തായ്വാന്‍ പ്രസിഡന്‍റിന്‍െറ പര്യടനത്തെ ചൊല്ലി ചൈന-യു.എസ് അസ്വാരസ്യം

ബെയ്ജിങ്: അടുത്തമാസം അമേരിക്ക സന്ദര്‍ശിക്കാനുള്ള തായ് വാന്‍ പ്രസിഡന്‍റ് ത്സായ് ഇങ്വെന്‍റിന്‍െറ നീക്കത്തില്‍ കടുത്ത പ്രതിഷേധവുമായി ചൈനീസ് അധികൃതര്‍. തായ്വാനെ സ്വതന്ത്ര രാജ്യമായി അംഗീകരിക്കാതെ സ്വന്തം പ്രവിശ്യയായി കണക്കാക്കുന്ന ചൈന, ത്സായിക്ക് സന്ദര്‍ശനാനുമതി നല്‍കരുതെന്ന് വാഷിങ്ടണോട് ആവശ്യപ്പെട്ടു.നികരാഗ്വ, ഗ്വാട്ടമാല, എല്‍സാല്‍വഡോര്‍ എന്നീ മധ്യ അമേരിക്കന്‍ രാജ്യങ്ങളിലേക്കുള്ള യാത്രാമധ്യേ ഒരു ദിവസം ന്യൂയോര്‍ക് സന്ദര്‍ശിക്കുമെന്നാണ് തായ്വാന്‍െറ പ്രഥമ വനിതാ പ്രസിഡന്‍റായ ത്സായിയുടെ പ്രഖ്യാപനം. കഴിഞ്ഞയാഴ്ച നിയുക്ത യു.എസ് പ്രസിഡന്‍റ് ഡോണള്‍ഡ് ട്രംപ് ത്സായിയുമായി നടത്തിയ ടെലിഫോണ്‍ സംഭാഷണവും ചൈനയെ ചൊടിപ്പിച്ചിരുന്നു.

തായ്വാന്‍ സ്വതന്ത്ര രാഷ്ട്രമാണെന്ന തോന്നലുണ്ടാക്കുന്ന സൂചനകളൊന്നും അമേരിക്ക നല്‍കില്ളെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ചൈനീസ് വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി.ന്യൂയോര്‍ക്കില്‍ ട്രംപുമായി തായ്വാനീസ് പ്രസിഡന്‍റ് കൂടിക്കാഴ്ച നടത്തുമെന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ചൈനീസ് നിലപാടിനെതിരെ അമേരിക്കന്‍ സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് രംഗത്തുവന്നു. തായ്വാന്‍ നേതാക്കള്‍ അമേരിക്കയിലൂടെ കടന്നുപോകുന്നതില്‍ അസ്വാഭാവികതയില്ളെന്നും തായ് വാനുമായി അമേരിക്ക ദീര്‍ഘകാലമായി അനൗദ്യോഗിക സമ്പര്‍ക്കം പുലര്‍ത്തുകയാണെന്നും സ്റ്റേറ്റ് ഡിപ്പാര്‍ട്മെന്‍റ് വക്താവ് അറിയിച്ചു.

ട്രംപ്-ത്സായ് സംഭാഷണത്തിന് അവസരമൊരുക്കിയതിനു പിന്നില്‍ റിപ്പബ്ളിക്കന്‍ നേതാവും ലോബിയിസ്റ്റുമായ ബോബ് ഡോള്‍ നേതൃത്വം നല്‍കുന്ന ആള്‍സ്റ്റണ്‍ ആന്‍ഡ് ബേഡ് അഭിഭാഷകവേദിയാണെന്ന് ന്യൂയോര്‍ക് ടൈംസ് റിപ്പോര്‍ട്ട് ചെയ്തു. ലോബിയിങ്ങിനുവേണ്ടി ഈ സ്ഥാപനം തായ്വാന്‍ അധികൃതരില്‍നിന്ന് ഒന്നരലക്ഷത്തോളം ഡോളര്‍ കൈപ്പറ്റിയതായും ന്യൂയോര്‍ക് ടൈംസ് പറയുന്നു.

Tags:    
News Summary - Taiwans first female president Tsai Ing-wen

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.