ഗസ്സ സിറ്റി: കടൽ വഴി ഇസ്രായേലിലേക്ക് നുഴഞ്ഞുകയറ്റം തടയാെനന്ന പേരിൽ ഗസ്സ കടലിലും ഇസ്രായേൽ ഭിത്തി പണിയുന്നു. ഗസ്സയുടെ ഉത്തര മേഖലയായ സികിം തീരത്ത് സമുദ്രാന്തര ഭിത്തിയുടെ നിർമാണം ആരംഭിച്ചിട്ടുണ്ട്. ഇൗ വർഷാവസാനത്തോടെ നിർമാണം പൂർത്തിയാക്കാനാണ് പദ്ധതി.
മൂന്നു പാളികളായാണ് ഭിത്തി ഒരുക്കുന്നത്. വെള്ളത്തിനടിയിൽ അടിത്തറ ഉറപ്പിച്ച് കല്ലുകൊണ്ട് മുകളറ്റം വരെ പണിത് വെള്ളത്തിനു മുകളിൽ കമ്പിവേലികൊണ്ട് അടയാളപ്പെടുത്തുകയാണ് പദ്ധതി. ഒരിക്കലും ഭേദിക്കാനാവാത്തതെന്ന അവകാശവാദത്തോടെയാണ് ഭിത്തിനിർമാണം.
ലോകത്ത് ആദ്യമായാണ് ഇത്തരം പദ്ധതിയെന്ന് പ്രതിരോധ മന്ത്രി അവിഗ്ദർ ലീബർമാൻ പറഞ്ഞു. 2014ലാണ് കടലിലും ഗസ്സയെ ഒറ്റപ്പെടുത്തി ഭിത്തിനിർമാണത്തിന് ഇസ്രായേൽ തീരുമാനമെടുത്തത്. ഗസ്സ അതിർത്തിയിൽ കരയിലും ഭൂഗർഭ ഭിത്തി നിർമാണം പുരോഗമിക്കുകയാണ്.
തുരങ്കങ്ങൾ തീർത്ത് രഹസ്യമായി അതിർത്തികടന്ന് ഇസ്രായേലിൽ ആക്രമണം നടത്തുന്നത് തടയാനെന്ന പേരിൽ കഴിഞ്ഞ വർഷമാണ് ഭൂഗർഭ ഭിത്തി പ്രഖ്യാപിക്കുന്നത്. ഉപരിതലത്തിൽ നിന്ന് മീറ്ററുകളോളം താഴ്ചയിൽ കോൺക്രീറ്റ് ചെയ്താണ് നിർമാണം. ഉപരിതലത്തിൽ ആറുമീറ്ററോളം ഉയരത്തിലും ഭിത്തിയുണ്ടാകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.