അലപ്പോയില്‍ റഷ്യയുടെ താല്‍ക്കാലിക വെടിനിര്‍ത്തല്‍

ഡമസ്കസ്: വടക്കന്‍ സിറിയയിലെ അലപ്പോയില്‍ റഷ്യ താല്‍ക്കാലിക വെടിനിര്‍ത്തല്‍ പ്രഖ്യാപിച്ചു. വ്യാഴാഴ്ച രാവിലെ എട്ടു മുതല്‍ വൈകീട്ട് നാലുവരെയാണ് വെടിനിര്‍ത്തല്‍. ഉപരോധഗ്രാമത്തില്‍നിന്ന് ആളുകളെ മാറ്റാനും അനുവദിച്ചിട്ടുണ്ട്.    മാനുഷിക പരിഗണന കണക്കിലെടുത്താണ് വ്യോമാക്രമണം താല്‍കാലികമായി നിര്‍ത്തിവെക്കുന്നതെന്ന് റഷ്യ വ്യക്തമാക്കി.

ചൊവ്വാഴ്ച രാവിലെയാണ് ആക്രമണം നിര്‍ത്തിവെക്കുന്നതായി റഷ്യ പ്രഖ്യാപിച്ചത്. കിഴക്കന്‍ അലപ്പോയില്‍ കഴിഞ്ഞ ദിവസം നടന്ന ആക്രമണത്തില്‍ ദമ്പതികളും മൂന്നു മക്കളുമുള്‍പ്പെടെ 36 പേര്‍ കൊല്ലപ്പെട്ട സംഭവത്തെ തുടര്‍ന്നാണിത്. അടുത്തിടെയുണ്ടായ ആക്രമണങ്ങളില്‍ 430 പേര്‍ കൊല്ലപ്പെട്ടതായി ബ്രിട്ടന്‍ ആസ്ഥാനമായുള്ള മനുഷ്യാവകാശ നിരീക്ഷണ സംഘങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു.

റഷ്യയുടെ താല്‍കാലിക വെടിനിര്‍ത്തലിനെ സ്വാഗതം ചെയ്ത യു.എന്‍ എന്നാല്‍, ഉപരോധ മേഖലകളില്‍നിന്ന് ആളുകളെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റാന്‍ ചുരുങ്ങിയത് 12 മണിക്കൂറെങ്കിലും വേണമെന്ന് ചൂണ്ടിക്കാട്ടി. 

യമനില്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് യു.എന്‍ ആഹ്വാനം

 യമനില്‍ ബുധനാഴ്ച രാത്രി മുതല്‍ 72 മണിക്കൂര്‍ വെടിനിര്‍ത്തലിന് യു.എന്‍ ആഹ്വാനം ചെയ്തു. നിര്‍ദേശം രാജ്യത്തെ എല്ലാ കക്ഷികളും അംഗീകരിച്ച് യു.എന്‍ പ്രതിനിധി ഇസ്മാഈല്‍ ഒൗല്‍ദ് ശൈഖ് അഹ്മദിന് സന്ദേശം കൈമാറിയതായി യു.എന്‍ പ്രസ്താവനയില്‍ പറഞ്ഞു. ഇതിനുമുമ്പ് ഏപ്രിലിലാണ് യമനില്‍ വെടിനിര്‍ത്തല്‍ പ്രാബല്യത്തില്‍ വന്നത്.

ബുധനാഴ്ച മുതല്‍ തുടങ്ങുന്ന വെടിനിര്‍ത്തല്‍  ദീര്‍ഘിപ്പിക്കാന്‍ സാധ്യതയുണ്ടെന്നും യു.എന്‍ പറഞ്ഞു. രാജ്യത്തെ വലുപ്പത്തില്‍ മൂന്നാമത്തെ നഗരമായ തഇസിലെ ഉപരോധം പിന്‍വലിച്ചാല്‍ വെടിനിര്‍ത്തലിന് തങ്ങള്‍ ഒരുക്കമാണെന്നാണ് ഒൗദ്യോഗിക സര്‍ക്കാര്‍ അറിയിച്ചത്. ഇറാന്‍ പിന്തുണയുള്ള ഹൂതി വിമതരും സഖ്യകക്ഷികളും തഇസ് നഗരത്തിന് ചുറ്റും ഉപരോധം ഏര്‍പ്പെടുത്തിയിരിക്കുകയാണ്.

നഗരം തിരിച്ചുപിടിക്കാനുള്ള അബ്ദുറബ്ബ് മന്‍സൂര്‍ ഹാദി സര്‍ക്കാറിന്‍െറ ശ്രമം വിജയിച്ചിട്ടില്ല. ഈ പശ്ചാത്തലത്തില്‍ വെടിനിര്‍ത്തല്‍ പ്രഖ്യാപനത്തിന് യു.എസ്, ബ്രിട്ടന്‍ എന്നിവര്‍ ഹൂതികളോട് ഞായറാഴ്ച ആഹ്വാനം ചെയ്തിരുന്നു. ലണ്ടനില്‍, യു.എസ് സ്റ്റേറ്റ് സെക്രട്ടറി യമന്‍, സൗദി വിദേശകാര്യ മന്ത്രി ആദില്‍ അല്‍ജുബൈര്‍, യു.എ.ഇ പ്രതിനിധി എന്നിവരുമായി നടത്തിയ ചര്‍ച്ചക്കൊടുവിലാണ് ആഹ്വാനമുണ്ടായത്. ഇതിനു തുടര്‍ച്ചയായാണ് ചൊവ്വാഴ്ച യു.എന്‍ ആഹ്വാനം വന്നിരിക്കുന്നത്.

2014 സെപ്റ്റംബറില്‍ മുന്‍ പ്രസിഡന്‍റ് അലി അബ്ദുല്ല സാലിഹിനെ പിന്തുണക്കുന്ന ഹൂതികള്‍ തലസ്ഥാനമായ സന്‍ആ പിടിച്ചടക്കിയതിനെ തുടര്‍ന്നാണ് രാജ്യത്ത് ആഭ്യന്തര സംഘര്‍ഷം തുടങ്ങിയത്. 2015 മാര്‍ച്ച് മുതല്‍ സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന ഇടപെട്ടതോടെ സംഘര്‍ഷം രൂക്ഷമായി.

Tags:    
News Summary - syrian conflict

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.