ചിട്ടുണ്ട്.
ആരോപണം അടിസ്ഥാനരഹിതമാണെന്ന് ഹൂതി സൈനികവൃത്തങ്ങളെ ഉദ്ധരിച്ച് മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. ലോകത്തെ ഏറ്റവും തിരക്കേറിയ കപ്പല്‍റൂട്ടുകളിലൊന്നായ യമന്‍തീരത്തെ ആക്രമണങ്ങള്‍ സമുദ്രഗതാഗതത്തെ ബാധിക്കാനുള്ള സാധ്യതയേറെയാണ്.
Tags:    
News Summary - US Carries Out Strikes Against Yemen's Rebels

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.