ഇസ്ലാമാബാദ്: യു.എസ് റദ്ദാക്കിയ 30 കോടി ഡോളർ സഹായധനമല്ല, ഭീകരതക്കെതിരായ പോര ാട്ടത്തിൽ ചെലവാക്കിയ പണം തിരിച്ചുകൊടുക്കലാണെന്ന് പാക് വിദേശകാര്യമന്ത്രാലയം. ഭീകരതക്കെതിരായ പോരാട്ടത്തിൽ ചെലവഴിച്ച ഇനത്തിൽ വർഷങ്ങളായി ഇത്തരത്തിൽ പണം ലഭിക്കുന്നുണ്ടെന്നും പാകിസ്താൻ ചൂണ്ടിക്കാട്ടി.
ഇക്കഴിഞ്ഞ ജനുവരിയിൽ സുരക്ഷ സഹായധനമായി വകയിരുത്തിയ 110 കോടിയിലേറെ ഡോളർ യു.എസ് പ്രസിഡൻറ് ഡോണൾഡ് ട്രംപ് റദ്ദാക്കിയതു മുതൽ ഇരു രാജ്യങ്ങളുംതമ്മിലുള്ള ബന്ധം വഷളായിരുന്നു. അഫ്ഗാനിസ്താനെ നിരന്തരം ആക്രമിക്കുന്ന ഭീകരസംഘടനകൾക്കെതിരെ പാകിസ്താൻ നടപടിയെടുക്കുന്നില്ല എന്നു ചൂണ്ടിക്കാട്ടിയാണ് യു.എസ് സഹായം റദ്ദാക്കാൻ തീരുമാനിച്ചത്.
എന്നാൽ, ആരോപണം നിഷേധിച്ച പാകിസ്താൻ സ്വന്തം മണ്ണിൽ ഭീകരസംഘടനകൾക്ക് താവളെമാരുക്കാൻ അവസരം നൽകിയിട്ടില്ലെന്നും വ്യക്തമാക്കി. വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോയുടെ പാക് സന്ദർശനത്തോടെ ഇരുരാജ്യങ്ങളും തമ്മിലുള്ള ബന്ധം മെച്ചപ്പെടുമെന്ന വിശ്വാസത്തിലാണ് വിദേശകാര്യ മന്ത്രി ഷാ മഹ്മൂദ് ഖുറൈശി.
ഫണ്ട് റദ്ദാക്കിയത് സംബന്ധിച്ച് തങ്ങളുടെ വാദങ്ങൾ പോംപിയോയെ ധരിപ്പിക്കുമെന്നും അദ്ദേഹം പറഞ്ഞു. ബുധനാഴ്ച പാകിസ്താനിലെത്തുന്ന പോംപിയോ പ്രധാനമന്ത്രി ഇംറാൻ ഖാൻ, സൈനിക മേധാവി ജന. ഖമർ ജാവേദ് ബാജ്വ എന്നിവരുമായി കൂടിക്കാഴ്ച നടത്തും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.