ഇസ്ലാമാബാദ്: പാക് സെനറ്റ് ഡെപ്യൂട്ടി ചെയർമാൻ അബ്ദുൽ ഗഫൂർ ഹൈദരി സഞ്ചരിച്ച വാഹന വ്യൂഹത്തിനു നേരെയുണ്ടായ ചാവേർ സ്ഫോടനത്തിൽ 25 പേർ കൊല്ലപ്പെട്ടു. ഹൈദരിയുൾപ്പെടെ 42 പേർക്ക് പരിക്കേറ്റിട്ടുണ്ട്. ഇവരിൽ 10 പേരുടെ നില അതിഗുരുതരമാണ്. ആക്രമണത്തിെൻറ ഉത്തരവാദിത്തം െഎ.എസ് ഏറ്റെടുത്തു.
സംഘർഷബാധിതമായ ബലൂചിസ്താൻ പ്രവിശ്യയിലെ മസ്തൂങ്ങിൽ മതപഠനശാലയിൽനിന്ന് വെള്ളിയാഴ്ച പ്രാർഥന കഴിഞ്ഞ് പുറത്തിറങ്ങിയ സംഘമാണ് ആക്രമിക്കപ്പെട്ടത്. സ്ഥാപനത്തിൽ ബിരുദദാന ചടങ്ങിനെത്തിയതായിരുന്നു ഹൈദരി. സർട്ടിഫിക്കറ്റ് വിതരണം കഴിഞ്ഞ് ഭക്ഷണത്തിനായി പുറത്തിറങ്ങിയ സമയത്താണ് ചാവേർ പൊട്ടിത്തെറിച്ചത്.
ഹൈദരിയുടെ ഡ്രൈവറുൾപ്പെടെ മൂന്നു ജീവനക്കാർ കൊല്ലപ്പെട്ടിട്ടുണ്ട്. പാർലമെൻറ് ഉന്നത സഭ ഡെപ്യൂട്ടി ചെയർമാനെ ലക്ഷ്യമിട്ടുള്ള ചാവേർ ആക്രമണമാണിതെന്ന് സംശയിക്കുന്നതായി പൊലീസ് അറിയിച്ചു. നവാസ് ശരീഫ് നേതൃത്വം നൽകുന്ന സഖ്യ സർക്കാറിൽ അംഗമായ ജംഇയ്യതുൽ ഉലമായെ ഇസ്ലാം ഫസലുർ റഹ്മാൻ ഗ്രൂപ് നേതാവാണ് ഹൈദരി. കൊല്ലപ്പെട്ടവരേറെയും ഇൗ കക്ഷിയുടെ അനുഭാവികളാണ്.തനിക്കും നേരിയ പരിക്കേറ്റതായി സംഭവത്തിനു ശേഷം മാധ്യമപ്രവർത്തകരെ കണ്ട ഹൈദരി പറഞ്ഞു. വിദഗ്ധ ചികിത്സക്കായി അദ്ദേഹത്തെ ക്വറ്റയിലെ സൈനിക ആശുപത്രിയിലേക്കു മാറ്റിയിട്ടുണ്ട്. വാഹനത്തിെൻറ ചില്ലു തെറിച്ചാണ് പരിക്കേറ്റത്.
മേഖലയിൽ പ്രാദേശിക, ദേശീയ കക്ഷികളുമായി സഹകരിച്ച് പുതിയ സർക്കാർ രൂപവത്കരിക്കുമെന്ന് കഴിഞ്ഞ ദിവസം ഹൈദരി പ്രഖ്യാപിച്ചിരുന്നു. ഇതിനുപിന്നാലെയാണ് ആക്രമണം. പ്രകൃതിവാതക സമ്പന്നമായ ബലൂചിസ്താനിൽ വിഘടന വിഭാഗങ്ങളും താലിബാൻ ഉൾപ്പെടെ സംഘടനകളും സജീവമാണ്.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.