തെഹ്റാന്‍: ആധുനിക ഇറാന്‍െറ ചരിത്രത്തിലെ അനിതരസാധാരണ വ്യക്തിത്വമായിരുന്നു ഞായറാഴ്ച അന്തരിച്ച അക്ബര്‍ ഹാശിമി റഫ്സഞ്ചാനി. ആസന്നമായ പ്രസിഡന്‍റ് തെരഞ്ഞെടുപ്പില്‍ മിതവാദികളെ അനാഥത്വത്തിലേക്ക് തള്ളിവിട്ടാണ് അദ്ദേഹം കടന്നുപോയത്. റഫ്സഞ്ചാനിയുടെ അഭാവത്തില്‍ അടുത്ത തെരഞ്ഞെടുപ്പില്‍ എങ്ങനെ വിജയിക്കാമെന്നതാണ് പരിഷ്കരണവാദികളുടെയും മിതവാദികളുടെയും മുന്നിലുള്ള പ്രധാന കടമ്പ. 2013ല്‍ പാരമ്പര്യവാദികളെ പരാജയപ്പെടുത്തി ഹസന്‍ റൂഹാനി ഇറാന്‍ പ്രസിഡന്‍റായി തെരഞ്ഞെടുക്കപ്പെട്ട അവസരത്തില്‍ ‘ഇനി തനിക്ക് സമാധാനത്തോടെ കണ്ണടക്കാ’മെന്ന് അദ്ദേഹം പറയുകയുണ്ടായി. റഫ്സഞ്ചാനിയുടെ അഹോരാത്ര പരിശ്രമഫലമായിരുന്നു റൂഹാനിയുടെ വിജയം. ആ വിടവ് ഇറാന്‍ രാഷ്ട്രീയരംഗത്ത് ചെറുതും വലുതുമായ മാറ്റങ്ങള്‍ക്കിടയാക്കുമെന്ന് നിരീക്ഷകരുടെ വിലയിരുത്തലുകളുണ്ട്. മേയില്‍ നടക്കുന്ന തെരഞ്ഞെടുപ്പില്‍ റൂഹാനിക്ക് വഴികാട്ടാന്‍ ഇനി ആര് എന്നതാണ് മരണവാര്‍ത്ത കേട്ടതുമുതല്‍ ഉയര്‍ന്ന ചോദ്യം.
രാഷ്ട്രീയത്തിലെ വളര്‍ച്ച ഒരിക്കലും അദ്ദേഹത്തിന്‍െറ യശസ്സിന് വിലങ്ങായില്ല. അധികാരത്തില്‍നിന്ന് താഴെയിറങ്ങിയിട്ടും രാഷ്ട്രീയ പ്രഭാവം അന്യമായതുമില്ല.1979ലെ ഇസ്ലാമിക വിപ്ളവത്തിന്‍െറ നേതൃനിരയിലുണ്ടായിരുന്ന അദ്ദേഹം പിന്നീട് പരമോന്നത ആത്മീയ നേതാവും റെവലൂഷനറി കൗണ്‍സില്‍ മുതിര്‍ന്ന അംഗവുമായ ആയത്തുല്ല ഖാംനഈയുമായി കൈകോര്‍ക്കുന്നതും ലോകം കണ്ടു. രാഷ്ട്രീയ ഗോദയിലെ സംഘര്‍ഷങ്ങള്‍ പരിഹരിക്കുന്നതിന് എന്നും അദ്ദേഹം മുന്നിലുണ്ടായിരുന്നു. പരിഷ്കരണവാദികളും പാരമ്പര്യവാദികളും തമ്മിലുള്ള തര്‍ക്കങ്ങളില്‍ പലപ്പോഴും അദ്ദേഹം മാധ്യസ്ഥ്യ ം വഹിച്ചു. അദ്ദേഹം വെച്ചുപുലര്‍ത്തിയ പ്രായോഗികവാദവും പരിഷ്കരണവാദങ്ങളില്‍ കാണിച്ച മിതത്വവുമാണ് അതിന് അദ്ദേഹത്തെ പ്രാപ്തനാക്കിയത്.
നിരവധി തവണ വധശ്രമങ്ങളില്‍നിന്ന് രക്ഷപ്പെട്ടു റഫ്സഞ്ചാനി. 1979ല്‍ ഒരു ആക്രമണത്തിനിടെ അദ്ദേഹത്തിന് ഗുരുതരമായി പരിക്കേറ്റു.
ഇറാഖുമായുള്ള യുദ്ധത്തിനുശേഷം ഇറാനെ ബഹുമുഖരാജ്യമായി കെട്ടിപ്പടുക്കുന്നതില്‍ അദ്ദേഹം മുന്നില്‍നിന്നു. പ്രസിഡന്‍റായിരുന്ന അവസരങ്ങളില്‍ എതിരാളികളുടെപോലും പ്രശംസ ഏറ്റുവാങ്ങി. അറബ് രാജ്യങ്ങളുമായി, വിശേഷിച്ച് സൗദി അറേബ്യയുമായി സഹകരണബന്ധം പുലര്‍ത്താന്‍ അദ്ദേഹം ശ്രദ്ധിച്ചിരുന്നു. പാശ്ചാത്യരാജ്യങ്ങളുമായി ഒപ്പുവെച്ച ഇറാന്‍െറ ആണവകരാറിനു കാരണക്കാരനും ഇദ്ദേഹംതന്നെ. റഫ്സഞ്ചാനിയുടെ വിദേശനയങ്ങള്‍ സത്തചോരാതെ റൂഹാനി പിന്തുടരുകയായിരുന്നെന്ന് ഒരര്‍ഥത്തില്‍ പറയാം.
ഇറാനിലെ സാംസ്കാരിക സമൂഹവും റഹ്സഞ്ചാനിയോടു കടപ്പെട്ടിരിക്കുന്നു. വിപ്ളവത്തിനുശേഷം രാജ്യത്തുണ്ടായ സിനിമകളുടെ വിജയത്തില്‍ കലാരംഗത്തെ പ്രതിഭകള്‍ക്ക് അദ്ദേഹം നല്‍കിയ സ്വാതന്ത്ര്യവും പിന്തുണയും നിര്‍ണായകമായി.
രാഷ്ട്രീയത്തിന്‍െറയും വിപ്ളവത്തിന്‍െറയും അതികായനും സംയമനത്തിന്‍െറ പര്യായവുമായിരുന്ന വലിയ മനുഷ്യന്‍ സ്വര്‍ഗത്തിലേക്ക് മടങ്ങിയെന്നാണ് റൂഹാനി അനുശോചിച്ചത്. തീവ്രതയെ ക്ഷമകൊണ്ട് ചെറുത്ത അദ്ദേഹത്തെ മുന്‍ പരിഷ്കര്‍ത്താക്കളായ ആമിര്‍ കബീറിനെയും മുഹമ്മദ് മുസദ്ദിഖിനെയുംപോലെ ചരിത്രം രേഖപ്പെടുത്തുമെന്ന് തെഹ്റാന്‍ യൂനിവേഴ്സിറ്റി പ്രഫസര്‍ സാദിഖ് സിബാകലാം അനുസ്മരിച്ചു. 2005ല്‍ മഹ്മൂദ് അഹ്മദി നെജാദിനോട് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടശേഷമുള്ള അടുത്ത എട്ടുവര്‍ഷം നെജാദിന്‍െറ കടുത്ത വിമര്‍ശകനായിരുന്നു റഫ്സഞ്ചാനി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.