തെഹ്റാൻ: ഇറാനുമായുള്ള ആണവകരാറിൽനിന്ന് പിൻവാങ്ങുകയാണെങ്കിൽ അമേരിക്ക പശ്ചാത്തപിക്കേണ്ടിവരുമെന്ന് പ്രസിഡൻറ് ഹസൻ റൂഹാനി. അങ്ങനെ സംഭവിക്കുകയാണെങ്കിൽ ഒരാഴ്ചക്കകം ഇറാൻ പ്രതികരിക്കുമെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി. തങ്ങളൊരിക്കലും കരാറിൽനിന്ന് ആദ്യം പിൻവാങ്ങില്ലെന്നും അമേരിക്ക അതിന് തുനിയുകയാണെങ്കിൽ പശ്ചാത്തപിക്കേണ്ടിവരുമെന്നും റൂഹാനി പറഞ്ഞു. ദേശീയ ആണവ സാേങ്കതിക ദിനാചരണത്തോടനുബന്ധിച്ച സമ്മേളനത്തിൽ സംസാരിക്കുകയായിരുന്നു ഇറാൻ പ്രസിഡൻറ്.
‘‘അവർ കരുതുന്നതിനെക്കാൾ തയാറെടുപ്പ് നടത്തിയിട്ടുണ്ട് ഞങ്ങൾ. അവർ കരാറിൽനിന്ന് പിൻവാങ്ങുകയാണെങ്കിൽ ഒരാഴ്ചക്കകം അതിെൻറ പ്രതികരണം ഇറാെൻറ ഭാഗത്തുനിന്നുണ്ടാവും’’ -റൂഹാനി പറഞ്ഞു.
മേയ് 12നകം ഇറാൻ തങ്ങളുടെ ആണവ, മിസൈൽ പദ്ധതികളിൽ കൂടുതൽ നിയന്ത്രണമേർപ്പെടുത്തിയില്ലെങ്കിൽ ആണവകരാറിൽനിന്ന് ഏകപക്ഷീയമായി പിന്മാറുമെന്ന് അമേരിക്കൻ പ്രസിഡൻറ് ഡോണൾഡ് ട്രംപ് ആവർത്തിച്ച് മുന്നറിയിപ്പ് നൽകിയിരുന്നു. എന്നാൽ, ഇത് റൂഹാനി തള്ളി. ‘‘15 മാസം മുമ്പ് അധികാരത്തിലേറിയതുമുതൽ അദ്ദേഹം പറയുന്നതാണിത്. അദ്ദേഹത്തിെൻറ പെരുമാറ്റത്തിലും അഭിപ്രായങ്ങളിലും ഏറെ ഏറ്റക്കുറച്ചിലുകളുണ്ട്. അത് കാര്യമാക്കേണ്ടതില്ല’’ -റൂഹാനി പറഞ്ഞു. അമേരിക്കക്ക് മാത്രമാണ് ആണവകരാറിെൻറ കാര്യത്തിൽ ഇറാനുമേൽ സംശയമെന്നും കരാറിലെ മറ്റ് അംഗങ്ങളായ ബ്രിട്ടൻ, ജർമനി, ഫ്രാൻസ്, ചൈന, റഷ്യ, യൂറോപ്യൻ യൂനിയൻ എന്നിവക്കും അന്താരാഷ്ട്ര ആണവോർജ ഏജൻസിക്കുമെല്ലാം ഇറാനെ വിശ്വാസമാണെന്നും കരാറിലെ നിബന്ധനകൾ ഇറാൻ പാലിക്കുന്നുണ്ടെന്ന കാര്യം അവർക്കെല്ലാം അറിയാമെന്നും റൂഹാനി ചൂണ്ടിക്കാട്ടി. അമേരിക്ക കരാറിൽനിന്ന് പിൻവാങ്ങുകയാണെങ്കിൽ അവരാണ് അതിൽ ആത്മാർഥത കാണിക്കാതിരിക്കുന്നത് എന്നാണ് ലോകം മനസ്സിലാക്കുകയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.